ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്ലിന്റെ ഒരു സീസണില്‍ രണ്ടു തവണ തോല്‍പ്പിക്കുകയെന്നത് എല്ലാ ക്യാപ്റ്റന്‍മാരെക്കൊണ്ടും സാധിക്കുന്ന കാര്യമല്ല. ഇവിടെയാണ് ഇന്ത്യന്‍ ടീമിലെ സ്ഥിരം താരം പോലുമല്ലാത്ത സഞ്ജു സാംസണിന്റെ നേതൃമികവിന് നമ്മള്‍ കൈയടിക്കേണ്ടത്. കരിയറിലെ അവസാനത്തെ ഐപിഎല്‍ സീസണില്‍ രണ്ടു തവണയും സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ ധോണിക്ക് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്.
സഞ്ജുവിനെ സംബന്ധിച്ച് തന്റെ ആരാധനാപാത്രം കൂടിയായ ധോണിക്കെതിരേ നേടിയ ഈ ഇരട്ടവിജയം കരിയറില്‍ എക്കാലവും ഓര്‍മിക്കാവുന്ന പൊന്‍തൂവല്‍ തന്നെയായിരിക്കും. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 32 റണ്‍സിനായിരുന്നു സിഎസ്‌കെയെ റോയല്‍സ് മലര്‍ത്തിയടിച്ചത്. നേരത്തേ സിഎസ്‌കെയുടെ പൊന്നാപുരംകോട്ടയായ ചെപ്പോക്കിലും സഞ്ജുവും സംഘവും വിജയക്കൊടി നാട്ടിയിരുന്നു.

തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കു ശേഷമായിന്നു ചെന്നൈയ്‌ക്കെതിരായ ഗംഭീര വിജയത്തോടെ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സംസണെടുത്ത വലിയ റിസ്‌കുള്ള തന്ത്രമാണ് മല്‍സരത്തില്‍ റോയല്‍സിനു വിജയം കൊണ്ടുവന്നത്. ഇതൊന്നു പാളിയിരുന്നെങ്കില്‍ റോയല്‍സ് തോല്‍ക്കുകയും സഞ്ജു പ്രതിക്കൂട്ടിലുമാവുമായിരുന്നു. പക്ഷെ റിസ്‌കെടുക്കാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റം റോയല്‍സിന് അവിസ്മരണീയ വിജയം സമ്മാനിച്ചു.
റോയല്‍സിന്റെ ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയം വലിയ ടോട്ടലുകള്‍ക്കു പേരുകേട്ട സ്റ്റേഡിയമല്ല. നേരത്തേ ഒരു ടീം പോലും ഇവിടെ 200 റണ്‍സിന് മുകളില്‍ നേടിയിട്ടില്ല. അതുകൊണ്ടു തന്നെ ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഏതൊരു ക്യാപ്റ്റനും ഭയപ്പെടും.
പക്ഷെ സഞ്ജുവിന് അതില്ലായിരുന്നു. ചെന്നൈയ്‌ക്കെതിരേ ടോസ് അനുകൂലമായപ്പോള്‍ ആദ്യം ബാറ്റ് ചെയ്യുകയെന്ന വലിയ റിസ്‌ക്ക് അദ്ദേഹം ഏറ്റെടുത്തു. പലരും സഞ്ജുവിന്റെ ഈ തീരുമാനത്തില്‍ സംശയവും ആശങ്കയും പ്രകടിപ്പിച്ചിരുന്നു. പക്ഷെ തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹത്തിനു നല്ല വ്യക്തതയുണ്ടായിരുന്നു. എല്ലാം സഞ്ജുവിന്റെ വഴിക്കു തന്നെ വരികയും ചെയ്തു.
മല്‍സരശേഷം സഞ്ജു തന്നെ താനെടുത്ത റിസ്‌ക്കിനെക്കുറിച്ച് തുറന്നു പറയുകയും ചെയ്തിരുന്നു. ടീമിനും ആരാധകര്‍ക്കുമെല്ലാം ഈ കളിയില്‍ വിജയം ആവശ്യമായിരുന്നു. കൂടാതെ ജയ്പൂരില്‍ ഇത്തവണ ഞങ്ങളുടെ ആദ്യത്തെ വിജയവുമാണിത്. ഞങ്ങള്‍ക്കു ഒരേ ദിശയില്‍ പോകുവാന്‍ കഴിയില്ല. ചിന്നസ്വാമിയിലോ, വാംഖഡെയിലോ ആണെങ്കില്‍ നിങ്ങള്‍ ചേസ് ചെയ്യാനായിരിക്കും ശ്രമിക്കുക. പക്ഷെ ഇവിടുത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഞാന്‍ ആദ്യം ബാറ്റ് ചെയ്യാമെന്ന തീരുമാനം ഞാന്‍ എടുക്കുകയായിരുന്നു.

ഞങ്ങള്‍ ബാറ്റ് ചെയ്തപ്പോള്‍ എല്ലാ യുവതാരങ്ങളും മുന്നോട്ടു വരികയും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. ആക്രമണോത്സുകമായ മാനസികാവസ്ഥ നല്ല മാറ്റമാണ്. കളിക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു ക്രെഡിറ്റ് അര്‍ഹിക്കുന്നത് ടീം മാനേജ്‌മെന്റും സപ്പോര്‍ട്ട് സ്റ്റാഫുമാണ്. ആര്‍ആര്‍ (രാജസ്ഥാന്‍ റോയല്‍സ്) അക്കാദമിയില്‍ ഓഫ് സീസണില്‍ യശസ്വി ജയ്‌സ്വാള്‍ ഒരുപാട് ബോളുകള്‍ നേരിട്ടത് നിങ്ങള്‍ കണ്ടിട്ടുള്ളതാണെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കിയിരുന്നു.
ബാറ്റിങ് അത്ര എളുപ്പല്ലാതിരുന്ന ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സിനു അഞ്ചു വിക്കറ്റിനു 202 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിച്ചു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം ഇവിടെ 200ന് മുകളില്‍ അടിച്ചെടുത്തത്. യശസ്വി ജയ്‌സ്വാളിന്റെ (43 ബോളില്‍ 77) വെടിക്കെട്ട് റോയല്‍സ് ഇന്നിങ്‌സിനു അടിത്തറയിടുകയായിരുന്നു.
മറുപടിയില്‍ പവര്‍പ്ലേയിലെ സ്ലോ ബാറ്റിങ് ചെന്നൈയുട വിധി തീരുമാനിച്ചു. ആറു വിക്കറ്റിനു 170 റണ്‍സെടുത്ത് അവര്‍ മല്‍സരം കൈവിടുകയായിരുന്നു. ശിവം ദുബെയും (52) റുതുരാജ് ഗെയ്ക്വാദുമായിരുന്നു (47) പ്രധാന സ്‌കോറര്‍മാര്‍.