ഐപിഎല്ലില്‍ ആരെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ള പവര്‍ഹൗസുകളായി മാറിക്കൊണ്ടിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. നേരത്തേ ഒരു ശരാശരി ടീം മാത്രമായിട്ടായിരുന്നു റോയല്‍സിനെ എല്ലാവരും പരിഗണിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ഐപിഎല്ലിലെ അതികായന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും വരെ പേടിസ്വപ്‌നമായി റോയല്‍സിന്റെ പിങ്ക് ആര്‍മി മാറിയിരിക്കുകയാണ്.
2008ലെ പ്രഥമ സീസണില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടം നേടിയതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും റോയല്‍സിന് അവകാശപ്പെടാനില്ല. ഇതിനിടെ 2016, 17 സീസണുകളില്‍ അവര്‍ക്കു വിലക്ക് കാരണം വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തു.

2021 വരെ റോയല്‍സ് പഴയ റോയല്‍സ് തന്നെയായിരുന്നു. 2021ല്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റം ക്യാപ്റ്റനായി സഞ്ജു സാംസണ്‍ നിയമിക്കപ്പെട്ടതായിരുന്നു. തൊട്ടുമുമ്പത്തെ സീസണില്‍ ടീമിന്റെ ദയനീയ പ്രകടനം കാരണം നായകസ്ഥാനത്തു നിന്നും പിന്നാലെ ടീമില്‍ നിന്നും സ്റ്റീവ് സ്മിത്ത് ഒഴിവാക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ദീര്‍ഘകാലമായി തങ്ങള്‍ക്കൊപ്പമുള്ള സഞ്ജുവിനെ നായകനായി കൊണ്ടുവന്ന് റോയല്‍സ് പുതിയൊരു സംഘത്തെ പടുത്തുയര്‍ത്തിയത്. എന്താണ് റോയല്‍സിനെ ഇത്രയും കിടിലന്‍ ടീമാക്കി തീര്‍ത്തത്? കാരണങ്ങള്‍ പരിശോധിക്കാം.
ആദ്യത്തേത് സഞ്ജു സാംസണിനെ ക്യാപ്റ്റനായി നിയമിച്ചുവെന്നതാണ്. തികച്ചും സര്‍പ്രൈസ് നീക്കം തന്നെയായിരുന്നു ഇത്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ ഒരു മല്‍സരത്തില്‍പ്പോലും നയിച്ചിട്ടില്ലാത്ത താരമാണ് അദ്ദേഹം. എന്നിട്ടും സഞ്ജുവിന്റെ നേതൃശേഷിയില്‍ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു. അതു തെറ്റായിരുന്നില്ലെന്നു കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിച്ച് സഞ്ജു തെളിയിക്കുകയും ചെയ്തു.
പക്ഷെ സഞ്ജുവിന് കീഴില്‍ ആദ്യ സീസണ്‍ റോയല്‍സിനെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. 2021ലെ ലീഗില്‍ എട്ടു ടീമുകള്‍ മാറ്റുരച്ചപ്പോള്‍ റോയല്‍സ് ഫിനിഷ് ചെയ്തത് ഏഴാംസ്ഥാനത്തായിരുന്നു. ഇതോടെ സഞ്ജുവിനെ നായകസ്ഥാനത്തു നിന്നും റോയല്‍സ് നീക്കുമോയെന്നു സംശയങ്ങളുയര്‍ന്നു. പക്ഷെ അദ്ദേഹത്തില്‍ ടീമധികൃതര്‍ക്കു പൂര്‍ണ വിശ്വാസമായിരുന്നു. അതുകൊണ്ടു തന്നെ ക്യാപ്റ്റനായി സഞ്ജു തന്നെ മതിയെന്നു അവര്‍ തീരുമാനിക്കുകയും ചെയ്തു.

റോയല്‍സ് ചെയ്ത രണ്ടാമത്തെ ഏറ്റവും മികച്ച കാര്യം യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ടീമില്‍ നിലനിര്‍ത്തിയെന്നതാണ്. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരമായ അദ്ദേഹം ഭാവിയില്‍ ലോകോത്തര ബാറ്ററായി മാറുമെന്ന് അവര്‍ക്കുറപ്പായിരുന്നു. അതുകൊണ്ടാണ് 2021ലെ സീസണിനു ശേഷം ടീമില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയപ്പോഴും ജയ്‌സ്വാളിനെ റോയല്‍സ് കൈവിടാതിരുന്നത്. ഇപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായി താരം മാറിക്കഴിഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിനെ സൂപ്പറാക്കിയ മറ്റൊരു കാര്യം അനൂജ് റാവത്തിനെ 2021ലെ സീസണിനു ശേഷം ഒഴിവാക്കിയെന്നതാണ്. പകരം കൊണ്ടുവന്ന ധ്രുവ് ജുറേലാവട്ടെ ഈ സീസണിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. റോയല്‍സിന്റെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ജുറേല്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
2021ല്‍ റോയല്‍സ് ബൗളിങ് നിരയിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ ജയദേവ് ഉനാട്കട്ട്, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍ എന്നിവരടക്കമുള്ളവരായിരുന്നു. എന്നാല്‍ മുഴുവന്‍ പേരെയും റോയല്‍സ് പറഞ്ഞുവിട്ടു. പകരം നാലു മികച്ച ബൗളര്‍മാരെ ലേലത്തില്‍ റോയല്‍സ് ടീമിലെത്തിക്കുകയായിരുന്നു. ഇതാണ് റോയല്‍സിനെ അപകടകാരികളാക്കി മാറ്റിയെടുത്ത നാലാമത്തെ കാര്യം. ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ വരവോടെ റോയല്‍സിന്റെ ബൗളിങ് മറ്റൊരു തലത്തിലേക്കുയര്‍ന്നു.
റോയല്‍സിനെ പവര്‍ഹൗസകളാക്കി മാറ്റിയെടുത്ത അഞ്ചാമത്തെ കാര്യം ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയും ഇംഗ്ലണ്ടിന്റെ തന്നെ സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറെയും ഒഴിവാക്കിയെന്നതാണ്. 2021ലെ സീസണിനു ശേഷമാണ് ഇരുവരെയും റോയല്‍സ് കൈവിട്ടത്. അന്നു ഈ നീക്കത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതു തന്നെയായിരുന്നു ഏറ്റവും ഉചിതമായ തീരുമാനമെന്നു ഇപ്പോള്‍ ഇരുവരും മറ്റു ഫ്രാഞ്ചൈസികളില്‍ ഫ്‌ളോപ്പാവുമ്പോള്‍ വ്യക്തമാവുകയാണ്. ഒരുപക്ഷെ സീസണിലോ, വരാനിരിക്കുന്ന സീസണുകളിലോ റോയല്‍സ് രണ്ടാം ഐപിഎല്‍ കിരീടമുയര്‍ത്തിയാല്‍ അദ്ഭുതപ്പെടാനില്ല. കാരണം അവര്‍ അതു അര്‍ഹിക്കുക തന്നെ ചെയ്യുന്നു.