മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് സീറ്റിനായുള്ള പോരാട്ടം കടുക്കുകയാണ്. പഞ്ചാബ് കിങ്‌സ് നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതോടെയാണ് വീണ്ടും പോരാട്ടം ആവേശകരമായി മാറുന്നത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 8 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടാനായത്. സീസണിലെ ഏഴാം തോല്‍വിയോട് 12 പോയിന്റുമായി പഞ്ചാബ് എട്ടാം സ്ഥാനത്താണ്.
ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന തോല്‍വിയാണ് ഇപ്പോള്‍ വഴങ്ങിയിരിക്കുന്നതെന്ന് പറയാം. നെറ്റ് റണ്‍റേറ്റ് -0.308 ഉള്ള പഞ്ചാബിന് ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും പ്ലേ ഓഫിലേക്കെത്തുക വളരെ കടുപ്പമായിരിക്കുമെന്ന് പറയാം. കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് പഞ്ചാബിന്റെ അവസാന മത്സരം. ഈ മത്സരം ജയിച്ചാലും വലിയ ഗുണമുണ്ടായേക്കില്ല.

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് സീറ്റുകള്‍ക്കായി ആറ് ടീമുകള്‍ ഇപ്പോഴും പോരാടുകയാണ്. സിഎസ്‌കെയുടെ സാധ്യതകളിലേക്ക് വരുമ്പോള്‍ 13 മത്സരത്തില്‍ നിന്ന് 7 ജയത്തോടെ 15 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍. ഈ മത്സരം തോറ്റാല്‍ സിഎസ്‌കെ ആശങ്കപ്പെടണം.
കാരണം 14 മത്സരത്തില്‍ 15 പോയിന്റാവും സിഎസ്‌കെയ്ക്ക് ലഭിക്കുക. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും മുംബൈ ഇന്ത്യന്‍സും അവസാന മത്സരങ്ങള്‍ ജയിക്കുകയും ആര്‍സിബി അവസാന രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്താല്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വരുമെന്നതാണ് വസ്തുത. മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 15 പോയിന്റാണുള്ളത്. അവസാന മത്സരത്തില്‍ കെകെആറാണ് ലഖ്‌നൗവിന്റെ എതിരാളികള്‍.
ഈ മത്സരത്തില്‍ ലഖ്‌നൗ തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്താവാനുള്ള സാധ്യത കൂടുതലാണ്. സിഎസ്‌കെയും മുംബൈയും അവസാന മത്സരം ജയിക്കുകയും ആര്‍സിബി അവസാന രണ്ട് മത്സങ്ങള്‍ ജയിക്കുകയും ചെയ്താല്‍ ലഖ്‌നൗവിനെ മറികടന്ന് ഗുജറാത്ത്, സിഎസ്‌കെ, മുംബൈ, ആര്‍സിബി ടീമുകള്‍ പ്ലേ ഓഫ് കളിക്കും. അതുകൊണ്ട് തന്നെ ലഖ്‌നൗവിനെ സംബന്ധിച്ചും അവസാന മത്സരം ജയിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്.
മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗവിനോട് തോറ്റതാണ് ടീമിന്റെ പ്ലേ ഓഫ് സാധ്യത ഇത്രയും പ്രതിസന്ധിയിലാക്കിയത്. 14 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ഹൈദരാബാദാണ് മുംബൈയുടെ എതിരാളികള്‍. ഇതില്‍ ജയിച്ചാല്‍ മുംബൈക്ക് 16 പോയിന്റുകള്‍ നേടാം. എന്നാല്‍ അപ്പോഴും സീറ്റുറപ്പിക്കാനാവില്ല. സിഎസ്‌കെയും ലഖ്‌നൗവും അവസാന മത്സരങ്ങള്‍ ജയിക്കുകയും ആര്‍സിബി അവസാന രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്താല്‍ രോഹിത്തിനും സംഘത്തിനും പുറത്തുപോവേണ്ടി വരും.
നിലവില്‍ മുംബൈക്കും സിഎസ്‌കെയ്ക്കും ലഖ്‌നൗവിനുമെല്ലാം വലിയ തലവേദനയാവുന്നത് ആര്‍സിബിയാണെന്ന് പറയാം. ആര്‍സിബിക്ക് ഹൈദരാബാദിനോടും ഗുജറാത്തിനോടുമാണ് ശേഷിക്കുന്ന മത്സരങ്ങളുള്ളത്. ഇതില്‍ ഒരു മത്സരം തോറ്റാല്‍ പോലും ടീമിന്റെ പ്ലേ ഓഫ് സാധ്യതക്കത് വലിയ തിരിച്ചടിയാവും. നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണെങ്കിലും രണ്ട് തുടര്‍ ജയങ്ങള്‍ ആര്‍സിബിക്ക് അത്യാവശ്യമാണ്.

ഇതില്‍ ഒരു മത്സരത്തില്‍ മാത്രം ആര്‍സിബി ജയിച്ചാലും സാധ്യതകളുണ്ട്. സിഎസ്‌കെയും ലഖ്‌നൗവും അവസാന മത്സരങ്ങള്‍ ജയിക്കുകയും മുംബൈ തോല്‍ക്കുകയും ചെയ്താല്‍ ഒരു മത്സരം മാത്രമാണ് ജയിച്ചതെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ആര്‍സിബിക്ക് നാലാം സ്ഥാനത്തേക്കെത്താം. അവസാന മത്സരം ജീവന്‍മരണ പോരാട്ടമായി മാറുന്നത് മുംബൈക്കാണെന്ന് പറയാം.
രാജസ്ഥാന് 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുണ്ട്. അവസാന മത്സരം ജയിച്ചാല്‍ 14 പോയിന്റിലേക്കെത്താം. നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണ്. ആര്‍സിബിയുമായി നെറ്റ് റണ്‍റേറ്റില്‍ വലിയ വ്യത്യാസമില്ല. മുംബൈ അവസാന മത്സരം തോല്‍ക്കുകയും ആര്‍സിബി അവസാന രണ്ട് മത്സരം തോല്‍ക്കുകയും ചെയ്യുകയും രാജസ്ഥാന്‍ അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ രാജസ്ഥാനും പ്ലേ ഓഫ് സാധ്യതകളുണ്ട്.
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ വമ്പന്‍ ജയം നേടുകയും ഭാഗ്യം അനുകൂലമായി മുംബൈയും ആര്‍സിബിയും തോല്‍ക്കുകയും ചെയ്യേണ്ടതായുണ്ട്. കൈകആറിനും പഞ്ചാബിനും അവസാന മത്സരങ്ങള്‍ ജയിച്ചാല്‍ 14 പോയിന്റിലേക്കെത്താം. എന്നാല്‍ നെറ്റ് റണ്‍റേറ്റ് മോശമായതിനാല്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇരു ടീമിനും പ്ലേ ഓഫിലേക്കെത്താനാവില്ലെന്ന് വിലയിരുത്താം.