ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തി ബാറ്റിങ് സെന്‍സേഷനായി മാറിയ യുവ താരമാണ് തിലക് വര്‍മ. 2022ലെ ഐപിഎല്ലിലൂടെയായിരുന്നു 20 കാരന്‍ വരവറിയിച്ചത്. മുംബൈയെ സംബന്ധിച്ച് ഏറ്റവും മോശം സീസണായിരുന്നു ഇതെങ്കിലും തിലകിന്റെ പ്രകടനം അവര്‍ക്കു ആശ്വാസമായി.
ടീമിലെ പരിചയസമ്പന്നരായ പല ബാറ്റര്‍മാരും തിളങ്ങാത പോയ സന്ദര്‍ഭങ്ങളില്‍ തിലക് മികച്ച ഇന്നിങ്‌സുകളിലൂടെ മുംബൈയുടെ രക്ഷകനായി മാറി. പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയും മികച്ച ബാറ്റിങ് ടെക്‌നിക്കുമാണ് ഈ ഇടംകൈയനെ ശ്രദ്ധേയനാക്കിയത്.

ഐപിഎല്ലിലെ തന്റെ കന്നി സീസണില്‍ തന്നെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവച്ച തിലകിനെ ഈ സീസണിലും മുംബൈ നിലിനിര്‍ത്തുകയായിരുന്നു. ഈ തീരുമാനം ശരിയായിരുന്നുവെന്നു ഇതുവരെ നടന്ന മൂന്നു മല്‍സരങ്ങളില്‍ താരം തെളിയിക്കുകയും ചെയ്തു. മുംബൈയ്ക്കായി ഇത്തവണ ഏറ്റവുമധികം റണ്ണെടുത്തിരിക്കുന്നത് തിലകാണ്. 73.50സശരാശരിയില്‍ 158.06 സ്‌ട്രൈക്ക് റേറ്റോടെ താരം നേടിയത് 147 റണ്‍സാണ്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ആദ്യ മല്‍സരത്തില്‍ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു തിലക് വര്‍മ. അധികം വൈകാതെ തന്നെ സീനിയര്‍ ടീമിലും താരത്തെ കാണാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ആരാധകര്‍ ഈ മുഹൂര്‍ത്തത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിനു വേണ്ടിയാണ് തിലക് കളിച്ചുകൊണ്ടിരിക്കുന്നത്. അതിവേഗം താരപദവിയിലേക്കുയര്‍ന്നു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഐപിഎല്ലിലെ വരുമാനത്തെക്കുറിച്ചും ആസ്തിയെയും കുറിച്ചും അറിയാം.
ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തിലക് വര്‍മയുടെ ആസ്തി ഏകദേശം 10 കോടിയോളം രൂപയാണ്. 2022ലെ ലേലത്തിലായിരുന്നു താരത്തെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്. 20 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ തിലകിന്റെ അടിസ്ഥാന വില. പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കൊപ്പം മുംബൈയും താരത്തിനായി പിടിവലി നടത്തി.
ഒടുവില്‍ അടിസ്ഥാന വിലയേക്കാള്‍ എട്ടു മടങ്ങി അധികം നേടിയ തിലകിനെ 1.7 കോടിക്കു മുംബൈ റാഞ്ചുകയായിരുന്നു. ഈ വര്‍ഷവും ഇതേ വിലയ്ക്കാണ് താരത്തെ മുംബൈ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി 14 മല്‍സരങ്ങളില്‍ നിന്നും 131 സ്‌ട്രൈക്ക് റേറ്റോടെ 397 റണ്‍സ് തിലക് നേടിയിരുന്നു.

ഐപിഎല്ലില്‍ നിന്നുള്ള വരുമാനം കൂടാതെ ചില പരസ്യ ബ്രാന്‍ഡുകളുമായുള്ള കരാറിലൂടെയും തിലക് വര്‍മയ്ക്കു പ്രതിഫം ലഭിക്കുന്നുണ്ട്. എസ്എസ് ബാറ്റ്‌സ്, ഫാന്‍ ബേസ്, ബൂസ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകളുമായിട്ടാണ് താരത്തിനു പരസ്യ കരാറുള്ളത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനും ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനും വേണ്ടി നടത്തിയ പ്രകടനങ്ങളാണ് തിലകിനെ ഹീറോയാക്കിയത്. അതേസമയം, താരത്തിന്റെ കാര്‍, ബൈക്ക് കളക്ഷന്റെ കാര്യമെടുത്താല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇനിയും പുറത്തുവന്നിട്ടില്ല.
സാമ്പത്തികയമായി വളരെ ബുദ്ധിമുട്ടുകള്‍ നേരിട്ട കുടുംബത്തില്‍ നിന്നാണ് തിലക് വര്‍മയുടെ വരവ്. താരത്തിന്റെ അച്ഛന്‍ നമ്പൂരി നാഗരാജു ഹൈദരാബാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. മകനെ ക്രിക്കറ്റ് കോച്ചങിന് അയക്കാനുള്ള വരുമാനം അദ്ദേഹത്തിനു ഇല്ലായിരുന്നു. തുടര്‍ന്നു കോച്ച് സലാം ബയാഷാണ് തിലകിനു വേണ്ടി എല്ലാ ചെലവുകളും വഹിക്കുകയും അതോടൊപ്പം മികച്ച കോച്ചിങ് നല്‍കുകയും ചെയ്തത്.
തിലക് വര്‍മയുടെ വീടിന്റെ കാര്യമെടുത്താല്‍ ഹൈദരാബാദിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം താരം താമസിക്കുന്നത്. നിലവില്‍ തിലകിനു സ്വന്തമായി ഒരു വീടില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെ വൈകാതെ ഒരു വീട് വാങ്ങുകയെന്നത് താരത്തിന്റെ സ്വപ്‌നങ്ങളിലൊന്നാണ്.