മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള പ്ലേ ഓഫ് പോരാട്ടം വാശിയോടെ പുരോഗമിക്കുകയാണ്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച ടീം. സിഎസ്‌കെ, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, കെകെആര്‍ തുടങ്ങിയവരെല്ലാം ഇപ്പോഴും പ്ലേ ഓഫ് സീറ്റില്‍ പ്രതീക്ഷവെച്ച് നില്‍ക്കുകയാണ്. ഇതില്‍ ആരൊക്കെ പ്ലേ ഓഫില്‍ കടക്കുമെന്നത് അവസാന മത്സരഫലം തീരുമാനിക്കും.
എന്നാല്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മത്സരമുണ്ട്. അത് ആര്‍സിബിയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്ന മത്സരമാണ്. രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാടകീയമായ പല സംഭവങ്ങളും അരങ്ങേറിയിരുന്നു. ഗൗതം ഗംഭീറും നവീന്‍ ഉല്‍ ഹഖും വിരാട് കോലിയുമായി കയര്‍ത്തതും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും പ്രശ്‌നങ്ങളും എല്ലാവരും കണ്ടതാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ താരങ്ങള്‍ക്കെതിരേയും ഗംഭീറിനെതിരേയും ആളുകള്‍ ഞെട്ടും ബോള്‍ട്ടും എറിയുകയും കോലിക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നവീന്‍ ഉള്‍ ഹഖ് പന്തെറിഞ്ഞപ്പോഴും കോലി കോലി മുദ്രാവാക്യം മുഴക്കി പ്രകോപിപ്പിക്കാന്‍ ആരാധകര്‍ ശ്രമിച്ചിരുന്നു.
ആര്‍സിബി-ലഖ്‌നൗ പോരാട്ടം വീണ്ടുമുണ്ടായാല്‍ രണ്ട് ടീമും തമ്മിലുള്ള വാശിയേറിയ പോരാട്ടം മാത്രമല്ല ചില കണക്കുവീട്ടലുകളും ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഈ സീസണില്‍ ഇരു ടീമും ഇനി ഏറ്റുമുട്ടാന്‍ സാധ്യതയുണ്ടോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലഖ്‌നൗ 13 മത്സരത്തില്‍ നിന്ന് 15 പോയിന്റുമായി ഏറെക്കുറെ പ്ലേ ഓഫിനോടടുത്തു നില്‍ക്കുകയാണ്. മറുവശത്ത് ആര്‍സിബി 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. രണ്ട് ടീമിനും പ്ലേ ഓഫ് സാധ്യതയുണ്ട്.
എന്നാല്‍ ഇരു ടീമിനും എങ്ങനെയാണ് വീണ്ടും നേര്‍ക്കുനേര്‍ എത്താനുള്ള അവസരമൊരുങ്ങുകയെന്നത് പരിശോധിക്കാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 13 മത്സരത്തില്‍ നിന്ന് 15 പോയിന്റാണുള്ളത്. അവസാന മത്സരം ലഖ്‌നൗ ജയിച്ചാല്‍ 17 പോയിന്റാവും അവര്‍ക്ക് ലഭിക്കുക. സിഎസ്‌കെ അവസാന മത്സരം ജയിച്ചാല്‍ ലഖ്‌നൗവിനെക്കാള്‍ മികച്ച റണ്‍റേറ്റിന്റെ കരുത്തില്‍ രണ്ടാം സ്ഥാനത്തെത്തും. അങ്ങനെ വന്നാല്‍ മൂന്നാം സ്ഥാനത്തേക്ക് ലഖ്‌നൗ എത്താനാണ് സാധ്യത.
ആര്‍സിബി ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയം നേടിയാല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് നാലാം സ്ഥാനത്തേക്കെത്തും. അങ്ങനെ സംഭവിച്ചാല്‍ ലഖ്‌നൗ മൂന്നാം സ്ഥാനത്തും ആര്‍സിബി നാലാം സ്ഥാനക്കാരുമാവും. ഇതോടെ 24ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രണ്ട് ടീമും നേര്‍ക്കുനേര്‍ പോരടിക്കും. തോല്‍ക്കുന്ന ടീം പുറത്താവുമെന്നതിനാല്‍ത്തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമുറപ്പ്.
എലിമിനേറ്ററില്‍ രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തുന്നതാണ് കൂടുതല്‍ ആവേശകരമാവുക. തോറ്റാല്‍ പുറത്താവുമെന്നതിനാല്‍ ശക്തമായ പോരാട്ടമുറപ്പ്. കോലിയും ഗംഭീറും തമ്മില്‍ വീണ്ടുമൊരു മുഖാമുഖം തര്‍ക്കമോ ഹസ്തദാനം നല്‍കാതെയുള്ള പ്രതിഷേധമോ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ആരാധകര്‍ കാത്തിരിക്കുന്നതും ഈ പ്രതിഷേധം കാണാനാണെന്ന് പറയാം.

മറ്റൊരു സാധ്യത കൂടിയുണ്ട്. ലഖ്‌നൗ അവസാന മത്സരത്തില്‍ കെകെആറിനെതിരേ വമ്പന്‍ ജയം നേടിയാല്‍ നെറ്റ് റണ്‍റേറ്റില്‍ സിഎസ്‌കെയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്താനും സാധ്യതയുണ്ട്. അതിന് സിഎസ്‌കെ അവസാന മത്സരത്തില്‍ തോല്‍ക്കുകയോ ചെറിയ മാര്‍ജിനില്‍ ജയിക്കുകയോ ചെയ്യണം. ആര്‍സിബി രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ചെയ്യുന്നതോടെ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ ആര്‍സിബി എത്തിയേക്കും.
അങ്ങനെ വന്നാല്‍ ലഖ്‌നൗ ഒന്നാം ക്വാളിഫയര്‍ കളിക്കുകയും ആര്‍സിബി എലിമിനേറ്റര്‍ കളിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ രണ്ടാം ക്വാളിഫയറില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്താനുള്ള സാധ്യതയുണ്ട്. ആര്‍സിബി എലിമിനേറ്ററില്‍ ജയിക്കുകയും ലഖ്‌നൗ ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുകയും ചെയ്താലാണ് ഇത് സംഭവിക്കുക. കൂടാതെ ഇരു ടീമും തമ്മില്‍ ഫൈനല്‍ കളിക്കാനും സാധ്യതയുണ്ട്.
ലഖ്‌നൗ ഒന്നാം ക്വാളിഫയര്‍ ജയിച്ച് ഫൈനലില്‍ കടക്കുകയും എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും ആര്‍സിബി വിജയിക്കുകയും ചെയ്താല്‍ രണ്ട് ടീമും തമ്മില്‍ ഫൈനല്‍ കളിക്കാനും സാധ്യതയുണ്ട്. വീണ്ടും ഈ തകര്‍പ്പന്‍ പോരാട്ടം നടക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.