ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടരെ രണ്ടാം സീസണിലും മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ അരങ്ങേറിയ അവര്‍ പ്ലേഓഫിലെത്തി വരവറിയിച്ചിരുന്നു. ഇത്തവണയും പ്ലേഓഫ് ഉറപ്പിക്കാനുള്ള കുതിപ്പിലാണ് എല്‍എസ്ജി. എന്നാല്‍ കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി വലിയൊരു തലവേദന ലഖ്‌നൗവിനു വന്നിരിക്കുകയാണ്.
അതു ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ കാരണമാണ്. മുന്‍ സീസണുകളില്‍ ഐപിഎല്ലില്‍ സ്ഥിരതയോടെ സ്‌കോര്‍ ചെയ്തിരുന്ന ബാറ്ററായിരുന്നു അദ്ദേഹം. എന്നാല്‍ ഈ സീസണില്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന രാഹുലിനെയാണ് മുന്‍ മല്‍സരങ്ങളില്‍ കണ്ടത്. സ്ലോ ബാറ്റിങ് കാഴ്ചവയ്ക്കുന്ന അദ്ദേഹം പലപ്പോഴും ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നതും സ്ഥിരം കാഴ്ചയാണ്.

പഞ്ചാബ് കിങ്‌സുമായി കഴിഞ്ഞ ദിവസം മൊഹാലിയില്‍ നടന്ന മാച്ചിലും രാഹുലിന്റെ സ്ലോ ഇന്നിങ്‌സ് ടീമിനെ വലച്ചിരുന്നു. ടീമില്‍ ബാറ്റ് ചെയ്ത മറ്റുള്ളവരെല്ലാം അതിവേഗം റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ അദ്ദേഹം പതിവുപോലെ തണുപ്പന്‍ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഒമ്പതു ബോളില്‍ 12 റണ്‍സെടുത്ത് രാഹുല്‍ പുറത്താവുകയായിരുന്നു. അദ്ദേഹം നേരത്തേ പുറത്തായിരുന്നെങ്കില്‍ ഐപിഎല്ലിലെ എക്കാലത്തെയും വലിയ ടോട്ടല്‍ ലഖ്‌നൗ നേടുമായിരുന്നെന്നു പലരും ചൂണ്ടിക്കാട്ടുയും ചെയ്തിരുന്നു. അഞ്ചു വിക്കറ്റിനു 257 റണ്‍സായിരുന്നു ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സ്‌കോര്‍ ചെയ്തത്.
യഥാര്‍ത്തത്തില്‍ രാഹുലിന്റെ സ്‌കോറുകള്‍ ലഖ്‌നൗവിന്റെ ടീം ടോട്ടലില്‍ നിര്‍ണായകമാവുന്നുണ്ടോ? ഉണ്ടെന്നു തന്നെയാണ് ഇതിന്റെ ഉത്തരമെന്നു ഈ സീസണിലെ മറ്റു മല്‍സരങ്ങള്‍ കൂടി പരിശോധിക്കുകയാണെങ്കില്‍ നമുക്കു വ്യക്തമാവും. അതായത് രാഹുല്‍ പരമാവധി പെട്ടെന്നു പുറത്താവുന്നതാണ് ടീമിനെ സംബന്ധിച്ച് ഏറ്റവും നല്ലത്.
അദ്ദേഹം പുറത്താവാന്‍ വൈകിയാല്‍ അതു ടീം ടോട്ടലിനെ സാരമായി ബാധിക്കുന്നതായി നമുക്കു കാണം. രാഹുല്‍ 20ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ള ഈ സീസണിലെ മല്‍സരങ്ങളെടുത്താല്‍ 16 ഓവര്‍ കഴിയുമ്പോള്‍ 127/5, 159/8, 154/7, 128/7 എന്നിങ്ങനെയാണ്് ലഖ്‌നൗവിന്റെ സ്‌കോറുകള്‍.
രാഹുല്‍ കൂടുതല്‍ ബോളുകള്‍ പാഴാക്കുന്നതു സ്‌കോറിങിനു വേഗത കുറയുകയും ഇതു മറ്റു താരങ്ങളെ കൂടുതല്‍ റിസ്‌കെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. അതു അവരുടെ പുറത്താവലിലാണ് പലപ്പോഴും കലാശിക്കുന്നത്. 16 ഓവറുകള്‍ക്കു ശേഷമുള്ള ലഖ്‌നൗവിന്റെ മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള സ്‌കോറുകള്‍ പരിശോധിച്ചാല്‍ നമുക്കു ഇതു ബോധ്യമാവും.

ഇനി രാഹുല്‍ 20നോ, അതില്‍ താഴെയോ റണ്‍സിനു പുറത്താവുകയാണെങ്കില്‍ അതു ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡില്‍ വരുത്തുന്ന ഇംപാക്ട് വളരെ വലുതാണ്. വലിയ ടോട്ടലുകളാണ് രാഹുല്‍ ഫ്‌ളോപ്പായി നേരത്തേ മടങ്ങിയിട്ടുള്ള മല്‍സരങ്ങളില്‍ ലഖ്‌നൗ അടിച്ചെടുത്തിട്ടുള്ളത്. അദ്ദേഹം 20ല്‍ താഴെ റണ്‍സെടുത്ത മല്‍സരങ്ങളില്‍ ലഖ്‌നൗ നാലില്‍ മൂന്നു തവണയും 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 193/6, 205/7, 213/9, 257/5 എന്നിങ്ങനെയാണ് ലഖ്‌നൗവിന്റെ ടോട്ടലുകള്‍.
ഈ കണക്കുള്‍ ലഖ്‌നൗ ടീമിനെ സംബന്ധിച്ച് വരാനിരിക്കുന്ന മല്‍സരങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കുന്നതു തന്നെയാണ്. അതുകൊണ്ടു തന്നെ രാഹുലിന്റെ ബാറ്റിങിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനം അവര്‍ക്കു എടുത്തേ തീരൂ. ക്യാപ്റ്റനായതിനാല്‍ അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തുക അസാധ്യമായ കാര്യമാണ്.
ഓപ്പണിങില്‍ നിന്നും രാഹുലിനെ വണ്‍ഡൗണായോ, മധ്യനിരയിലേക്കു മാറ്റുകയെന്ന ഓപ്ഷന്‍ മാത്രമാണ് നിലവില്‍ ലഖ്‌നൗവിനു മുന്നിലുള്ളത്. ഈ സീസണില്‍ എട്ടു മല്‍സരങ്ങളല്‍ നിന്നും അദ്ദേഹം നേടിയത് 274 റണ്‍സാണ്. നേടിയ റണ്‍സല്ല, മറിച്ച് സ്‌ട്രൈക്ക് റേറ്റാണ് രാഹുലിനെ വില്ലനാക്കുന്നത്. 114.64 മാത്രമാണ് അദ്ദേഹത്തിന്റെ നിലവിലെ സ്‌ട്രൈക്ക് റേറ്റ്.