ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് സീറ്റിനായുള്ള പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഗുജറാത്ത് ഇതിനോടകം പ്ലേ ഓഫ് സീറ്റുറപ്പിച്ചെങ്കിലും മറ്റ് ടീമുകളുടെയൊന്നും പ്ലേ ഓഫ് സീറ്റ് ഇതുവരെ ഉറപ്പായിട്ടില്ലെന്ന് പറയാം. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ അവസാന സീസണുകളിലെ റണ്ണറപ്പുകളാണ്.
ഈ സീസണില്‍ ഗംഭീരമായി തുടങ്ങാന്‍ രാജസ്ഥാനായെങ്കിലും പ്ലേ ഓഫിനോടടുക്കവെ ടീമിന്റെ പ്രകടന നിലവാരം താഴോട്ട് പോകുന്നതാണ് കണ്ടത്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും രാജസ്ഥാന്‍ തോറ്റതോടെ പ്ലേ ഓഫ് സാധ്യത തുലാസിലാവുകയായിരുന്നു. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് രാജസ്ഥാനുള്ളത്. ഒരു മത്സരം ശേഷിക്കെ രാജസ്ഥാന് പ്ലേ ഓഫിലേക്കെത്തുകയെന്ന് വളരെ പ്രയാസം തന്നെയാണ്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവായിട്ടുള്ളത് രാജസ്ഥാന് കരുത്താണ്.

എങ്ങനെയാണ് ഇനി പഞ്ചാബിന് പ്ലേ ഓഫിലേക്കെത്താന്‍ സാധിക്കുക? സാധ്യതകള്‍ പരിശോധിക്കാം. ഗുജറാത്ത് 18 പോയിന്റോടെ തലപ്പത്തും സിഎസ്‌കെ (15), ലഖ്‌നൗ (15), മുംബൈ (14) എന്നിവരാണ് നിലവില്‍ ടോപ് ഫോറിലുള്ളത്. ആര്‍സിബി (12), രാജസ്ഥാന്‍ (12) എന്നിവരാണ് പിന്നാലെയുള്ളത്. രാജസ്ഥാന് ശേഷിക്കുന്ന മത്സരത്തിലെ എതിരാളി പഞ്ചാബ് കിങ്‌സാണ്. ധരംശാലയിലാണ് മത്സരം. രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ മത്സരം ജയിക്കണം.
നിലവിലെ രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് 0.140 ആണ്. അവസാന മത്സരത്തില്‍ ആര്‍സിബിയോട് വമ്പന്‍ തോല്‍വി വഴങ്ങേണ്ടി വന്നതാണ് രാജസ്ഥാന് ക്ഷീണമായത്. അവസാന മത്സരത്തില്‍ പഞ്ചാബിനെതിരേ വമ്പന്‍ ജയം നേടിയാല്‍ 14 മത്സരത്തില്‍ നിന്ന് 14 പോയിന്റിലേക്കെത്താന്‍ രാജസ്ഥാനാവും. സിഎസ്‌കെയ്ക്കും ലഖ്‌നൗവിനും ഇതിനോടകം 15 പോയിന്റുള്ളതിനാല്‍ രാജസ്ഥാന് നാലാം സ്ഥാനമാണ് ലക്ഷ്യമിടാനാവുക.
ഈ സ്ഥാനത്തിനായി മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും രാജസ്ഥാന് വലിയ ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. 13 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള മുംബൈയുടെ അവസാന മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്. ഈ മത്സരം മുംബൈ തോല്‍ക്കേണ്ടത് രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ അത്യാവശ്യമാണ്. -0.128 ആണ് മുംബൈയുടെ നെറ്റ് റണ്‍റേറ്റ്. അതുകൊണ്ട് തന്നെ അവസാന മത്സരം മുംബൈ തോറ്റാല്‍ സ്വാഭാവികമായും രാജസ്ഥാന് മറികടക്കാനാവും.

അപ്പോഴും ഭീഷണി ഉയര്‍ത്തുന്ന ടീം ആര്‍സിബിയാണ്. രണ്ട് മത്സരങ്ങളാണ് ആര്‍സിബിക്ക് ശേഷിക്കുന്നത്. സണ്‍റെസേഴ്‌സ് ഹൈദരാബാദിനേയും ഗുജറാത്ത് ടൈറ്റന്‍സിനേയുമാണ് ആര്‍സിബി നേരിടുക. രണ്ട് പേരേടും ആര്‍സിബി തോല്‍ക്കേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവില്‍ രാജസ്ഥാനെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിക്കുള്ളത്. അതുകൊണ്ട് തന്നെ ആര്‍സിബി ഒരു മത്സരം ജയിച്ചാല്‍ പോലും രാജസ്ഥാന്റെ പ്ലേ ഓഫിലേക്കുള്ള വഴിയടയും.
ആര്‍സിബിയുടെ തോല്‍വിക്കായാണ് രാജസ്ഥാന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ മികച്ച ഫോമിലുള്ള ആര്‍സിബിക്ക് ഹൈദരാബാദിനെ കീഴ്‌പ്പെടുത്തുക വലിയ കടുപ്പമായിരിക്കില്ല. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിക്കുകയെന്നത് ആര്‍സിബിക്ക് അല്‍പ്പം കടുപ്പം തന്നെയായിരിക്കും. എന്തായാലും മുംബൈയുടെയും രാജസ്ഥാന്റെയും മത്സരഫലത്തെ ആശ്രയിച്ചാവും രാജസ്ഥാന്റെ പ്ലേ ഓഫ് സീറ്റ് നിര്‍ണ്ണയിക്കപ്പെടുക.
ഭാഗ്യത്തില്‍ പ്രതീക്ഷവെച്ച് രാജസ്ഥാന്‍ കാത്തിരിക്കണം. പഞ്ചാബ് കിങ്‌സ് നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റത് രാജസ്ഥാന്റെ ഒരു തലവേദന ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മുംബൈയുടെയും ആര്‍സിബിയുടെയും വരുന്ന മത്സരഫലങ്ങള്‍ കൂടി രാജസ്ഥാന് അനുകൂലമാകേണ്ടതായുണ്ട്. സഞ്ജു സാംസണും സംഘവും തകര്‍പ്പന്‍ താരനിരയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നു.
അവസാന റൗണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതാണ് രാജസ്ഥാന് തിരിച്ചടിയായി മാറിയത്. പഞ്ചാബിനെതിരായ അവസാന മത്സരം ധരംശാലയിലാണ്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഇവിടുത്തേത്. അതുകൊണ്ട് തന്നെ മികച്ച ബാറ്റിങ് പ്രകടനം തന്നെ ഇരു കൂട്ടരില്‍ നിന്നും പ്രതീക്ഷിക്കാം. ഡല്‍ഹിക്കെതിരേ ധരംശാലയില്‍ കളിച്ച അനുഭവസമ്പത്ത് പഞ്ചാബിനെ തുണച്ചാല്‍ രാജസ്ഥാന് തോല്‍വിയോടെ മടക്ക ടിക്കറ്റ് വാങ്ങാം.