മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പല താരങ്ങള്‍ക്കും ഐപിഎല്‍ ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയാണ്. ഇതിനോടകം ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയവര്‍ നിരവധിയാണ്. മോശം ഫോമിനെത്തുടര്‍ന്ന് തഴയപ്പെടുന്നവര്‍ തിരിച്ച് മടങ്ങിയെത്തുന്നതില്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണ്ണായകമാവാറുണ്ട്.
ഇത്തവണയും ഐപിഎല്ലില്‍ തിളങ്ങി ദേശീയ ടീമിലേക്ക് മടങ്ങിവരവ് ചിലര്‍ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് ഇവരില്‍ പലരും നിരാശപ്പെടുത്തുകയാണ്. അതുകൊണ്ട് തന്നെ പല താരങ്ങള്‍ക്കും ദേശീയ ടീമിലേക്കുള്ള മടങ്ങിപ്പോക്ക് ദുഷ്‌കരമായിരിക്കുകയാണെന്ന് പറയാം. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് കടുപ്പമായിരിക്കുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പൃഥ്വി ഷായാണ് ഇതിലൊരാള്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റ്‌സ്മാന്‍ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി ഇപ്പോള്‍ പ്ലേയിങ് 11 പുറത്താണ്. ഓപ്പണറായ താരത്തില്‍ വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. ആറ് ഇന്നിങ്‌സില്‍ നിന്ന് 47 റണ്‍സാണ് ആകെ പൃഥ്വിക്ക് നേടാനായത്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ പൃഥ്വിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നവര്‍ ഏറെയാണ്.
എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ഇനിയൊരു തിരിച്ചുവരവ് പൃഥ്വിക്ക് കടുപ്പമായിരിക്കുമെന്ന് പറയാം. ഫിറ്റ്‌നസ് പ്രശ്‌നമുള്ള താരത്തിന് വേഗത്തില്‍ ഓടാനോ മികച്ച ഫീല്‍ഡിങ് ചെയ്യാനോ സാധിക്കില്ല. രാഹുല്‍ ത്രിപാഠിയാണ് സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയ മറ്റൊരു താരം. സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ താരമായ ത്രിപാഠിയെ ഇന്ത്യ ഇതിനോടകം ടി20 ടീമിലേക്ക് പരിഗണിച്ചിരുന്നു. മോശമല്ലാത്ത പ്രകടനങ്ങള്‍ കാഴ്ചവെക്കാനും ത്രിപാഠിക്ക് സാധിച്ചു.
എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. വലിയ സ്‌കോറിലേക്കുയരാന്‍ ത്രിപാഠിക്ക് സാധിക്കുന്നില്ല. പല യുവതാരങ്ങളും മികവ് കാട്ടുന്ന സാഹചര്യത്തില്‍ ത്രിപാഠിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ദുഷ്‌കരമായിരിക്കുമെന്ന് വിലയിരുത്താം. ദീപക് ഹൂഡയാണ് മറ്റൊരു താരം. സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡയെ ഇന്ത്യ സജീവമായിത്തന്നെ അടുത്തകാലത്തായി പരിഗണിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്തുയരാന്‍ ഹൂഡക്ക് സാധിച്ചിട്ടില്ല. 9 മത്സരത്തില്‍ നിന്ന് 53 റണ്‍സാണ് ഹൂഡ നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ലഖ്‌നൗ ഹൂഡയെ പ്ലേയിങ് 11 നിന്ന് ഒഴിവാക്കുകയും ചെയ്തു. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഹൂഡയില്‍ പ്രതീക്ഷകളേറെയാണെങ്കിലും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഹൂഡക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക വളരെ ദുഷ്‌കരമായിരിക്കും.

സര്‍ഫറാസ് ഖാനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന് പറഞ്ഞ് നിരവധി പേരാണ് കഴിഞ്ഞിടെ രംഗത്തെത്തിയത്. താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളെല്ലാം ഗംഭീരമായതിനാല്‍ സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനുള്ള സാധ്യതയും കൂടുതലായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഫ്‌ളോപ്പ് ഷോ നടത്തി തീര്‍ത്തും നിരാശപ്പെടുത്തുകയാണ് സര്‍ഫറാസ് ഖാന്‍.
റിഷഭ് പന്തിന് പകരക്കാരനെന്ന റോളില്‍ ഡല്‍ഹി പരിഗണിച്ച താരമാണ് സര്‍ഫറാസ്. എന്നാല്‍ ഇത്തവണ തൊട്ടതെല്ലാം അദ്ദേഹത്തിന് പിഴക്കുന്നു. അതുകൊണ്ട് തന്നെ ഇനി സര്‍ഫറാസിന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ പ്രയാസമാണെന്ന് പറയാം. അമിത ശരീരഭാരമുള്ള താരത്തിന്റെ കീപ്പിങ്ങും മോശമായതിനാല്‍ സര്‍ഫറാസിനെ ഇന്ത്യ പിന്തുണക്കാന്‍ സാധ്യത കുറവാണ്.
ദീപക് ചഹാറാണ് മറ്റൊരു താരം. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന ദീപക്കിന് സിഎസ്‌കെയ്‌ക്കൊപ്പം മികവ് കാട്ടാന്‍ സാധിക്കുന്നില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും ദീപക്കിന് തിളങ്ങാനാവുന്നില്ല. മികച്ച യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കവെ ദീപക്കിന് തിരിച്ചുവരവ് പ്രയാസമാണെന്ന് പറയാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ അവസാന മത്സരത്തില്‍ നാല് ഓവറില്‍ 41 റണ്‍സാണ് ദീപക് വഴങ്ങിയത്.
മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താന്‍ ദീപക്കിന് സാധിക്കുന്നില്ല. ഡെത്ത് ഓവറുകളില്‍ തല്ലുകൊള്ളിയായി മാറുന്നു. മികച്ച സ്വിങ് കണ്ടെത്താന്‍ ശേഷിയുള്ള പേസറെന്ന നിലയില്‍ ദീപക്കില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ദീപക്കിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് കടുപ്പമായിരിക്കും.