ശക്തമായ ടീമിനെ ഇറക്കിയിട്ടും ഇത്തവണത്തെ ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ പുറത്തായ ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിച്ച സംഘത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ഒരുപിടി മികച്ച കളിക്കാരുണ്ടായിരുന്നു. പക്ഷെ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ റോയല്‍സിനായുള്ളൂ. വെറുമൊരു ജയം അകലെയാണ് നാലാംസ്ഥാനവും പ്ലേഓഫ് ബെര്‍ത്തും റോയല്‍സിനു നഷ്ടമായത്.
കഴിഞ്ഞ സീസണില്‍ റണ്ണറപ്പായ അതേ ടീമിനെ നിലനിര്‍ത്തിയാണ് റോയല്‍സ് ഇത്തവണ പോരിനു ഇറങ്ങിയത്. കൂടാതെ കൊച്ചിയില്‍ നടന്ന മിനി താരലേലത്തില്‍ മികച്ച ചില കളിക്കാരെക്കൂടി അവര്‍ ടീമിലേക്കു കൊണ്ടു വരികയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ പ്രകടനമാവര്‍ത്തിക്കാന്‍ റോയല്‍സിനു സാധിച്ചില്ല. കഴിഞ്ഞ ലേലത്തില്‍ ആകെ ഒമ്പതു താരങ്ങളെയാണ് റോയല്‍സ് വാങ്ങിയത്. ഇതില്‍ ആറു പേരെയും കളിപ്പിക്കുകയും ചെയ്തു.

സീസണില്‍ കാഴ്ചവച്ചിട്ടുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിങ് നല്‍കുകയാണെങ്കില്‍ ഇവര്‍ക്കു എത്ര ലഭിക്കുമെന്നു പരിശോധിക്കാം. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയ്ക്കായിരിക്കും (8/10) ഏറ്റവുമുയര്‍ന്ന റേറ്റിങ് ലഭിക്കുക. സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍- യുസ്വേന്ദ്ര ചഹല്‍ എന്നിവരുള്ളതിനാല്‍ തന്നെ സാംപയ്ക്കു അധികം മല്‍സരങ്ങളില്‍ അവസരം ലഭിച്ചില്ല. എങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ആറു മല്‍സരങ്ങളിലാണ് സാംപ കളിച്ചത്. ഇവയില്‍ നിന്നും എട്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 22 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
മലയാളി ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫാണ് (7.5/10) റേറ്റിങില്‍ രണ്ടാംസ്ഥാനത്ത്. 30 ലക്ഷം രൂപയക്കായിരുന്നു മുന്‍ സിഎസ്‌കെ പേസറെ റോയല്‍സ് വാങ്ങിയത്. മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. നാലു ഇന്നിങ്‌സുകളിലാണ് ആസിഫിനെ റോയല്‍സ് നായകന്‍ സഞ്ജു പരീക്ഷിച്ചത്. ഇവയില്‍ നിന്നും 9.86 ഇക്രോണമി റേറ്റില്‍ മൂന്നു വിക്കറ്റുകള്‍ അദ്ദേഹം നേടുകയും ചെയ്തു. അടുത്ത സീസണിലും ടീമില്‍ താന്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ആസിഫിനായിട്ടുണ്ട്.
ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ് മൂന്നാംസ്ഥാനത്ത് (6.5/10). അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ ലേലത്തില്‍ റോയല്‍സ് വാങ്ങിയത്. പക്ഷെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ റൂട്ടിനെ ടീമിലേക്കു റോയല്‍സ് കൊണ്ടുവന്നതില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഇലവനില്‍ നാലു വിദേശ താരങ്ങളെന്ന നിയന്ത്രണമുള്ളതിനാല്‍ റൂട്ടിന് മികവ് തെളിയിക്കാന്‍ വേണ്ടത്ര അവസരം കിട്ടിയില്ല.
രണ്ടു മല്‍സരങ്ങളില്‍ ടീമിലെത്തിയെങ്കിലും ഒന്നില്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ റോയല്‍സ് 59 റണ്‍സിനു ഓള്‍ഔട്ടായി നാണക്കേട് കുറിച്ച കളിയിലായിരുന്നു ഇത്. അന്നു അദ്ദേഹത്തിനു 15 ബോളില്‍ 10 റണ്‍സാണ് നേടാനായത്. റോയല്‍സിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെയാളും റൂട്ടായിരുന്നു. ഈ മല്‍സരത്തിനു ശേഷം അദ്ദേഹത്തിനു സ്ഥാനവും നഷ്ടമായി.

സ്പിന്നര്‍ മുരുഗന്‍ അശ്വിനാണ് (6/10) റേറ്റിങില്‍ നാലാംസ്ഥാനത്ത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനു റോയല്‍സിലെത്തിയ അദ്ദേഹത്തിനു മതിയായ അവസരം കിട്ടിയില്ല. രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അശ്വിനെ റോയല്‍സ് കളിപ്പിച്ചുളളൂ. ഇവയില്‍ നാലോവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. 13.25 എന്ന മോശം ഇക്കോണമി റേറ്റില്‍ റണ്‍സും വഴങ്ങി.
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡാണ് (5.5/10) റേറ്റിങില്‍ അഞ്ചാമന്‍. ലേലത്തില്‍ റോയല്‍സിന്റെ മാര്‍ക്വി സൈനിങ് കൂടിയായിരുന്നു അദ്ദേഹം. 5.75 കോടി രൂപയാണ് ഹോള്‍ഡര്‍ക്കായി റോയല്‍സ് മുടക്കിയത്. പക്ഷെ സീസണിലെ ഏറ്റവുമ വലിയ ഫ്‌ളോപ്പുകളിലൊന്നായി ഹോള്‍ഡര്‍ മാറി. എട്ടു മല്‍സരങ്ങളിലാണ് ഹോള്‍ഡറെ റോയല്‍സ് കളിപ്പിച്ചത്. ഇവയില്‍ നിന്നും 9.96 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ബാറ്റിങിലാവട്ടെ മൂന്നു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത ഹോള്‍ഡര്‍ നേടിയത് 12 റണ്‍സാണ്.
റേറ്റിങില്‍ അവസാന സ്ഥാനത്ത് മലയാളി ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിത്താണ് (5/10). സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തെ റോയല്‍സ് കളിപ്പിച്ചുള്ളൂ. ആര്‍സിബിയുമായുള്ള കളിയില്‍ ഇംപാക്ട് പ്ലെയറായി റണ്‍ചേസിനിടെ ഇറങ്ങിയ ബാസിത്തിനു ഒരു ബോളില്‍ ഒരു റണ്ണെടുക്കാനേ ആയുള്ളൂ.