കൊല്‍ക്കത്ത: റണ്‍മഴ കണ്ട ഐപിഎല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലറില്‍ 23 റണ്‍സിന്റെ വിജയമാണ് ഓറഞ്ച് ആര്‍മി സ്വന്തമാക്കിയത്. സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 229 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നു കൊല്‍ക്കത്തയ്ക്കു ഹൈദരാബാദ് നല്‍കിയത്. മറുപടിയില്‍ കൊല്‍ക്കത്ത ഏഴു വിക്കറ്റിനു 205 റണ്‍സെടുത്ത് മല്‍സരം അടിയറവച്ചു.
റണ്‍ചേസില്‍ നായകന്‍ നിതീഷ് റാണ (75) റണ്‍സുമായി പൊരുതിനോക്കിയെങ്കിലും റിങ്കു സിങൊഴികെ (58*) മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. നായകന്റെ കളി കെട്ടഴിച്ച റാണ 41 ബോളില്‍ ആറു സിക്‌സറും അഞ്ചു ഫോറുമടിച്ചു. തുടരെ രണ്ടാമത്തെ മാച്ചിലും റിങ്കു കസറിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 31 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പേസര്‍ ഉമ്രാന്‍ മാലിക്കിനെതിരേ റാണ ഒരോവറില്‍ വാരിക്കൂട്ടിയത് 28 റണ്‍സായിരുന്നു. നാലു ഫോറും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. പവര്‍പ്ലേയിലെ അവസാന ഓവറിലായിരുന്നു റാണ ഉമ്രാനെ കശാപ്പ് ചെയ്തത്. റാണയെക്കൂടാതെ എന്‍ ജഗദീശന്‍ 36 റണ്‍സ് നേടി. പക്ഷെ റഹ്മാനുള്ള ഗുര്‍ബാസ് (0), സുനില്‍ നരെയ്ന്‍ (0), ആന്ദ്രെ റസ്സല്‍ (3) എന്നിവര്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറി.
കെകെആറിന്റെ തുടക്കം ദയനീയമായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഗുര്‍ബാസിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കി. വെങ്കടേഷിനെയും നരെയ്‌നെയും നാലാം ഓവറിലെ അടുത്തടുത്ത ബോളുകളില്‍ മാര്‍ക്കോ യാന്‍സണ്‍ പുറത്താക്കിയതോടെ കെകെആര്‍ മൂന്നിന് 20 റണ്‍സിലേക്കു കൂപ്പുകുത്തി. പക്ഷെ നാലാം വിക്കറ്റില്‍ ജഗദീശനും റാണയും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടുമായി കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

നേരത്തേ ഓപ്പണര്‍ ഹാരി ബ്രൂക്കിന്റെ (100*) കിടിലന്‍ സെഞ്ച്വറിയാണ് ഹൈദരാബാദിനെ വന്‍ ടോട്ടലിലെത്തിച്ചത്. നാലു വിക്കറ്റിനു 228 റണ്‍സ് അവര്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു. നേരത്തേ കളിച്ച മൂന്നു ഇന്നിങ്‌സുകളിലും ബ്രൂക്ക് ബാറ്റിങില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ മൂന്നാം മാച്ചില്‍ താരം തനിനിറം പുറത്തെടുക്കുകയായിരുന്നു. 55 ബോളില്‍ 12 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ഈ സീസണിലെ കന്നി സെഞ്ച്വറി കൂടിയാണ് ബ്രൂക്ക് തന്റെ പേരിലാക്കിയത്. നായകന്‍ എയ്ഡന്‍ മാര്‍ക്രമാണ് (50) ഹൈദാരാബാദിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 26 ബോളില്‍ അദ്ദേഹം അഞ്ചു സിക്‌സറും രണ്ടു ഫോറുമടിച്ചു. അഭിഷേക് ശര്‍മ 17 ബോളില്‍ 32 റണ്‍സുമായി മിന്നിച്ചു.
ടോസിനു ശേഷം കെകെആര്‍ നായകന്‍ നിതീഷ് റാണ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തിയാണ് കെകെആര്‍ ഇറങ്ങിയത്. എന്നാല്‍ ഹൈദരാബാദ് ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം അഭിഷേക് ശര്‍മയെ എസ്ആര്‍എച്ച് തിരിച്ചുവിളിക്കുകയായിരുന്നു.
അവസാന മാച്ചില്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ഷോക്ക് കൊടുത്ത ശേഷമാണ് കെകെആറിന്റെ വരവ്. റിങ്കു സിങിന്റെ ഹീറോയിസം തോല്‍വിയുടെ വക്കില്‍ നിന്നും കെകെആറിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. തോല്‍വിയോടെയായിരുന്നു കെകെആറിന്റെ സീസണ്‍ തുടങ്ങിയത്. ആദ്യ മാച്ചില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഏഴു റണ്‍സിനായിരുന്നു കെകെആര്‍ തോല്‍വി സമ്മതിച്ചത്.
രണ്ടാമത്തെ മാച്ചില്‍ റോയല്‍ ചാഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞ് കെകെആര്‍ ലീഗിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. തികച്ചും ഏകപക്ഷീയമായ കളിയില്‍ 81 റണ്‍സിനായിരുന്നു കെകെആറിന്റെ വിജയം. അതിനു ശേഷമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മാച്ചിലെ ത്രില്ലിങ് വിജയം. യഷ് ദയാലെറിഞ്ഞ അവസാനത്തെ ഓവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകളടിച്ചാണ റിങ്കു ടീമിന് അവിശ്വസനീയ വിജയം നേടിക്കൊടുത്തത്.
അതേസമയം, ആദ്യത്തെ രണ്ടു മാച്ചുകളും തോറ്റായിരുന്നു ഹൈദരാബാദ് തുടങ്ങിയത്. സ്ഥിരം ക്യാപ്റ്റന്‍ മാര്‍ക്രമിനു പകരം ഭുവനേശ്വര്‍ കുമാറിനു കീഴിലാണ് എസ്ആര്‍എച്ച് ആദ്യ മാച്ചില്‍ കളിച്ചത്. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനോടു 72 റണ്‍സിന്റെ വന്‍ പരാജയം ഏറ്റുവാങ്ങി. രണ്ടാമത്തെ മാച്ചില്‍ മാര്‍ക്രം നായകസ്ഥാനത്തു തിരിച്ചെത്തിയെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു അഞ്ചു വിക്കറ്റിന്റെ തോല്‍വി രുചിച്ചു. എന്നാല്‍ മൂന്നാമത്തെ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഹൈദരാബാദ് തിരിച്ചുവരികയായിരുന്നു.
പ്ലെയിങ് ഇലവന്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), എന്‍ ജഗദീശന്‍, നിതീഷ റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, സുയാശ് ശര്‍മ, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.