കഴിഞ്ഞ ഐപിഎല്ലിലെ കിടിലന്‍ ക്യാപ്റ്റന്‍സിയിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. അതുവരെ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ടീമിനെ നയിച്ചിട്ടില്ലാത്ത അദ്ദേഹം ലീഗിലെ പുതിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ തന്നെ ചാംപ്യന്‍മാരാക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ വളരെ കൂളായാണ് ഹാര്‍ദിക് എല്ലായ്‌പ്പോഴും കാണപ്പെടുന്നത്.
ഇതോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഇംപാക്ടാണ് അദ്ദേഹത്തെ സമ്മര്‍ദ്ദങ്ങളെ കൂളായി അതിജീവിക്കാന്‍ സഹായിക്കുന്നതെന്നു പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കാരണം ധോണിക്കു കീഴില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ഹാര്‍ദിക്. മാത്രമല്ല അദ്ദേഹവുമായി ഇപ്പോഴും വളരെയധികം അടുപ്പം പുലര്‍ത്തുന്നയാളുമാണ്.

ഇപ്പോഴിതാ ധോണി തനിക്കു നല്‍കിയിട്ടുള്ള നിര്‍ണായകമായ ഒരു ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ദിക്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്റ്റാര്‍സ് ഓണ്‍ സ്റ്റാര്‍സെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ല്‍ ധോണി നല്‍കിയ ഒരു ഉപദേശം ഞാന്‍ ഇപ്പോഴും പിന്തുടരുന്നതാണ്. എന്നെ ഇതു കരിയറില്‍ വളരെയധികം സഹായിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്നത്തെ ഉപദേശം പിന്നീട് ഞാന്‍ മറ്റു പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഹാര്‍ദിക് വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിലെ, അല്ലെങ്കില്‍ ഏതെങ്കിലും മല്‍സരങ്ങളിലെ സമ്മര്‍ദ്ദം എങ്ങനെ അതിജീവിക്കാമെന്നായിരുന്നു ഞാന്‍ ധോണിയോടു ചോദിച്ചത്. ഒരു ബാറ്ററെന്ന നിലയിലും ബൗളറെന്ന നിലയിലും നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടായിരിക്കും.
അന്നു അദ്ദേഹം നല്‍കിയ ഉപദേശം ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ നോക്കി കളിക്കൂയെന്നായിരുന്നു ധോണി എനിക്കു നല്‍കിയ ഉപദേശം. സ്‌കോര്‍ ബോര്‍ഡില്‍ നോക്കി കളിക്കണം, പക്ഷെ നിന്റെ സ്‌കോര്‍ നോക്കരുത്. ടീമിനു എന്താണ് ആവശ്യമെന്നായിരിക്കണം ശ്രദ്ധിക്കേണ്ടത്.
അതു നിങ്ങളെ വ്യക്തിഗത നേട്ടങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ സഹായിക്കും. അതു ഞാനെന്ന ചിന്തയ്ക്കു പകരം നമ്മളെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഞാന്‍ എല്ലായ്‌പ്പോഴും നമ്മളെന്നു ചിന്തിക്കുന്നയാളാണ്. എന്റെ കാര്യത്തെക്കുറിച്ച് ആലോചിക്കാറില്ല. ധോണിയുടെ ആ ഉപദേശം എന്നെ കരിയറില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ എന്നെ അതു സഹായിക്കുകയും ചെയ്യുന്നതായി ഹാര്‍ദിക് പാണ്ഡ്യ വിശദമാക്കി.

നിങ്ങള്‍ നിങ്ങളെ തന്നെ മുന്നില്‍ വയ്ക്കുകയാണെങ്കില്‍ അതു എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടാക്കും. പക്ഷെ നിങ്ങള്‍ നിങ്ങളെ പിറകിലാക്കുകയും ടീമിനെ മുന്നിലേക്കു കൊണ്ടു വരികയും ചെയ്താല്‍ ഇതു ടീമിനൊപ്പം കൂട്ടായി ഒരു ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഞാന്‍ അംഗീകരിക്കുകയും ഇപ്പോഴും പിന്തുടരുകയും ചെയ്യുന്നത് ഇതു തന്നെയാണെന്നും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന ജിടി ഈ സീസണിലും ഹാര്‍ദിക്കിനു കീഴില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 10 പോയിന്റോടെ ലീഗില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും രാജസ്ഥാന്‍ റോയല്‍സിനോടുമാണ് ഇത്തവണ ജിടി പരാജയം രുചിച്ചത്.