ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നിര്‍ണായക താരങ്ങളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും. ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ഫിനിഷിങ് റോള്‍ കൂടി ഇവരെ ഇന്ത്യ ഏല്‍പ്പിച്ചിരിക്കുകയാണ്. റണ്‍ചേസിലാണെങ്കിലും ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ കുറഞ്ഞ ബോളില്‍ പരമാവധ റണ്‍സ് ഹാര്‍ദിക്കില്‍ നിന്നും ജഡ്ഡുവില്‍ നിന്നും ടീമിനു ലഭിച്ചേ തീരൂ.
അല്ലെങ്കില്‍ ഇവരുടെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടും. അതു തന്നെയായിരിക്കും വൈകാതെ സംഭവിക്കാന്‍ പോവുന്നതെന്നാണ് ആരാധകര്‍ കരുതുന്നത്. കാരണം ഫിനിഷിങില്‍ ഇരുവരുടെയും ഗ്രാഫ് ഇപ്പോള്‍ താഴേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പുമെല്ലാം ഈ വര്‍ഷം നടക്കാനിരിക്കെ ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണിത്.

ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ ഇതുവരെ നടന്ന ഒരു മല്‍സരത്തില്‍പ്പോലും ഫിനിഷറുടെ റോളില്‍ ഹാര്‍ദിക്കിനോ, ജഡേജയ്‌ക്കോ തിളങ്ങാനായിട്ടില്ല. അവസാനമായി ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് ഫിനിഷിങില്‍ ഫ്‌ളോപ്പായതു കാരണം ടീം പരാജയപ്പെട്ടു.
കളിയില്‍ വണ്‍ഡൗണായി ക്രീസിലെത്തിയ അദ്ദേഹം അവസാനം വരെ നോട്ടൗട്ടായി ക്രീസില്‍ തുടര്‍ന്നിട്ടും ടീമിനെ വിജയിപ്പിക്കാനായില്ല. 53 ബോളില്‍ 59 റണ്‍സാണ് ഹാര്‍ദിക് സ്‌കോര്‍ ചെയ്തത്. ഫിഫ്റ്റിയടിച്ചിട്ടും ടീമിനെ ജയിപ്പിക്കാന്‍ കഴിയാതെ പോയതില്‍ അദ്ദേഹം വിമര്‍ശനം നേരിടുകയാണ്.

ജിടിയുടെ ക്യാപ്റ്റന്‍സി കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറ്റെടുത്ത ശേഷം ബാറ്റിങില്‍ തന്റെ ശൈലി ഹാര്‍ദിക് അടിമുടി മാറ്റിയിരിക്കുകയാണ്. നേരത്തേ മുംബൈ ഇന്ത്യന്‍സില്‍ കണ്ട ഹാര്‍ദിക്കിനെയല്ല ഇപ്പോള്‍ ജിടിയില്‍ കാണാന്‍ സാധിക്കുന്നത്. വണ്‍ ഡൗണായി ഇറങ്ങി ആങ്കറുടെ റോള്‍ ഏറ്റെടുക്കുന്ന അദ്ദേഹം ഫിനിഷിങ് പൂര്‍ണമായി ഉപേക്ഷിച്ച മട്ടാണ്.
ജിടിയില്‍ ഈ റോള്‍ ഓക്കെയൈണെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇന്ത്യക്കു ആവശ്യം ഫിനിഷറായ പഴയ ഹാര്‍ദിക്കിനെയാണ്. കാരണം ആങ്കറുടെ റോള്‍ വഹിക്കാന്‍ വേറെ നിരവധി പേരുണ്ട്. അതിനാല്‍ തന്നെ തന്റെ ഫിനിഷിങ് ടച്ച് ഹാര്‍ദിക് തിരിച്ചുപിടിച്ചേ തീരൂ.
മുംബൈ ഇന്ത്യന്‍സ് വിട്ടതിനു ശേഷമാണ് ബാറ്റിങില്‍ തന്റെ റോളും ഹാര്‍ദിക് മാറ്റിയത്. രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈയ്ക്കു വേണ്ടി ഫിനിഷറായി പല ഇടിവെട്ട് ഇന്നിങ്‌സുകളും അദ്ദേഹം നേരത്തേ കളിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആ പഴയ ഹാര്‍ദിക്കിനെ ആരാധകര്‍ മിസ്സ് ചെയ്യുകയാണ്.
ഈ സീസണിലെ ഐപിഎല്ലില്‍ മാത്രമല്ല കഴിഞ്ഞ സീസണിലും ജിടിയില്‍ ആങ്കറുടെ റോളിലായിരുന്നു അദ്ദേഹത്തെ കണ്ടത്. ഇത്തവണ എട്ടു ഇന്നിങ്‌സുകളിലാണ് ഹാര്‍ദിക് കളിച്ചത്. ഇവയില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 117.03 മാത്രമാണ്. ടി20 ഫോര്‍മാറ്റില്‍ അത്ര മികച്ച സ്‌ട്രൈക്ക് റേറ്റല്ല ഇതെന്നു ഉറപ്പിച്ച് പറയാം.
അതേസമയം, രവീന്ദ്ര ജഡേജയും അവസ്ഥയും ഏറെക്കുറെ ഇതുപോലെ തന്നെയാണ്. ഹാര്‍ദിക്ക് ആങ്കറുടെ റോളിലേക്കു മാറുകയായിരുന്നുവെങ്കില്‍ ജഡ്ഡു മറ്റൊരു റോളിലേക്കു മാറുകയൊന്നും ചെയ്തിട്ടില്ല. പക്ഷെ ബാറ്റിങ് മറന്നു പോയതു പോലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. ബോള്‍ ശരിയായി കണക്ട് ചെയ്യാനോ, വലിയ ഷോട്ടുകള്‍ കളിച്ച് ടീമിന്റെ സ്‌കോറിങ് ഉയര്‍ത്താനോ ജഡേജയ്ക്കു സാധിക്കുന്നില്ല.

ഐപിഎല്ലില്‍ അല്ലാതെ മറ്റൊന്നിലും കളിക്കാത്ത നായകന്‍ എംഎസ് ധോണി പോലും ജഡ്ഡുവിനേക്കാള്‍ നന്നായി ഫിനിഷിങില്‍ തിളങ്ങുന്നുണ്ട്. പക്ഷെ ജഡേജ പലപ്പോഴും ക്രീസിലെത്തിയാല്‍ തട്ടിയും മുട്ടിയും നിന്ന് ടീമിന്റെ സ്‌കോറിങിന്റെ വേഗത കുറയ്്ക്കുന്നതാണ് മുന്‍ മല്‍സരങ്ങളില്‍ കണ്ടത്.
ഈ സീസണില്‍ സിഎസ്‌കെയുടെ ഒമ്പതു മല്‍സരങ്ങളില്‍ ഏഴ് ഇന്നിങ്‌സുകളിലാണ് ജഡേജയ്ക്കു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇവയില്‍ നിന്നും നേടിയിരിക്കുന്നത് 92 റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 25 റണ്‍സാണ്. സിഎസ്‌കെയ്ക്കായി ആറ്- ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന ജഡ്ഡു ഏഴിന്നിങ്‌സുകളില്‍ നേടിയത് വെറും അഞ്ച് സിക്‌സറുകളാണ്.
അദ്ദേഹത്തേക്കാള്‍ താഴെയിറങ്ങി, വളരെ കുറച്ചു ബോളുകള്‍ മാത്രം നേരിടാന്‍ അവസരം ലഭിച്ച ധോണി (എട്ട് സിക്‌സര്‍) പോലും ഇതിനേക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ജഡ്ഡുവിന്റെ പ്രകടനം അംഗീകരിക്കാവുന്നതല്ല.
അതിനാല്‍ തന്നെ പുതിയൊരു ഫിനിഷറെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു കണ്ടെത്തേണ്ടി വരുമോയെന്നതാണ് ചോദ്യം. നിലവില്‍ ഹാര്‍ദിക്കും ജഡേജയും കഴിഞ്ഞാല്‍ ഏറ്റവും ഓപ്ഷന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. മികച്ച ഫോമിലുള്ള അദ്ദേഹത്തിനു ഫിനിഷറുടെ റോള്‍ ഭംഗിയാക്കാന്‍ സാധിക്കും. അക്ഷറല്ലെങ്കില്‍ മറ്റു ഓപ്ഷനുകള്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത രാഹുല്‍ തെവാത്തിയ, ജിതേഷ് ശര്‍മ, റിങ്കു സിങ് എന്നിവരാണ്.
ഫിനിഷിങിന്റെ കാര്യത്തില്‍ മൂന്നു പേരും ഒരുപോലെ അപകടകാരികളാണ്. ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ഗംഭീര പ്രകടനമാണ് മൂവരും നടത്തിക്കൊണ്ടിരിക്കുന്നത്. റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ് 151.68ഉം തെവാത്തിയയുടേത് 203.22ഉം ജിതേഷിന്റേത് 162.39ഉം ആണ്.