അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ അത്ഭുത തിരിച്ചുവരവ് കാഴ്ചവെച്ച താരമാണ് വിജയ് ശങ്കര്‍. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വലിയ വിമര്‍ശനം കേട്ടിട്ടുള്ള വിജയ് ഇത്തവണ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചാണ് കൈയടി നേടുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ താരം ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തിയതോടെ പ്രകടനം ആകെ മാറിയിരിക്കുകയാണ്.
വിജയ് ശങ്കറിന്റെ വലിയ മാറ്റത്തിന് പിന്നില്‍ ഗുജറാത്ത് ടീം മാനേജ്‌മെന്റിന് വലിയ പങ്കുണ്ടെന്ന് പറയാം. തൊട്ടതെല്ലാം പൊന്നാക്കുന്ന ആശിഷ് നെഹ്‌റയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇത്തവണയും മികച്ച നിലയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇപ്പോഴിതാ തന്റെ മാറ്റത്തിന് പിന്നിലെ ഹര്‍ദിക്കിന്റെ സ്വാധീനവും നായകനെന്ന നിലയില്‍ ഹര്‍ദിക്കിന്റെ വളര്‍ച്ചയുടെ രഹസ്യവും പറയുകയാണ് വിജയ് ശങ്കര്‍.

ധോണിയെപ്പോലെ വലിയ ക്രിക്കറ്റ് ബുദ്ധിയുള്ളയാളാണ് ഹര്‍ദിക്കെന്നും പ്രയാസമുള്ള സാഹചര്യത്തില്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടെന്നും ഇതാണ് താരത്തെ മറ്റ് നായകന്മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നുമാണ് വിജയ് ശങ്കര്‍ പറയുന്നത്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ചത് ഹര്‍ദിക്കിന്റെ ഈ നേതൃത്വത്തിലെ മികവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'വളരെ ആക്രമണോത്സകതയുള്ള നായകനാണ് ഹര്‍ദിക്. പ്രതിസന്ധി ഘട്ടങ്ങളില്‍ അതില്‍ നിന്ന് പുറത്തുവരാനുള്ള മികച്ച തീരുമാനങ്ങളെടുക്കാന്‍ ഹര്‍ദിക്കിന് കഴിവുണ്ട്. എപ്പോഴും ടീമിന്റെ വിജയത്തെക്കുറിച്ച് മാത്രമാണ് ഹര്‍ദിക് ചിന്തിക്കുന്നത്. സ്വയം ഉത്തരവാദിത്തമേറ്റെടുത്ത് അത് നടപ്പിലാക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ രോഹിത് ശര്‍മയുടെ വിക്കറ്റെടുത്തത് ഇതിന് ഉദാഹരണമാണ്.
നായകനെന്ന നിലയില്‍ എല്ലാ കാര്യത്തിലും മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പ്രകടനത്തിലൂടെ കാട്ടിത്തരുന്ന നായകനാണ് ഹര്‍ദിക്'-വിജയ് ശങ്കര്‍ പറഞ്ഞു. കൃത്യമായ പദ്ധതികള്‍ എപ്പോഴും ഹര്‍ദിക്കിനുണ്ട്. പിഴവുകള്‍ക്ക് മാപ്പ് നല്‍കാത്ത നായകനാണ് അദ്ദേഹം. സീനിയര്‍ താരങ്ങളെപ്പോലും പരസ്യമായി ശകാരിക്കാന്‍ ഹര്‍ദിക് മടികാട്ടില്ല.
എല്ലാത്തിലുമപരി ടീമിന്റെ വിജയത്തിന് ഹര്‍ദിക് പ്രാധാന്യം നല്‍കുന്നു. ബാറ്റിങ്ങില്‍ മൂന്നാം നമ്പറിലിറങ്ങി ടീമിനായി പൊരുതാന്‍ ഹര്‍ദിക് തയ്യാറാവുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗുജറാത്ത് തോല്‍വി വഴങ്ങിയെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് മികച്ച നായക മികവിലൂടെ ഹര്‍ദിക് ഗുജറാത്തിന് ജയം നേടിക്കൊടുത്തത്. അസാധ്യമെന്ന് തോന്നുന്നത് നടപ്പിലാക്കാന്‍ ഹര്‍ദിക്കിനാവുന്നു. മത്സരത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്.

സീസണില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്ക് മടങ്ങിവരവ് സ്വപ്‌നം കാണുന്നുണ്ടോയെന്നതിനോടും വിജയ് ശങ്കര്‍ പ്രതികരിച്ചു. 'സത്യസന്ധമായി പറഞ്ഞാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ടീമിനായി കളി ജയിപ്പിക്കുക എന്നത് മാത്രമാണ് ആലോചിക്കുന്നത്. എല്ലാ മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്നത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
ടീമിന്റെ വിജയങ്ങളില്‍ ഭാഗമാവാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. പ്രതീക്ഷകളില്ലാതെ കളിക്കാനാണ് ഇപ്പോള്‍ ഇഷ്ടം'-വിജയ് കൂട്ടിച്ചേര്‍ത്തു. 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ അമ്പാട്ടി റായിഡുവിനെ തഴഞ്ഞ് ഇന്ത്യ പരിഗണിച്ച താരമാണ് വിജയ് ശങ്കര്‍. എന്നാല്‍ ഫ്‌ളോപ്പായതോടെ തഴയപ്പെട്ടു. ത്രീഡി പ്ലയറാണെന്നാണ് അന്ന് പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞത്. ഇത് നിരവധി ട്രോളുകള്‍ക്കും കാരണമായി.
എന്നാല്‍ എല്ലാ വിമര്‍ശകരുടെയും വായ മൂടിക്കെട്ടി വെടിക്കെട്ട് നടത്താന്‍ വിജയിക്കാവുന്നു. വിജയിയെ ഫിനിഷര്‍ റോളിലും മധ്യനിരയിലുമെല്ലാം ഉപയോഗിക്കാന്‍ ധൈര്യം കാട്ടുന്ന ഗുജറാത്തിനോട് 100 ശതമാനം നീതി പുലര്‍ത്താന്‍ ഇപ്പോള്‍ വിജയ് ശങ്കറിന് സാധിക്കുന്നു. മനോഹരമായ ഷോട്ടുകള്‍ കളിക്കുന്ന താരം സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടുന്നു. കടന്നാക്രമിക്കാനുള്ള ധൈര്യം ഇപ്പോള്‍ താരം കാട്ടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.