ഐപിഎല്ലിന്റെ ഈ സീസണിലും പുതിയ താരോദയങ്ങളെ ക്രിക്കറ്റ് ലോകം കണ്ടുകഴിഞ്ഞു. ഇവരില്‍ ചിലര്‍ക്കു വൈകാതെ തന്നെ ദേശീയ ടീമില്‍ നിന്നും വിളിയെത്തുമെന്നും ഉറപ്പാണ്. മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ, നെഹാല്‍ വദേര, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ റിങ്കു സിങ്, ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍, രാജസ്ഥാന്‍ റോല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, പഞ്ചാബ് കിങ്‌സിന്റെ ജിതേഷ് ശര്‍മ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കായിരിക്കും ഇന്ത്യന്‍ ടീമിലേക്കു ആദ്യം വിളിയെത്തുകയെന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെകെആറിനായി ഫിനിഷറുടെ റോളില്‍ കസറുന്ന റിങ്കു സിങായിരിക്കും ആദ്യം ഇന്ത്യക്കു വേണ്ടി അരങ്ങേറുകയെന്നാണ് ഹര്‍ഭജന്‍ പ്രവചിച്ചിരിക്കുന്നത്. 25കാരനായ താരം കെകെആറിനായി മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 11 മല്‍സരങ്ങളില്‍ നിന്നും 151.12 സ്‌ട്രൈക്ക് റേറ്റോടെ, 56.16 ശരാശരിയില്‍ 337 റണ്‍സ് റിങ്കു നേടിക്കഴിഞ്ഞു.
രണ്ടു ഫിഫ്റ്റകളും ഇതിലുള്‍പ്പെടും. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന ഓവറില്‍ അഞ്ചും പഞ്ചാബ് കിങ്‌സിനെതിരേ അവസാന ബോളില്‍ ബൗണ്ടറിയും പായിച്ച് റിങ്കു ഫിനിഷിങില്‍ ഹീറോയായി മാറിയിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്പ് റിങ്കു സിങിന്റെ തലയില്‍ നിന്നും അധികം അകലത്തല്ല. അവന്‍ ശരിക്കും പ്രചോദനാത്മക കളിക്കാരനാണ്. ഒരുപാട് ദൂരം ഓടുകയും കഠിനാധ്വാനം നടത്തുകയും ചെയ്ത ശേഷമണ് റിങ്കു ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നത്. തന്നില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ച അവനു തന്നെയാണ് ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടത്. അവന്റെ ജീവിതയാത്ര എല്ലാ കുട്ടികള്‍ക്കുമുള്ള പാഠം കൂടിയാണ്. എല്ലാവരും റിങ്കുവിനെ കണ്ടു പഠിക്കണമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവില്‍ ഹര്‍ഭജന്‍ സിങ് ആവശ്യപ്പെട്ടു.

ഈ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്ററും തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫും ഇതിനോടു യോജിച്ചു. പക്വത മാത്രമല്ല റിങ്കു സിങിനെ മികച്ച ക്രിക്കറ്ററാക്കി മാറ്റുന്നത്. മികച്ച ഫുട്ട് വര്‍ക്കും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവും അവനെ മറ്റു ക്രിക്കറ്റര്‍മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. കൂടാത വളരെ ക്ലീന്‍ സ്‌ട്രൈക്കറാണ് റിങ്കു.
തന്റെ ആഗ്രഹം പോലെ സ്‌കോറിങിനു വേഗത കൂട്ടുവാനും മിടുക്കനാണ്. തന്റെ ഫോമിനെ എങ്ങനെ മികച്ച ഇന്നിങ്‌സുകളാക്കണമെന്നു റിങ്കുവിനറിയാം. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള അവന്‍ എതിര്‍ ടീമിനെ സംബന്ധിച്ച് വളരെ അപകടകാരിയാണന്നും മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ ഐപിഎല്ലിന്റെ കണ്ടെത്തലുകളിലൊന്നായിരുന്ന യുവ മധ്യനിര ബാറ്റര്‍ തിലക് വര്‍മ ഈ സീസണിലും മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലിനു ശേഷം താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈ നായകനും ഇന്ത്യന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ വൈകാതെ ഒരുപാട് ടീമുകളില്‍ താരത്തെ കാണാന്‍ സാധിക്കുമെന്നു അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയും തിലകിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.

തിലക് വര്‍മയുടെ പ്രകടനം കളിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നമ്മളെല്ലാം കണ്ടിട്ടുള്ളതാണ്. അവനു എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നു നമുക്കെല്ലാം അറിയാം. അവന്റെ സമീപനം എനിക്കു ഇഷ്ടമാണ്. തിലക് ബൗളറെ കളിക്കുന്നില്ല, ബോളാണ് കളിക്കുന്നത്. ഒരുപാട് ടീമുകളില്‍ അവന്‍ കളിക്കുന്നതു നമുക്കു കാണാം. ഇങ്ങനെയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരശേഷം രോഹിത് ശര്‍മയുടെ വാക്കുകള്‍.
മുംബൈയ്ക്കായി ഈ സീസണില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 45.66 ശരാശരിയില്‍ 158.38 സ്‌ട്രൈക്ക് റേറ്റോടെ 274 റണ്‍സ് തിലക് നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. എന്നാല്‍ പരിക്കു കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരായ അവസാനത്തെ രണ്ടു മല്‍സരങ്ങളിലും താരത്തിനു കളിക്കാനായിട്ടില്ല.