മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആവേശ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തവണയും വമ്പന്‍ താരങ്ങളെല്ലാം മികവ് കാട്ടുന്നുണ്ടെന്നതാണ് ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യം. വിരാട് കോലി ഓപ്പണിങ്ങില്‍ തിളങ്ങുമ്പോള്‍ എംഎസ് ധോണി ഫിനിഷറെന്ന നിലയിലും ശോഭിക്കുന്നു. ഇത്തവണ എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമായതിനാല്‍ ലാസ്റ്റ് ഓവര്‍ ത്രില്ലറുകളാണ് കാണാന്‍ സാധിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരെല്ലാം ഇത്തവണയും മികവ് തുടരുകയാണ്. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ ജോസ് ബട്‌ലര്‍ ഇത്തവണയും മികച്ച ബാറ്റിങ് പ്രകടനം നടത്തി കൈയടി നേടുകയാണ്. ശിഖര്‍ ധവാനും ഫഫ് ഡുപ്ലെസിസും റുതുരാജ് ഗെയ്ക് വാദുമെല്ലാം സ്ഥിരതയോടെ കളിക്കുന്നു. ഇപ്പോഴിതാ നിലവിലെ ഏറ്റവും ബെസ്റ്റ് ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കുകയാണ് ഹര്‍ഭജന്‍ സിങ്.

അത് രോഹിത് ശര്‍മയോ വിരാട് കോലിയോ അല്ലെന്നും ജോസ് ബട്‌ലറാണ് തന്റെ കാഴ്ചപ്പാടില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നുമാണ് ഹര്‍ഭജന്‍ പറയുന്നത്. 'ജോസ് ബട്‌ലറെക്കുറിച്ച് പ്രശംസിക്കാന്‍ എനിക്ക് വാക്കുകളില്ല. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണവന്‍. ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തുന്ന ബാറ്റ്‌സ്മാനായ ബട്‌ലര്‍ക്ക് മികച്ച സാങ്കേതികതയുമുണ്ട്.
നന്നായി ഫുട് വര്‍ക്ക് ചെയ്യാനും കഴിവുണ്ട്. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ള ബട്‌ലറാണ് നിലവിലെ സാഹചര്യത്തില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍'- ഹര്‍ഭജന്‍ സിങ് പറഞ്ഞു. ബട്‌ലറുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ജോസ് ബട് ലര്‍. 863 റണ്‍സാണ് അവസാന സീസണില്‍ ബട്‌ലര്‍ അടിച്ചെടുത്തത്. ഈ സീസണിലും രാജസ്ഥാനായി തകര്‍പ്പന്‍ പ്രകടനമാണ് ബട്‌ലര്‍ നടത്തുന്നത്.
നാല് മത്സരത്തില്‍ നിന്ന് 204 റണ്‍സാണ് അദ്ദേഹം നേടിയത്. നാലില്‍ മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടിയ ബട്‌ലര്‍ 51 ശരാശരിയിലും 170 സ്‌ട്രൈക്കറേറ്റിലുമാണ് കളിക്കുന്നത്. നിലവിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ബട്‌ലര്‍. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് തലപ്പത്തുണ്ട്. ബട്‌ലറുടെ പ്രകടനം രാജസ്ഥാന്റെ കുതിപ്പില്‍ നിര്‍ണ്ണായകമാണ്.

അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചിരുന്നു. ചെന്നൈയുടെ തട്ടകത്തിലായിരുന്നു രാജസ്ഥാന്റെ തകര്‍പ്പന്‍ ജയം. രാജസ്ഥാന് ചരിത്ര ജയം നേടിക്കൊടുത്തതിന് പിന്നിലും ബട്‌ലറുടെ ബാറ്റിങ് മികവിന് വലിയ പങ്കുണ്ട്. ബട്‌ലറുടെ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനെ ഭേദപ്പെട്ട ടോട്ടലിലേക്കെത്തിച്ചത്. ഐപിഎല്ലില്‍ 86 മത്സരത്തില്‍ നിന്ന് 3035 റണ്‍സ് ഇതിനോടകം അദ്ദേഹം നേടി.
40ന് മുകളില്‍ ശരാശരിയും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുള്ള താരമാണ് ബട്‌ലര്‍. അഞ്ച് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറില്‍ ഉള്‍പ്പെടും. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി വരവറിയിച്ചിരുന്നു. രണ്ടാം മത്സരത്തിലും ഭേദപ്പെട്ട് നിന്ന സഞ്ജു പിന്നീടങ്ങോട്ട് രണ്ട് മത്സരത്തിലും പൂജ്യത്തിനാണ് പുറത്തായത്.

സൂര്യകുമാര്‍ യാദവും ഈ സീസണില്‍ നിരാശപ്പെടുത്തുകയാണ്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. എന്നാല്‍ അവസാന ആറ് ഇന്നിങ്‌സില്‍ നിന്ന് നാല് തവണയാണ് അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായത്. ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനങ്ങളില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രമുഖ താരം സൂര്യകുമാറാണ്. 41ാം വയസിലും എംഎസ് ധോണി ഫിനിഷറെന്ന നിലയില്‍ കൈയടി നേടുന്നു.
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്ന് റണ്‍സിന് സിഎസ്‌കെ തോറ്റപ്പോഴും ധോണി ബാറ്റിങ് മികവ് കാട്ടി കൈയടി നേടിയിരുന്നു. നിലവില്‍ നാല് മത്സരത്തില്‍ നിന്ന് 233 റണ്‍സുമായി ശിഖര്‍ ധവാനാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. 209 റണ്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്താണ്.