ഗുജറാത്ത്: ഐപിഎല്ലിന്റെ അവസാന സീസണില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കപ്പടിച്ചത്. ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ അണിനിരന്ന ഗുജറാത്ത് ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് കപ്പടിച്ചത്. നായകനെന്ന നിലയില്‍ സ്വയം മുന്നില്‍ നിന്ന് നയിച്ചാണ് ഹര്‍ദിക് ടീമിനെ കിരീടത്തിലേക്കെത്തിച്ചത്. ഫൈനലിലടക്കം ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് ഷോയാണ് കണ്ടത്.

ആശിഷ് നെഹ്‌റയെന്ന കൗശലക്കാരനായ പരിശീലകന്റെ ബുദ്ധിയും ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലുണ്ട്. അവസാന സീസണിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇത്തവണയും ഗുജറാത്ത് ഇറങ്ങുന്നത്. അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പടിക്കാന്‍ സാധിച്ചതിനാല്‍ ഗുജറാത്തിന്റെ ആരാധക പിന്തുണയിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പ്രഥമ സീസണില്‍ രാജസ്ഥാന്‍ അത്ഭുതം സൃഷ്ടിച്ചതുപോലെയാണ് ഗുജറാത്തിന്റെ വരവും.
ശരാശരി ടീമിനെവെച്ച് അത്ഭുതം സൃഷ്ടിച്ച ഗുജറാത്തിന് ഇത്തവണ കിരീടം നിലനിര്‍ത്തുക എളുപ്പമാവില്ല. പല പ്രശ്‌നങ്ങളും ടീമിനെ പിന്നോട്ടടിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ടീം കരുത്ത് വിലയിരുത്തി ഇത്തവണ ടീമിന് തിരിച്ചടിയാവാന്‍ സാധ്യതയുള്ള പ്രധാന ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ച് വിലയിരുത്താം.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും വലിയ പ്രശ്‌നം നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. ഹര്‍ദിക്കിന്റെ ബാറ്റിങ്ങും ബൗളിങ്ങുമാണ് ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഫൈനലില്‍ ബാറ്റിങ്ങിനിറങ്ങി 30 പന്തില്‍ 34 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്. 3 ഫോറും ഒരു സിക്‌സും പറത്തി.
ബൗളിങ്ങിലും ഹര്‍ദിക് മികച്ച നിന്നു. 4 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നീ പ്രധാന രാജസ്ഥാന്‍ താരങ്ങളുടെ വിക്കറ്റാണ് ഹര്‍ദിക് നേടിയത്. ഇത്തവണയും രാജസ്ഥാന്റെ ഓള്‍റൗണ്ട് മികവിനെ ഗുജറാത്ത് അമിതമായി ആശ്രയിക്കുന്നു. ഇത് തിരിച്ചടിയായേക്കും.
രണ്ടാമത്തെ പ്രശ്‌നം മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്ലെന്നതാണ്. ശുബ്മാന്‍ ഗില്‍ ഗുജറാത്തിന്റെ ഓപ്പണിങ്ങില്‍ സ്ഥാനമുറപ്പുള്ള താരമാണ്. എന്നാല്‍ ഒപ്പം ആരെന്നത് പ്രധാന ചോദ്യം. അവസാന സീസണില്‍ മാത്യു വേഡ്, വൃദ്ധിമാന്‍ സാഹ എന്നിവരെയാണ് ഗുജറാത്ത് ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്. ഇത്തവണയും സാഹയെ ഗുജറാത്തിന് ആശ്രയിക്കേണ്ടി വരും.
സാഹയുടെ സ്ഥിരതയില്ലായ്മ ഗുജറാത്തിന് തിരിച്ചടിയായേക്കും. വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള താരമാണ് സാഹ. എന്നാല്‍ സ്ഥിരതയില്ലാത്തതിനാല്‍ ഓപ്പണിങ്ങില്‍ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. മിനി ലേലത്തില്‍ ടീമിലെത്തിച്ച കെയ്ന്‍ വില്യംസണെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാവുന്നതാണ്. എന്നാല്‍ വില്യംസണിന്റെ മെല്ലപ്പോക്കും ടീമിന് തിരിച്ചടിയായി മാറാനാണ് സാധ്യത.

കെ എസ് ഭരത്, മാത്യു വേഡ് എന്നിവരെ പരിഗണിച്ചാലും അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ല. അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കും ഓപ്പണിങ്ങില്‍ അവസരം നല്‍കാനാവില്ല. ഇത്തവണ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പോരായ്മ ഗുജറാത്ത് ടൈറ്റന്‍സിനെ തളര്‍ത്തുമെന്നത് ഏറെക്കുറെ ഉറപ്പിച്ച് പറയാവുന്നതാണ്. സാഹയോ വില്യംസണോ ശുബ്മാന്‍ ഗില്ലിനൊപ്പം എത്താനാണ് സാധ്യത.
മൂന്നാമത്തെ പ്രശ്‌നം പേസ് ബൗളിങ്ങാണ്. മുഹമ്മദ് ഷമിയാണ് ഹൈദരാബാദിന്റെ വജ്രായുധം. അവസാന സീസണില്‍ ബൗളിങ്ങില്‍ മികവ് കാട്ടാന്‍ ഷമിക്ക് സാധിച്ചുവെന്നത് വസ്തുതയാണ്. എന്നാല്‍ ടി20യിലെ കണക്കുകള്‍ നോക്കിയാല്‍ ഷമി വലിയ മികവ് കാട്ടുന്ന ബൗളറല്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത പേസറാണ്. ഐപിഎല്ലില്‍ 8.52 ആണ് ഇക്കോണമി. ഡെത്ത് ഓവറുകളിലൊന്നും വിശ്വസിക്കാന്‍ സാധിക്കില്ല.
ലോക്കി ഫെര്‍ഗൂസനെ കൈവിട്ടുകളഞ്ഞ ഗുജറാത്ത് ശിവം മാവി, യാഷ് ദയാല്‍, ഒഡീന്‍ സ്മിത്ത്, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്, ജോഷ്വാ ലിറ്റില്‍, അല്‍സാരി ജോസഫ് എന്നിവരുടെയൊക്കെ പേസ് മികവിലാണ് പ്രധാനമായും വിശ്വസിക്കുന്നത്. ഇവരില്‍ ടി20യില്‍ മികച്ച റെക്കോഡുള്ളവരായി ആരുമില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഗുജറാത്തിന് അവസാന സീസണിലെ മികവ് ആവര്‍ത്തിക്കുക കടുപ്പമാവും.