ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫില്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീം നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ടീം പ്ലേഓഫ് ബെര്‍ത്തിന് കൈയെത്തുംദൂരത്ത് നില്‍ക്കുകയാണ്. 11 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും മൂന്നു തോല്‍വിയുമടക്കം 16 പോയിന്റോടെയാണ് ജിടി തലപ്പത്തു നില്‍ക്കുന്നത്. ഇനി ശേഷിച്ചത് മൂന്നു മല്‍സരങ്ങളാണ്. നിലവില്‍ ജിടി പ്ലേഓഫില്‍ കളിക്കാനുള്ള സാധ്യത 99 ശതമാനമാണെങ്കിലും പുറത്താവാനുള്ള ഒരു ശതമാനം ഇപ്പോഴുമുണ്ടെന്നതാണ് യാഥാര്‍ഥ്യം.
ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ക്കൂടി വിജയിക്കാനായാല്‍ ജിടിക്കു പ്ലേഓഫിലേക്കു ടിക്കറ്റുറപ്പിക്കാം. പക്ഷെ അടുത്ത മൂന്നു കളിയും തോല്‍ക്കുകയാണെങ്കില്‍ ഹാര്‍ദിക്കും സംഘവും കുഴപ്പത്തിലാവും. വെള്ളിയാഴ്ച (മേയ് 12) അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ജിടിയുടെ അടുത്ത മല്‍സരം. ഫോമിലേക്കു തിരികെയെത്തിക്കഴിഞ്ഞ മുംബൈയ്‌ക്കെതിരേ അവര്‍ക്കു ജയം എളുപ്പമാവില്ല. ഈ മല്‍സരത്തിനു ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരുമായിട്ടാണ് ജിടിയുടെ അവസാന രണ്ടു കളികള്‍. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ഇരുടീമുകള്‍ക്കും ജിടിയെ തോല്‍പ്പിച്ചേ തീരൂ.

മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ഏതെങ്കിലുമൊരു ടീമിന്റെ അപ്രമാദിത്വം നമുക്ക് കാണാന്‍ സാധിക്കില്ല. 10 ടീമുകളും പ്ലേഓഫിനായി വീറുറ്റ പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സൊഴികെ ശേഷിച്ച ഒമ്പത് ടീമുകള്‍ക്കും ഇപ്പോഴും പ്ലേഓഫിലേക്കുള്ള വഴി അടഞ്ഞിട്ടില്ല.
ജിടി ഭയക്കേണ്ടതും ഇതു തന്നെയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണെങ്കിലും ജിടിയുടെ നെറ്റ് റണ്‍റേറ്റ് അത്ര മികച്ചെന്നു പറയാന്‍ കഴിയില്ല. +0.951 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങള്‍ വലിയ മാര്‍ജിനില്‍ തോറ്റാല്‍ ജിടിയുടെ നെറ്റ് റണ്‍റേറ്റ് ഇനിയും താഴേക്കു പോവും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് (15 പോയിന്റ്), മുംബൈ (12), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (11) എന്നിവരാണ് പോയിന്റ് പട്ടികയില്‍ ജിടിക്കു താഴെ രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍. സിഎസ്‌കെയും ലഖ്‌നൗവും അടുത്ത മല്‍സരങ്ങളെല്ലാം ജയിച്ചാല്‍ അവര്‍ ജിടിയെ പോയിന്റ് പട്ടികയില്‍ പിന്തള്ളും.
മുംബൈ അടുത്ത മൂന്നു കളിയില്‍ ലഖ്‌നൗവിനെതിരായ മല്‍സരമൊഴികെ രണ്ടെണ്ണം ജയിച്ചാല്‍ അവര്‍ 16 പോയിന്റുമായി ജിടിക്കൊപ്പമെത്തും. രാജസ്ഥാന്‍ റോയല്‍സിനെയും എഴുതിതള്ളാന്‍ കഴിയില്ല. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാല്‍ റോയല്‍സിനും 16 പോയിന്റാവും. മാത്രമല്ല നിലവില്‍ റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റും മികച്ചതാണ് (+0.388). അതുകൊണ്ടു തന്നെ പ്ലേഓഫിനായി ജിടിക്കും മുംബൈയ്ക്കു വെല്ലുവിളിയുമായി റോയല്‍സിനെയും പ്രതീക്ഷിക്കാം.

രണ്ടിലേറെ ടീം 16 പോയിന്റ് നേടുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റായിരിക്കം ടോപ്പ് ഫോറിനെ തീരുമാനിക്കുക. അവിടെ ജിയുടെ നെറ്റ് റണ്‍റേറ്റ് അത്ര മികച്ചത് അല്ലെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കണക്കിലെ ഈ കളികളെല്ലം ഒഴിവാക്കി പ്ലേഓഫിലേക്കു മുന്നേറണമെങ്കില്‍ അടുത്ത മൂന്നു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ഹാര്‍ദിക്കിനും സംഘത്തിനും ജയിച്ചേ തീരൂ. ഇതിനായില്ലെങ്കില്‍ മറ്റു മല്‍സര ഫലങ്ങള്‍ക്കായി ജിടിക്കു കാത്തിരിക്കേണ്ടി വരും.
ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ജിടി ഇത്തവണ രണ്ടു തുടര്‍ വിജയങ്ങളോടെയാണ് തുടങ്ങിയത്. മൂന്നാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങി. അടുത്ത മല്‍സരം ജയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോടു തോറ്റു. പിന്നെ തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍. നാലാമത്തേതില്‍ അടിതെറ്റി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായായ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു ജിടിയെ ഞെട്ടിച്ചത്. അതിനു ശേഷം തുുടരെ രണ്ടു കളികള്‍ ജയിച്ച ജിടി ഹാട്രിക് ജയവും പ്ലേഓഫ് ബെര്‍ത്തുമാണ് മുംബെയ്‌ക്കെതിരേ ലക്ഷ്യമിടുന്നത്.