അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആദ്യം പ്ലേ ഓഫിലെത്തുന്ന ടീമെന്ന നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ഈ നേട്ടത്തിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഒമ്പത് വിക്കറ്റിന് 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 9 വിക്കറ്റിന് 154 റണ്‍സാണെടുത്തത്. 34 റണ്‍സിന്റെ ആവേശ ജയം ഗുജറാത്തിനൊപ്പം.
മത്സരത്തില്‍ ഗുജറാത്തിന് കരുത്തായത് ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ്. 58 പന്തില്‍ 13 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. ഗില്ലിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി എല്ലാവരും ആഘോഷം ആക്കിയപ്പോള്‍ പരിശീലകന്‍ ആശിഷ് നെഹ്‌റ മാത്രം ഗില്ലിന്റെ തകര്‍പ്പന്‍ നേട്ടം ആഘോഷിച്ചില്ല. എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്‍ യാതൊരു ഭാവ വ്യത്യസവുമില്ലാതെ അവിടെ ഇരിക്കുകയാണ് നെഹ്‌റ ചെയ്തത്.

ഗൗരവത്തോടെ കാണപ്പെട്ട നെഹ്‌റ ശേഷം ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയോട് ദേഷ്യപ്പെടുകയും ചെയ്തു. പൊതുവേ താരങ്ങളോട് സൗമ്യതയോടെ പെരുമാറുകയും നേട്ടങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നയാളാണ് നെഹ്‌റയെങ്കിലും ഹൈദരാബാദിനെതിരേ അതുണ്ടായില്ല. ഇപ്പോഴിതാ അതിന്റെ കാരണം പുറത്തായിരിക്കുകയാണ്. 200ന് മുകളിലേക്കെത്തുമെന്ന് തോന്നിച്ച സ്‌കോര്‍ 188ലേക്കൊതുങ്ങിയിരുന്നു.
ഡെത്തോവറുകളില്‍ ടീമിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ഇത് പരിശീലകന്‍ നെഹ്‌റയെ അസ്വസ്തനാക്കി. ടീമിന് പ്രതീക്ഷിച്ച രീതിയില്‍ റണ്‍സുയര്‍ത്താനാവാത്തതാണ് നെഹ്‌റയെ നിരാശപ്പെടുത്തിയതെന്നും ഇതുകൊണ്ടാണ് അദ്ദേഹം ആഘോഷം നടത്താത്തതെന്നുമാണ് ആകാശ് ചോപ്ര പറഞ്ഞത്. 15 ഓവര്‍വരെ 10ന് മുകളിലായിരുന്നു ഗുജറാത്തിന്റെ റണ്‍റേറ്റ്. എന്നാല്‍ പിന്നീട് റണ്‍റേറ്റിടിഞ്ഞ് താഴോട്ട് പോകുന്നതാണ് കണ്ടത്.
അവസാന അഞ്ചോവറില്‍ തകര്‍പ്പന്‍ ബൗളിങ്ങാണ് ഹൈദരാബാദ് കാഴ്ചവെച്ചത്. അവസാന ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ഒരു റണ്ണൗട്ടുള്‍പ്പെടെ നാല് വിക്കറ്റാണ് വീഴ്ത്തിയത്. ഇത് ഗുജറാത്തിന്റെ പ്രതീക്ഷകള്‍ തെറ്റിക്കുന്നതായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായിട്ടും ടീം സ്ഥിരതയോടെ കളിക്കുന്നുണ്ടായിട്ടും തന്റെ പദ്ധതികള്‍ പ്രകാരം നടക്കാത്തതാണ് നെഹ്‌റയെ പ്രകോപിപ്പിച്ചത്. പദ്ധതികള്‍ കൃത്യമായി നടക്കണമെന്ന് വാശിയുള്ള പരിശീലകനാണ് നെഹ്‌റ.

അക്കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്യുന്നതും കുറവാണ്. അതുകൊണ്ട് തന്നെ ടീം ഡെത്തോവറില്‍ തകര്‍ന്നടിഞ്ഞത് നെഹ്‌റയെ ശരിക്കും ചൊടിപ്പിച്ചു. ഇതിന്റെ പേരിലാണ് നെഹ്‌റ ഹര്‍ദിക്കിനോടും ദേഷ്യപ്പെട്ടത്. ഹര്‍ദിക് ഉള്‍പ്പെടെ പലരും ബാറ്റിങ്ങില്‍ നിറം മങ്ങിയിരുന്നു. ഹര്‍ദിക് (8), ഡേവിഡ് മില്ലര്‍ (7), രാഹുല്‍ തെവാത്തിയ (3), ദസുന്‍ ഷണക (9*), റാഷിദ് ഖാന്‍ (0) എന്നിവരെല്ലാം പൂജ്യത്തിനാണ് പുറത്തായത്.
അതിവേഗം റണ്‍സുയര്‍ത്താന്‍ ആര്‍ക്കും സാധിക്കാതെ പോയി. ഇത് ഗുജറാത്തിന്റെ കണക്കുകൂട്ടലുകളാകെ തെറ്റിക്കുന്നതായിരുന്നു. ടീം മികച്ച ജയം നേടിയെങ്കിലും പ്ലേ ഓഫിനോടടുക്കവെ ഡെത്ത് ഓവറില്‍ ഇത്തരമൊരു മോശം പ്രകടനം നടത്തിയത് ടീമിന് ആശങ്കയുണ്ടാക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം സീസണിലും കപ്പടിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
മത്സരത്തെ മുന്നില്‍ നിന്ന് നയിച്ച് ജയിപ്പിക്കാന്‍ ഹര്‍ദിക്കിന് കഴിവുണ്ട്. എന്നാല്‍ ഈ സീസണിലെ താരത്തിന്റെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തുള്ളതായിരുന്നില്ല. പന്തുകൊണ്ടും സ്ഥിരതയില്ല. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവര്‍ പന്തുകൊണ്ട് മിന്നിക്കുന്നു. ഷമി പവര്‍പ്ലേയില്‍ തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ റാഷിദ് മധ്യനിരയില്‍ ശോഭിക്കുന്നു. ഒന്നിലധികം മാച്ച് വിന്നര്‍മാരാല്‍ സമ്പന്നമായ ഗുജറാത്ത്. അതുകൊണ്ട് തന്നെ ഇത്തവണയും കിരീട സാധ്യതയേറെയാണ്.