അഹമ്മദാബാദ്: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമായി മാറിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ഗുജറാത്ത് ഒരു മത്സരം ശേഷിക്കെ പ്ലേ ഓഫ് സീറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 9 വിക്കറ്റിന് 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 9 വിക്കറ്റിന് 154 റണ്‍സാണ് നേടാനായത്.
ഈ സീസണിലും കിരീടം നേടുമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവെക്കാന്‍ ഗുജറാത്തിന് ഈ സീസണിലും സാധിക്കുന്നു. ജയിച്ചെങ്കിലും 200ന് മുകളിലേക്ക് പോകേണ്ടിയിരുന്ന ഗുജറാത്തിന്റെ വിജയലക്ഷ്യം 188 റണ്‍സിലൊതുങ്ങിയത് ആരാധകരെ നിരാശപ്പെടുത്തുന്നു. അവസാന അഞ്ച് ഓവറില്‍ ഗുജറാത്ത് കളി മറന്നു. ഇതില്‍ എടുത്തു പറയേണ്ടത് ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങ് പ്രകടനമാണ്.

നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഭുവനേശ്വര്‍ വീഴ്ത്തിയത്. ഇതില്‍ ഭുവി എറിഞ്ഞ അവസാന ഓവറിലെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ആദ്യ പന്തില്‍ത്തന്നെ സെഞ്ച്വറി നേടി ക്രീസില്‍ നിന്ന ശുബ്മാന്‍ ഗില്ലിനെ ഭുവനേശ്വര്‍ പുറത്താക്കി. മുംബൈയെ വിറപ്പിച്ച് ഗംഭീര പ്രകടനം കാഴ്ചവെച്ച റാഷിദ് ഖാനെയും ഭുവി മടക്കിയപ്പോള്‍ മൂന്നാം പന്തില്‍ നൂര്‍ അഹമ്മദ് റണ്ണൗട്ടായി.
ഭുവിയുടെ മികവില്‍ ടീമിന് ഹാട്രിക് വിക്കറ്റും അവകാശപ്പെടാം. നാലാം പന്തില്‍ അരങ്ങേറ്റം കുറിച്ച ദസുന്‍ ഷണക സിംഗിള്‍ നേടിയപ്പോള്‍ അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ ഷമിയെയും മടക്കി അയച്ചു. അവസാന പന്തില്‍ ഒരു സിംഗിളും വഴങ്ങി. രണ്ട് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അവസാന ഓവറില്‍ പിറന്നത്. ഗുജറാത്തിന്റെ അനായാസമായി 200 കടക്കാമെന്ന മോഹത്തെയാണ് അനുഭവസമ്പന്നനായ ഭുവി പിടിച്ചുകെട്ടിയത്.
ഇപ്പോഴിതാ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങ് പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. ഭുവിയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്നും ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഡെത്ത് ഓവറിലും ന്യൂബോളിലും ഇപ്പോഴും ഭുവിക്ക് മികവ് കാട്ടാന്‍ സാധിക്കുമെന്നും ഏകദിന ലോകകപ്പില്‍ ഇന്ത്യക്കാവശ്യം ഇത്തരം ബൗളിങ്ങുകളാണെന്നും ആരാധകര്‍ പറയുന്നു. ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ്.
അതുകൊണ്ട് അനുഭവസമ്പന്നായ ഭുവിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. ഇടവേളയുണ്ടായെങ്കിലും പഴയ ഭുവിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഭുവിക്ക് ഈ സീസണില്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായിരുന്നില്ല. എന്നാല്‍ അതിന്റെ ക്ഷീണം തീര്‍ക്കുന്ന ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ഗുജറാത്തിനെതിരേ സാധിച്ചു. ഭുവി ഹൈദരാബാദ് വിട്ട് സിഎസ്‌കെയിലോ മുംബൈയിലോ കളിക്കണം.

അങ്ങനെ വന്നാല്‍ വീണ്ടുമൊരു ശക്തമായ തിരിച്ചുവരവ് സാധ്യമാവും. ഹൈദരാബാദില്‍ നിന്നാല്‍ രക്ഷപെടാനാവില്ലെന്നും ചതിയന്മാരുടെ നിരയാണ് ഹൈദരാബാദെന്നുമാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് ഭുവനേശ്വര്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. ശക്തമായ ബാറ്റിങ് നിരയുള്ള ഗുജറാത്തിനെതിരേ മികച്ച പ്രകടനം നടത്താനായത് തന്റെ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് താരം തെളിയിക്കുന്നതാണ്.
നിലവില്‍ പരിക്കേറ്റ് ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമിന് പുറത്താണ്. മടങ്ങിവരവില്‍ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ഈ സാഹചര്യത്തില്‍ ഭുവനേശ്വര്‍ കുമാറിനെപ്പോലെ അനുഭവസമ്പന്നനായ പേസര്‍ ഇന്ത്യക്കൊപ്പം വേണമെന്നാണ് ആരാധക പക്ഷം. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഭുവിക്ക് തിരിച്ചുവിളിയെത്താന്‍ സാധ്യത കുറവാണ്. ഏറെ നാളുകളായി ഇന്ത്യ പരിഗണിക്കാതെ മാറ്റിനിര്‍ത്തുന്ന ഭുവി ലോകകപ്പ് കളിക്കുമോയെന്നത് കണ്ടറിയാം.
ഗുജറാത്തിന്റെ മുഹമ്മദ് ഷമിയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ടി20 ടീമില്‍ സജീവമല്ലെങ്കിലും അവസാന രണ്ട് ഐപിഎല്‍ സീസണിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ ഷമിക്ക് സാധിച്ചു. നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. 13 മത്സരത്തില്‍ നിന്ന് 23 വിക്കറ്റുമായി ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ ഷമി തലപ്പത്തുണ്ട്.