ഐപിഎല്ലില്‍ തന്റെ കന്നി സെഞ്ച്വറി കുറിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. അതോടൊപ്പം രണ്ടു വമ്പന്‍ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കാന്‍ യുവതാരത്തിനു സാധിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചിലെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരത്തെ പുതിയ നാഴിക്കല്ലുകള്‍ പിന്നിടാന്‍ സഹായിച്ചത്. 22 ബോളുകളില്‍ ഫിഫ്റ്റി കണ്ടെത്തിയ ഗില്‍ 56 ബോളില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 101 റണ്‍സാണ് മല്‍സരത്തില്‍ താരം നേടിയത്. 13 ഫോറുകളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.
പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് ഹൈദരാബാദ് ബൗളിങിനുമേല്‍ കത്തിക്കയറുകയായിരുന്നു. അഫ്ഗാനിസ്താന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖിയെറിഞ്ഞ നാലാം തുടര്‍ച്ചയായി നാലു ഫോറുകളാണ് ഗില്‍ പായിച്ചത്. 22 ബോളുകളില്‍ നിന്നാണ് ഗില്‍ ഈ സീസണില്‍ തന്റെ അഞ്ചാമത്തെ ഫിഫ്റ്റി കണ്ടെത്തിയത്. ഇതിനിടെ കരിയറിലാദ്യമായി ഒരു ഐപിഎല്‍ സീസണില്‍ 500 പ്ലസ് റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ജിടിക്കു വേണ്ടി തന്നെ 483 റണ്‍സ് സ്‌കോര്‍ ചെയ്തതായിരുന്നു നേരത്തേ ഗില്ലിന്റെ ഏറ്റവും മികച്ച പ്രകടനം.

ഇതാണ് താരം ഇത്തവണ മെച്ചപ്പെടുത്തിയിരിക്കുന്നത്. 2020ലെ കന്നി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി 440 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 2021ല്‍ കെകെആറിനു വേണ്ടി തന്നെ 478 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഓരോ സീസണ്‍ കഴിയുന്തോറും ഗില്ലിന്റെ റണ്‍സമ്പാദ്യം ഉയര്‍ന്നു കൊണ്ടിരിക്കുന്നതായി കാണാന്‍ സാധിക്കും.

ഹൈദരാബാദുമായുള്ള ഇന്നത്തെ മല്‍സരത്തിലെ ഇന്നിങ്‌സോടെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യത്തെ താരമെന്ന വമ്പന്‍ റെക്കോര്‍ഡും ശുഭ്മന്‍ ഗില്ലിനെ തേടിയെത്തിയിരിക്കുകയാണ്. ഒരു ഫ്രാഞ്ചൈസിക്കായി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം. 29 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ 1000 കടന്നത്.
എന്നാല്‍ ഓള്‍ടൈം റെക്കോര്‍ഡ് പഞ്ചാബ് കിങ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് അവകാശപ്പെട്ടതാണ്. 23 ഇന്നിങ്‌സുകള്‍ മാത്രമേ നാലക്കത്തിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സിനായി 28 ഇന്നിങ്‌സുകളില്‍ നിന്നും 1000 തികച്ച റോബിന്‍ ഉത്തപ്പയാണ് രണ്ടാംസ്ഥാനത്ത്.
ഹൈദരാബാദിനു 189 റണ്‍സ് വിജയലക്ഷ്യം
ഹൈദരാബാദിനു 189 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ജിടി ഒമ്പതു വിക്കറ്റിനു 188 റണ്‍സെടുക്കുകയായിരുന്നു. 200ന് മുകളില്‍ റണ്‍സ് ജിടി അനായാസം നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഒന്നിന് 146 റണ്‍സെന്ന നിലയില്‍ നിന്നാണ് അവര്‍ ഒമ്പതിനു 188ലേക്കു വീണത്. ഗില്ലിനെക്കൂടാതെ സായ് സുദര്‍ശനാണ് (47) ജിടിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.