അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ആദ്യ ടീമായി നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മാറി. ഹോംഗ്രൗണ്ടായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാദിനെ തരിപ്പണമാക്കിയാണ് ജിടിയുടെ പ്ലേഓഫ് പ്രവേശനം. 34 റണ്‍സിന്റെ ജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ആഘോഷിച്ചത്. ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ജിടി പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചത്.
അതേസമയം, ഈ തോല്‍വിയോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ശേഷം പ്ലേഓഫ് കാണാതെ പുറത്തായ രണ്ടാമത്തെ ടീമായി ഹൈദരാബാദ് മാറുകയും ചെയ്തു. 189 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഹൈദരാബാദിനു ജിടി നല്‍കിയത്. പക്ഷെ ഏഴോവര്‍ ആവുമ്പോഴേക്കും വരുടെ തോല്‍വിയുറപ്പായിരുന്നു. ആറു വിക്കറ്റുകളാണ് ഏഴോവറിനുള്ളില്‍ ഹൈദരാബാദ് കളഞ്ഞുകുളിച്ചത്. പിന്നീടൊരു മടങ്ങിവരവ് അവര്‍ക്കു അസാധ്യമായിരുന്നു. എങ്കിലും അവര്‍ പൊരുതി നോക്കിയെങ്കിലും ഒമ്പതു വിക്കറ്റിനു 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്‌കോര്‍- ഗുജറാത്ത് ഒമ്പതിന് 188, ഹൈദരാബാദ് ഒമ്പതിനു 154.

റണ്‍ചേസില്‍ ഹൈദരാബാദ് ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നു. പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റുകള്‍ കൈവിട്ട അവര്‍ നാലിനു 29ലേക്കു വീണു. തുടര്‍ന്നും മികച്ച കൂട്ടുകെട്ടുകളൊന്നും അവരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. ഒമ്പതാം ഓവറില്‍ ഏഴിനു 59ലേക്കു ഹൈദരാബാദ് തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ക്ലാസെന്‍- ഭുവി ജോടി ചേര്‍ന്നെടുത്ത 68 റണ്‍സ് ടീമിനെ 150 കടക്കാന്‍ സഹായിക്കുകയായിരുന്നു.
ഹെന്‍ഡ്രിച്ച് ക്ലാസെന്റെ (64) ഒറ്റയാള്‍ പോരാട്ടമാണ് ഹൈദരാബാദിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. 44 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ഫോറും മൂന്നു സിക്‌സറുകളുമടിച്ചു. വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ (27), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് (10) രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ജിടിക്കായി മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും നാലു വിക്കറ്റുകള്‍ വീതം പങ്കിട്ടു.
നേരത്തേ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ (101) കന്നി സെഞ്ച്വറിയാണ് ജിടിയുടെ ഇന്നിങ്‌സിനു കരുത്തേകിയത്. 58 ബോളുകള്‍ നേരിട്ട താരം 13 ഫോറും ഒരു സിക്‌സറുമടിച്ചു. സായ് സുദര്‍ശനാണ് (47) മറ്റൊരു പ്രധാന സ്‌കോറര്‍. 36 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.
ഗില്ലിനെയും സായിയെയും കൂടാതെ ജിടി നിരയില്‍ മറ്റാരും രണ്ടക്കം പോലും കടന്നില്ലെന്നതാണ് രസകരമാ കാര്യം. ജിടിയുടെ തുടക്കം മോശായിരുന്നു ടീമിന്റെ അക്കൗണ്ട് തുറക്കുമ്പോഴേക്കും വൃധിമാന്‍ സാഹ സ്ലിപ്പില്‍ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നു.
തുടര്‍ന്നാണ് ജിടി ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന തിരിച്ചുവരവ് കളിയില്‍ നടത്തിയത്. സായിയെ കൂട്ടുപിടിച്ച് സെഞ്ച്വറി കൂട്ടുകെട്ടുമായി ഗില്‍ ടീമിനെ ശക്തമായ നിലയിലെത്തിച്ചു. 147 റണ്‍സാണ് ഈ ജോടി രണ്ടാം വിക്കറ്റില്‍ വാരിക്കൂട്ടിയത്. ദയനീയ ഫീല്‍ഡിങ് കാഴ്ചവച്ച ഹൈദരാബാദിന്റെ സഹായവും അവര്‍ക്കു നന്നായി ലഭിച്ചു. ഇതോടെ ജിടി 200 പ്ലസ് ടോട്ടല്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ അവസാന അഞ്ചോവറില്‍ ഉജ്ജ്വല തിരിച്ചുവരവായിരുന്നു ഹൈദരാബാദ് നടത്തിയത്. ഇതോടെ 190ല്‍ താഴെ റണ്‍സിനു ജിടി ഒതുങ്ങുകയുമായിരുന്നു.

15ാം ഓവറിലെ ആദ്യ ബോളിലാണ് സായ് പുറത്താവുന്നത്. പിന്നീട് ജിടിക്കു കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. 40 റണ്‍സിനിടെ എട്ടു വിക്കറ്റുകളാണ് ജിടി നഷ്ടപ്പെടുത്തിയത്. ഓരോ തവണ സ്‌ട്രൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴും ജിടിക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 20ാം ഓവര്‍ ഗംഭീരമായിരുന്നു. ഒരു റണ്ണൗട്ടടക്കം നാലു വിക്കറ്റുകളാണ് ഈ ഓവറില്‍ വീണത്. ഇതോടെ ഭുവി ഫൈഫര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്.
ടോസിനു ശേഷം ഹൈദരാബാദ് നായകന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് എസ്ആര്‍എച്ച് ഇറങ്ങിയത്. ഗ്ലെന്‍ ഫിലിപ്‌സിനു പകരം മാര്‍ക്കോ യാന്‍സണ്‍ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. മറുഭാഗത്ത് ജിടി ടീമിലും ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.
നെറ്റ്‌സില്‍ വച്ച് പരിക്കേറ്റ വിജയ് ശങ്കറിനെ ഒഴിവാക്കിയ ജിടി പകരം സായ് സുദര്‍ശനെ കളിപ്പിക്കുകയായിരുന്നു. കൂടാതെ ശ്രീലങ്കന്‍ വൈറ്റ് ബോള്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ദസുന്‍ ഷനക ജിടിക്കായി അരങ്ങേറുകയും ചെയ്തു. യഷ് ദയാലും ജിടി ടീമിലേക്കു മടങ്ങിയെത്തി്.
പ്ലെയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ദസുന്‍ ഷനക, രാഹുല്‍ തെവാത്തിയ, മോഹിത് ശര്‍മ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, സന്‍വീര്‍ സിങ്, മാര്‍ക്കോ യാന്‍സണ്‍, ടി നടരാജന്‍, മായങ്ക് മര്‍ക്കാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി.