കന്നി ഐപിഎല്‍ സെഞ്ച്വറിയമായി നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ പ്ലേഓഫിലെത്തിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ ഗില്ലിന്റെ (101) വണ്‍മാന്‍ ഷോയാണ് ടീമിനു 34 റണ്‍സിന്റെ ജയവും പ്ലേഓഫ് ബെര്‍ത്തും സമ്മാനിച്ചത്. വെറും 58 ബോളുകളില്‍ നിന്നാണ് താരം 13 ഫോറും ഒരു സിക്‌സറുമടക്കം 101 റണ്‍സ് വാരിക്കൂട്ടിയത്.
കണ്ണഞ്ചിപ്പിക്കുന്ന ചില ഷോട്ടുകള്‍ ഈ മല്‍സരത്തില്‍ ഗില്‍ പായിച്ചിരുന്നു. അക്കൂട്ടത്തില്‍ തന്റെ ഫേവറിറ്റ് ഏതായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവതാരം. മല്‍സരത്തില്‍ ഹൈദരാബാദിന്റെ ഓപ്പണര്‍ കൂടിയായ അഭിഷേക് ശര്‍മയ്‌ക്കെതിരേയുള്ള സിക്‌സറാണ് ഏറ്റവും സന്തോഷം നല്‍കിയതെന്നു ഗില്‍ വ്യക്തമാക്കി.

ഇതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. 12ാം ഓവറിലായിരുന്നു അഭിഷേകിനെതിരേ ഗില്‍ ഓരോ ഫോറും സിക്‌സറുമടിച്ചത്. ഇടംകൈയന്‍ സ്പിന്നര്‍ കൂടിയായ അഭിഷേക് ഒരു ഷോര്‍ട്ട് ബോളായിരുന്നു എറിഞ്ഞത്. തകര്‍പ്പനൊരു പുള്‍ ഷോട്ടിലൂടെ ഗില്‍ അതു ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയായിരുന്നു 23കാരനായ ഗില്‍ തനിക്കു ഏറ്റവുമധികം ആഹ്ലാദം നല്‍കിയ ഷോട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
അഭിഷക് ശര്‍മയ്‌ക്കെതിരേയുള്ള സിക്‌സര്‍ എന്നെ ഏറെ സന്തോഷിപ്പിച്ച ഷോട്ടായിരുന്നു. കാരണം ഞങ്ങള്‍ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരാണ്. നീ എനിക്കെതിരേ ബൗള്‍ ചെയ്യുകയാണെങ്കില്‍ ഞാന്‍ സിക്‌സറടിക്കുമെന്നു മല്‍സരത്തിവനു മുമ്പ് ഞാന്‍ അവനോടു പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ സിക്‌സര്‍ വളരെയധികം സന്തോഷിപ്പിച്ചുവെന്നും ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി.
ഒരേ നാട്ടുകാരായ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. കൂടാതെ 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ഇരുവരും ടീമംഗങ്ങളായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള സെഞ്ച്വറി തനിക്കു വളരെ സ്‌പെഷ്യലാണന്നു ശുഭ്മന്‍ ഗില്‍ പറയുന്നു.

എസ്ആര്‍എച്ചിനെതിരേയായിരുന്നു ഞാന്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അവര്‍ക്കെതിരേ ആദ്യത്തെ സെഞ്ച്വറിയും നേടിയിരിക്കുന്നു. ജീവിതം ഒരു പൂര്‍ണ വൃത്തത്തിലേക്കു ഇപ്പോള്‍ എത്തിയതു പോലെ എനിക്കു അനുഭവപ്പെടുന്നു. കന്നി ഐപിഎല്‍ സെഞ്ച്വറി നേടുകയെന്നതു മഹത്തായ അനുഭവമാണ്. ഇനിയും കൂടുതല്‍ സെഞ്ച്വറി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ സീസണില്‍ തന്നെ അതു സംഭവിക്കുമെന്നും കരുതുന്നതായി ഗില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഈ സീസണിലെ മറ്റൊരു കളിയില്‍ ശു്ഭ്മന്‍ ഗില്‍ സെഞ്ച്വറിക്കു തൊട്ടരികിലെത്തിയിരുന്നു. അന്നു 51 ബോളില്‍ 94 റണ്‍സോടെ താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. പക്ഷെ വ്യക്തിഗത നേട്ടങ്ങള്‍ തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്നും സാഹചര്യത്തിനു യോജിച്ച തരത്തില്‍ കളിക്കാനാണ് ശ്രമിക്കാറുള്ളതെന്നും ഗില്‍ വ്യക്തമാക്കി.
നിങ്ങള്‍ കളിക്കുന്ന ബൗളര്‍മാരെയും സാഹചര്യത്തെയും ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. അവസാനത്തെ ഇന്നിങ്‌സിനെക്കുറിച്ച് ഒരുപാട് ആലോചിക്കുന്ന വ്യക്തിയല്ല ഞാന്‍. സെഞ്ച്വറിയാണെങ്കിലും ഫിഫ്റ്റിയാണെങ്കിലും അതു അത്ര കാര്യവുമാക്കാറില്ല. ഈ സാഹര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കാറുള്ളതെന്നും ശുഭ്മന്‍ ഗില്‍ പറഞ്ഞു.