ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് കാണാതെ ആര്‍സിബി പുറത്തായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തുകയും ചെയ്തു. ഭാഗ്യം ആര്‍സിബിയെ തുണച്ചില്ലെന്ന് തന്നെ പറയാം.
ഒട്ടുമിക്ക ആരാധകരും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്-ആര്‍സിബി നേര്‍ക്കുനേര്‍ പോരാട്ടം പ്രതീക്ഷിച്ചിരുന്നു. രണ്ട് ടീമുകളും സീസണില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വിരാട് കോലിയും ഗൗതം ഗംഭീറും നവീന്‍ ഉല്‍ ഹഖും തമ്മിലുണ്ടായ വാക്കേറ്റം വലിയ വിവാദമാവുകയും ബിസിസി ഐ നടപടിയിലേക്കെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു നേര്‍ക്കുനേര്‍ പോരാട്ടം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.

ഇപ്പോഴിതാ ആര്‍സിബി പുറത്തായതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗവിന്റെ നവീന്‍ ഉള്‍ ഹഖ്. സീസണില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കോലിയുമായി നവീന്‍ വാക്കേറ്റം നടത്തുകയും പിന്നീട് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയുമായി കോലിയുമെത്തിയിരുന്നു. ഇപ്പോള്‍ ആര്‍സിബി പുറത്തായതിന് പിന്നാലെ വീണ്ടും പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നവീന്‍.
ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ ചിരിക്കുന്ന ചിത്രമാണ് നവീന്‍ പങ്കുവെച്ചത്. ഇത് ആര്‍സിബിയെ പരിഹസിക്കാനും കോലിയെ പ്രകോപിപ്പിക്കാനുമാണെന്ന് വ്യക്തം. പോസ്റ്റ് വൈറലായതോടെ ആര്‍സിബി ആരാധകരെല്ലാം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോലിയുടെ പേര് പറയാന്‍ പോലും യോഗ്യതയില്ലാത്ത താരമാണ് നവീനെന്നും എന്നിട്ടാണ് കോലിയോട് മുട്ടാന്‍ നില്‍ക്കുന്നതെന്നുമാണ് ആരാധകരുടെ പരിഹാസം.
അഫ്ഗാന്‍ താരമായ നവീന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അവസാന മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനെ പരിഹസിച്ച് ആര്‍സിബി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ നവീനെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്ന് പറയാം. 16 സീസണ്‍ കളിച്ചിട്ടും ഒരു കിരീടം പോലും നേടാനാവാത്ത ടീമായി ആര്‍സിബി മാറിയിരിക്കുകയാണ്.
ഗൗതം ഗംഭീറും ആര്‍സിബി പുറത്തായതില്‍ ഇപ്പോള്‍ സന്തോഷവാനായിരിക്കും. എന്നാല്‍ എലിമിനേറ്ററില്‍ ആര്‍സിബി-ലഖ്‌നൗ പോരാട്ടം എത്തിയിരുന്നെങ്കില്‍ അത് കാണാന്‍ കൂടുതല്‍ ആവേശകരമായിരിക്കും. ഗംഭീറിനോടും നവീനോടും കോലി കണക്കുതീര്‍ക്കാനിറങ്ങുമ്പോള്‍ എങ്ങനെയാവും ലഖ്‌നൗ അതിനെ പ്രതിരോധിക്കുകയെന്നത് കാണാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആര്‍സിബിക്കതിന് സാധിച്ചില്ല.
എന്നാല്‍ വിരാട് കോലി അഭിമാനത്തോടെ മടങ്ങുന്ന സീസണാണിതെന്ന് പറയാം. രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ കോലിയുടെ ശക്തമായ ബാറ്റിങ് പ്രകടനമാണ് കോലി ഈ സീസണില്‍ കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 639 റണ്‍സാണ് കോലി ഈ സീസണില്‍ നേടിയത്. 53ന് മുകളില്‍ ശരാശരിയും 139ന് മുകളില്‍ സ്‌ട്രൈക്കറേറ്റും കോലിക്കുണ്ടായിരുന്നു. രണ്ട് സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും അദ്ദേഹം അടിച്ചെടുത്തു.

പക വീട്ടുന്ന കാര്യത്തില്‍ കോലി വിട്ടുവീഴ്ചയില്ലാത്ത താരമാണ്. അതുകൊണ്ട് തന്നെ നവീന്‍ ഉല്‍ ഹഖിനോട് കണക്കുവീട്ടാന്‍ കോലി മറക്കില്ലെന്നുറപ്പ്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അഫ്ഗാന്‍ നിരയില്‍ നവീന്‍ ഇടം പിടിച്ചാല്‍ കോലി ഇതിനെല്ലാം കണക്കുവീട്ടുമെന്നാണ് ആരാധക പ്രതീക്ഷ. എന്നാല്‍ ഇതിന് താരത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
നവീന്‍ പന്തെറിയാനെത്തുമ്പോഴെല്ലാം കോലി കോലി ആര്‍പ്പുവിളികളാണ് ഗ്യാലറയില്‍ മുഴങ്ങിയത്. ഗൗതം ഗംഭീറിനെതിരേയും കോലി മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. എലിമിനേറ്ററില്‍ ലഖ്‌നൗവിനെതിരേയാവും കോലി ആരാധകരെല്ലാം. ലഖ്‌നൗ മുംബൈയോട് തോറ്റാല്‍ നവീനും ഗംഭീറും എയറിലാവുമെന്ന കാര്യം ഉറപ്പാണ്.