ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് കാണാതെ ആര്‍സിബി പുറത്തായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ആര്‍സിബിയുടെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് അവസാനമായത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെ (101) സെഞ്ച്വറിക്കരുത്തില്‍ അഞ്ച് വിക്കറ്റിന് 197 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഗുജറാത്തിനായി ശുബ്മാന്‍ ഗില്‍ (104) സെഞ്ച്വറിയോടെ കളം നിറഞ്ഞു. ഇതോടെ അഞ്ച് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തി ഗുജറാത്ത് ജയിച്ചു. ശുബ്മാന്‍ ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ സെഞ്ച്വറിയാണിത്. തോറ്റെങ്കിലും ഐപിഎല്ലിലെ ഏഴാം സെഞ്ച്വറിയോടെ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡും തകര്‍ത്ത് സെഞ്ച്വറി വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ കോലിക്കായി.

മത്സരത്തിന് ശേഷം കോലിയുടെയും ശുബ്മാന്‍ ഗില്ലിന്റെയും ബാറ്റിങ് പ്രകടനത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ സൗരവ് ഗാംഗുലിയുടെ അഭിനന്ദന പോസ്റ്റില്‍ വിരാട് കോലിയെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ മാത്രം പ്രശംസിച്ചാണ് കോലി പോസ്റ്റിട്ടിരിക്കുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗാംഗുലിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് കോലി ആരാധകര്‍ ഉയര്‍ത്തുന്നത്.
'ഈ രാജ്യം സൃഷ്ടിക്കുന്നത് എന്തൊരു പ്രതിഭയെയാണ്. ശുബ്മാന്‍ ഗില്‍ കൊള്ളാം, രണ്ട് മത്സരങ്ങളിലായി രണ്ട് സൂപ്പര്‍ പ്രകടനങ്ങള്‍. ഐപിഎല്ലിന് എന്തൊരു നിലവാരമാണ്' എന്നായിരുന്നു ട്വിറ്ററില്‍ ഗാംഗുലി കുറിച്ചത്. കോലി ഈ സീസണില്‍ രണ്ട് സെഞ്ച്വറി നേടിയിരുന്നു. നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്തിനെതിരേയും കോലി സെഞ്ച്വറി പ്രകടനം നടത്തി. 61 പന്തില്‍ 13 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് വിരാട് കോലിയുടെ പ്രകടനം.
165ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് കോലി കളിച്ചത്. എന്നിട്ടും കോലിയെ അഭിനന്ദിക്കാതെ ഗാംഗുലി തഴഞ്ഞു. സീസണില്‍ ഡല്‍ഹി-ആര്‍സിബി മത്സരത്തിനിടെ ഗാംഗുലിയുമായി പരോക്ഷമായി കോലി ഉടക്കിയിരുന്നു. ക്യാച്ചെടുത്ത ശേഷം ഡെഗൗട്ടിലിരുന്ന ഗാംഗുലിയെ ദേഷ്യത്തോടെ നോക്കുന്ന കോലിയുടെ ചിത്രം വൈറലായിരുന്നു. മത്സരശേഷം കോലി ഗാംഗുലിക്ക് ഹസ്തദാനം ചെയ്യാനും കോലി വിസമ്മതിച്ചിരുന്നു. ഇതെല്ലാം വലിയ ചര്‍ച്ചയാവുകയും ചെയ്തു.
വിരാട് കോലിയെ ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരുന്ന സമയത്താണ്. കോലിയോട് ചോദിക്കുക പോലും ചെയ്യാതെ ഗാംഗുലിയെടുത്ത തീരുമാനമാണിതെന്ന തരത്തില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് കോലിയും ഗാംഗുലിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിന്റെ ബാക്കിപത്രമെന്ന നിലയിലാണ് ഐപിഎല്ലില്‍ നാടകീയ സംഭവങ്ങള്‍ കണ്ടത്.

എന്നാല്‍ ഇരുവരും പിന്നീട് ഹസ്തദാനം നല്‍കുകയും സൗഹൃദത്തിലാണെന്ന തരത്തിലുള്ള ചിത്രങ്ങളെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോലിയെ വീണ്ടും തഴഞ്ഞ് ഗാംഗുലി പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് പറയാം. ഗാംഗുലിക്ക് ഇപ്പോഴും കോലിയോട് വിരോദമാണെന്നും അസൂയക്ക് മരുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. നായകനെന്ന നിലയില്‍ കോലിയുടെ കരിയര്‍ തകര്‍ത്തത് ഗാംഗുലിയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.
ഗാംഗുലിയുടെ ഡല്‍ഹി നിലം തൊടാതെ പോയത് ഇത്തരം മനോഭാവം കൊണ്ടാണെന്നും കോലിയോടുള്ള വെറുപ്പ് മനസില്‍ കൊണ്ടുനടക്കുന്നയാളാണ് ഗാംഗുലിയെന്നും ആരാധകര്‍ ആരോപിക്കുന്നു. കോലി ഈ പ്രായത്തിലും യുവതാരങ്ങളെക്കാള്‍ മികച്ച വെടിക്കെട്ട് ബാറ്റിങ് നടത്തുന്നു. ഗാംഗുലി തന്റെ ഐപിഎല്ലിലെ കണക്കുകള്‍ ഒന്ന് നോക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോള്‍ ഉള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്.
ഏഴ് ഐപിഎല്‍ സെഞ്ച്വറി നേടിയ താരമാണ് കോലി. ഈ റെക്കോഡിന്റെ അടുത്തെത്താന്‍ സാധിക്കുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലും ഇപ്പോഴില്ല. കോലിയെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് സൃഷ്ടിച്ച മറ്റാരുണ്ടെന്നാണ് ആരാധകരുടെ ചോദ്യം. ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനായില്ലെങ്കിലും ആരാധക മനസില്‍ എന്നും കോലി രാജാവാണെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.