For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തോല്‍വിക്ക് കാരണം കഴിവുകേടല്ല! വില്ലനായത് മറ്റൊന്ന്-ചൂണ്ടിക്കാട്ടി ഡുപ്ലെസിസ്

ബംഗളൂരു: സ്വപ്‌നങ്ങളുടെ ഉന്നതിയില്‍ നിന്നാണ് ആര്‍സിബി താഴേക്ക് നിലം പതിച്ചത്. ഐപിഎല്ലിന്റെ 16ാം സീസണിലൂടെ കന്നി കിരീടമെന്ന വലിയ സ്വപ്‌നം കണ്ട ആര്‍സിബിക്ക് പക്ഷെ ഗുജറാത്തിനോട് തോറ്റ് പുറത്താവേണ്ടി വന്നു. നിര്‍ണ്ണായക മത്സരത്തില്‍ അഞ്ച് വിക്കറ്റിന് 197 എന്ന സ്‌കോര്‍ നേടിയതോടെ ആര്‍സിബി വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അഞ്ച് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തി ഗുജറാത്ത് വിജയം സ്വന്തമാക്കി.

വിരാട് കോലിയുടെ സെഞ്ച്വറിക്ക് (101) മുകളില്‍ ശുബ്മാന്‍ ഗില്ലിന്റെ (104) സെഞ്ച്വറി നിറഞ്ഞുനിന്നതോടെ ആര്‍സിബിക്ക് തലകുനിക്കേണ്ടി വന്നു. ഇപ്പോഴിതാ തോല്‍വിയുടെ കാരണം പറഞ്ഞിരിക്കുകയാണ് ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസ്. കാലാവസ്ഥയാണ് ചതിച്ചതെന്നാണ് ഡുപ്ലെസിസ് പറഞ്ഞത്. ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നുവെന്നും പിച്ചിലെ ഈര്‍പ്പമാണ് വില്ലനായതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

faf du plessis

'വളരെ നിരാശതോന്നുന്നു. ശക്തമായ ടീമുമായാണ് ഇന്ന് ഞങ്ങളിറങ്ങിയത്. ശുബ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ പിച്ച് ശരിക്കും നനഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ധാരാളം ഈര്‍പ്പത്തെത്തുടര്‍ന്ന് മൂന്ന് തവണ ഞങ്ങള്‍ പന്ത് മാറ്റി. അതിനാല്‍ ഒട്ടും ഗ്രിപ്പ് കിട്ടിയില്ല' -ഡുപ്ലെസിസ് പറഞ്ഞു. ഇന്നലെ പകലടക്കം ബംഗളൂരുവില്‍ കനത്ത മഴയായിരുന്നു. അതുകൊണ്ട് തന്നെ പിച്ചില്‍ ഈര്‍പ്പമുണ്ടായിരുന്നു.

മത്സരം ആരംഭിക്കുന്നതിന് കുറച്ചു സമയം മുമ്പാണ് മഴ തോര്‍ന്നത്. നടക്കില്ലെന്ന് കരുതിയ മത്സരം നടന്നെങ്കിലും പിച്ചില്‍ മഴയുടെ ഈര്‍പ്പമുണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഈര്‍പ്പമുണ്ടായിരുന്നെങ്കിലും രണ്ടാം ഇന്നിങ്‌സായതോടെ പിച്ച് കൂടുതലും ബാറ്റിങ്ങിന് അനുകൂലമായി മാറി. ഇതോടെ ആര്‍സിബിയുടെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസമാവുകയും ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ ഇത് നന്നായി മുതലാക്കുകയും ചെയ്തു.

'വിരാട് കോലി അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ പ്രകടനമാണ് ഞങ്ങള്‍ അല്‍പ്പം പ്രതീക്ഷ നല്‍കിയതും മികച്ച സ്‌കോര്‍ നല്‍കിയതും. എന്നാല്‍ ശുബ്മാന്‍ ഗില്‍ അതിമനോഹരമായി കളിച്ചു. ഇതാണ് മത്സരം ഞങ്ങളില്‍ നിന്ന് നഷ്ടപ്പെടുത്തിയത്'-ഡുപ്ലെസിസ് കൂട്ടിച്ചേര്‍ത്തു. ടോസ് ആര്‍സിബിക്ക് അനുകൂലമാവാതെ പോയതും തിരിച്ചടിയായി. രണ്ടാമത് ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ആര്‍സിബിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നത് തിരിച്ചടിയായി. ആര്‍സിബിയുടെ ബാറ്റിങ് നിരയില്‍ കോലിയല്ലാതെ മറ്റാര്‍ക്കും മികവ് കാട്ടാന്‍ സാധിച്ചില്ലെന്ന് പറയാം. ഫഫ് ഡുപ്ലെസിസ് (28), ഗ്ലെന്‍ മാക്‌സ് വെല്‍ (11), മഹിപാല്‍ ലോംറോര്‍ (1), മിച്ചല്‍ ബ്രാസ്വെല്‍ (26), ദിനേഷ് കാര്‍ത്തിക് (0) എന്നിവരെല്ലാം വലിയ സ്‌കോര്‍ നേടാനാവാതെ മടങ്ങി. കോലിയുടെ സെഞ്ച്വറി പ്രകടനത്തിന് ഒപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ മറ്റാര്‍ക്കും സാധിക്കാതെ പോയി.

virat kohli

മറുവശത്ത് ശുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയോടൊപ്പം വിജയ് ശങ്കറുടെ ബാറ്റിങ് പ്രകടനവും നിര്‍ണ്ണായകമായി. 35 പന്തില്‍ 53 റണ്‍സുമായി വിജയ് ശുബ്മാന് മികച്ച പിന്തുണ നല്‍കി. 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് വിജയുടെ ഗംഭീര ബാറ്റിങ്. ഈ പ്രകടനത്തോടെയാണ് മത്സരം ഗുജറാത്ത് കൈപ്പിടിയിലൊതുക്കിയത്. പിച്ചിന്റെ ആനുകൂല്യം ഗുജറാത്തിനെ തുണച്ചതോടെ ആര്‍സിബി ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനാവാതെ പോയി.

മുഹമ്മദ് സിറാജ് നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. വിജയകുമാര്‍ വൈശാഖ് നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. മിച്ചല്‍ ബ്രാസ്വെല്‍ ഒരോവറില്‍ 16 റണ്‍സ് വിട്ടുകൊടുത്തു. വെയ്ന്‍ പാര്‍ണല്‍ 3.1 ഓവറില്‍ 42 റണ്‍സ് വഴങ്ങിയത് ആര്‍സിബിക്ക് തിരിച്ചടിയായി.

Story first published: Monday, May 22, 2023, 10:22 [IST]
Other articles published on May 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+