മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഗംഭീര തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് പഞ്ചാബ് കിങ്‌സ്. കെകെആറിനെയും രാജസ്ഥാന്‍ റോയല്‍സിനേയും തകര്‍ത്ത പഞ്ചാബ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനോടും ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റന്‍സിനോടും തോല്‍വി വഴങ്ങിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ട് തോല്‍വികളുടെ ക്ഷീണം പഞ്ചാബിനെ കാര്യമായി ബാധിച്ചുവെന്ന് പറയാം.
ഗുജറാത്തിനെതിരേ തട്ടകത്തില്‍ തോറ്റതാണ് പഞ്ചാബിന് കൂടുതല്‍ നാണക്കേടാവുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ഒരു പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്താന്‍ പഞ്ചാബിന് സാധിച്ചില്ല.

ഗുജറാത്തിനെതിരേ പഞ്ചാബിന് പിഴച്ചതെവിടെയാണ്?. തോല്‍വിയുടെ മൂന്ന് കാരണങ്ങള്‍ അറിയാം. പഞ്ചാബിന്റെ തുടക്കം പാളിയതാണ് തോല്‍വിയുടെ പ്രധാന കാരണമായത്. പ്രഭ്‌സിംറാന്‍ സിങ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡെക്കായി. മുഹമ്മദ് ഷമിയുടെ രണ്ടാം പന്തില്‍ത്തന്നെ പ്രഭ്‌സിംറാന്‍ സിങ് പുറത്തായി. പഞ്ചാബിന്റെ നായകനും വിശ്വസ്തനായ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാന്‍ (8 പന്തില്‍ 8) പെട്ടെന്ന് പുറത്തായതും ടീമിന് തിരിച്ചടിയായി.
പവര്‍പ്ലേക്കുള്ളില്‍ രണ്ട് പ്രമുഖ താരങ്ങള്‍ പുറത്തായത് പഞ്ചാബിന്റെ റണ്ണൊഴുക്കിന്റെ വേഗം കുറച്ചു. ഇത് ടീമിന്റെ തോല്‍വിക്ക് കാരണമാവുകയും ചെയ്തു. ബനുക രാജപക്‌സെ, ജിതേഷ് ശര്‍മ എന്നിവരുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങും പഞ്ചാബിന് തിരിച്ചടിയായി. രാജപക്‌സെ 26 പന്തില്‍ 20 റണ്‍സാണ് നേടിയത്. 76.92 സ്‌ട്രൈക്കറേറ്റിലാണ് അദ്ദേഹം കളിച്ചത്. ടി20യില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത ബാറ്റിങ് പ്രകടനമാണിത്.

വമ്പനടിക്കാരനായ വിക്കറ്റ് കീപ്പര്‍ ജിതേഷിന് 23 പന്തില്‍ 25 റണ്‍സാണ് നേടാനായത്. അവസാന ഓവറില്‍ ജിതേഷ് റണ്ണൗട്ടവസരം പാഴാക്കിയതും പഞ്ചാബിന് തിരിച്ചടിയായ കാരണങ്ങളിലൊന്നാണ്. ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തത് പഞ്ചാബിന്റെ തോല്‍വിയുടെ പ്രധാന കാരണമായി പറയാം. ധവാനെ ടീം അമിതമായി ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ് ഗുജറാത്തിനെതിരായ തോല്‍വി.
ലിയാം ലിവിങ്‌സ്റ്റണ്‍ പ്ലേയിങ് 11ലേക്കെത്തേണ്ടത് പഞ്ചാബിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേക്കും. ശുബ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം പോലൊരു പ്രകടനം കാഴ്ചവെക്കാന്‍ പഞ്ചാബ് നിരയില്‍ ആളില്ലാതെ പോയതും തോല്‍വിയുടെ കാരണമാണ്. 49 പന്തില്‍ 67 റണ്‍സാണ് ശുബ്മാന്‍ നേടിയത്. ഏഴ് ഫോറും ഒരു സിക്‌സുമാണ് ശുബ്മാന്‍ നേടിയത്. ഈ പ്രകടനം ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി.

പവര്‍പ്ലേയിലെ റണ്ണൊഴുക്ക് തടയുന്നതില്‍ പഞ്ചാബ് ബൗളര്‍മാര്‍ പരാജയപ്പെട്ടതും തോല്‍വിക്ക് കാരണമായി. വൃദ്ധിമാന്‍ സാഹ (19 പന്തില്‍ 30) തുടക്കത്തിലേ തല്ലിത്തകര്‍ത്തു. രണ്ടാം ഓവറില്‍ കഗിസോ റബാഡ 11 റണ്‍സും മൂന്നാം ഓവറില്‍ അര്‍ഷദീപ് സിങ് 18 റണ്‍സും വഴങ്ങി. ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങുമ്പോള്‍ കൂടുതല്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. എന്നാല്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.
ഇംപാക്ട് പ്ലയറെ ഉപയോഗിച്ചതിലും പഞ്ചാബിന് തെറ്റ് പറ്റി. രാഹുല്‍ ചഹാറിനെയാണ് ഇംപാക്ട് പ്ലയറായി പഞ്ചാബ് കളിപ്പിച്ചത്. മൂന്ന് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റ് നേടാനുമായില്ല. മീഡിയം പേസര്‍മാര്‍ക്ക് മൊഹാലിയില്‍ മികവ് കാട്ടാന്‍ സാധിക്കും. മോഹിത് ശര്‍മ സ്ലോ കട്ടറുകളിലൂടെ വിക്കറ്റ് നേടിയെടുത്തിരുന്നു. എന്നാല്‍ പഞ്ചാബ് മീഡിയം പേസറായ റിഷി ധവാന് ബൗളിങ്ങില്‍ അവസരം നല്‍കിയില്ല. ഇതും തോല്‍വിയുടെ കാരണമായി വിലയിരുത്താം.