മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് ഗുജറാത്ത് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ഒരു പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ശുബ്മാന്‍ ഗില്ലിന്റെ (67) തകര്‍പ്പന്‍ ഫിഫ്റ്റിയും രാഹുല്‍ തെവാത്തിയയുടെ ത്രില്ലിങ് ഫിനിഷിങ്ങുമെല്ലാം ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി. എന്നാല്‍ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മോഹിത് ശര്‍മയാണ്. 2020ന് ശേഷം ആദ്യമായി ഐപിഎല്‍ മത്സരം കളിക്കാനെത്തിയ മോഹിത് നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഗുജറാത്തിനായി നേടിയത്.

ആര്‍ക്കും വേണ്ടാത്തവനെന്ന നിലയില്‍ തഴയപ്പെട്ട അവസ്ഥയില്‍ നിന്ന് മോഹിത് നടത്തിയ തിരിച്ചുവരവിന്റെ കഥയിതാ. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് മോഹിത് കളിച്ചത്. അന്ന് പഞ്ചാബ് കിങ്‌സിനെതിരേ നാല് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് മോഹിത് നേടിയത്. അന്നത്തെ താരത്തിന്റെ ബൗളിങ് വലിയ വിമര്‍ശനം നേരിട്ടു.
എന്നാല്‍ ഇപ്പോള്‍ അതേ പഞ്ചാബിനെതിരേ ഗുജറാത്തിന്റെ മാച്ച് വിന്നിങ് താരമായി മാറാന്‍ മോഹിത്തിന് സാധിച്ചിരിക്കുകയാണെന്നതാണ് എടുത്തു പറയേണ്ടത്. 2020ല്‍ കാര്യമായ പ്രകടനം നടത്താത്ത മോഹിത് 2021, 2022 സീസണുകളിലെ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവനായി മാറി. ഇതോടെ 2022ല്‍ നെറ്റ് ബൗളറായി മോഹിത് ഗുജറാത്തിലേക്കെത്തി. പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ ഇടപെടലാണ് മോഹിത്തിനെ ഗുജറാത്തിലെത്തിച്ചത്.
എന്നാല്‍ നെറ്റ് ബൗളറായി ഒതുങ്ങേണ്ട താരമല്ല മോഹിത്തെന്ന് തിരിച്ചറിഞ്ഞ നെഹ്‌റ 2023ലെ ലേലത്തില്‍ 50 ലക്ഷം രൂപക്ക് മോഹിത്തിനെ ഗുജറാത്തിന്റെ ഭാഗമാക്കുകയായിരുന്നു. 2016ല്‍ 6.5 കോടി പ്രതിഫലം വാങ്ങിയ ബൗളറാണ് മോഹിത്. കരിയറില്‍ വലിയ ഉയരവും വലിയ വീഴ്ച്ചയും കണ്ട താരമാണ് മോഹിത്. ഒരു കാലത്ത് സിഎസ്‌കെയില്‍ എംഎസ് ധോണിയുടെ തുറുപ്പുചീട്ടായിരുന്നു മോഹിത് ശര്‍മ.

2014ല്‍ 16 മത്സരത്തില്‍ നിന്ന് 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടാന്‍ മോഹിത്തിനായി. സ്ലോ ബോളുകളിലൂടെ വിക്കറ്റ് നേടാന്‍ മിടുക്കനായ മോഹിത് മധ്യ ഓവറുകളിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്. സിഎസ്‌കെയിലെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെ മോഹിത് ഇന്ത്യക്കായും കളിച്ചു. ഇന്ത്യക്കായി 26 ഏകദിനവും എട്ട് ടി20യുമാണ് മോഹിത് കളിച്ചത്.
37 വിക്കറ്റും നേടിയിട്ടുണ്ട്. 2015ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മോഹിത്തുമുണ്ടായിരുന്നു. വലിയ ഉയരങ്ങളില്‍ നില്‍ക്കവെ പരിക്കും മോശം ഫോമും താരത്തെ വേട്ടയാടി. സ്ലോ ബോളുകളില്‍ പഴയ ലൈനും ലെങ്തും ലഭിക്കാതെ വന്നതോടെ തല്ലുകൊള്ളി ബൗളറായി മാറുകയും എല്ലാവരാലും തഴയപ്പെടുകയും ചെയ്തു. എന്നാല്‍ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോം വീണ്ടെടുത്ത് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു മോഹിത്. എന്നാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. പക്ഷെ നെഹ്‌റ മോഹിത്തിനെ ചേര്‍ത്തുപിടിച്ചു. നെറ്റ് ബൗളറായി ടീമിനൊപ്പം ചേരുവെന്നും കളിക്കാന്‍ അവസരം നല്‍കാമെന്നുമുള്ള നെഹ്‌റയുടെ വാക്ക് വെറും വാക്കായിരുന്നില്ല. നെറ്റില്‍ സ്ലോ കട്ടറുകളിലൂടെ ബാറ്റ്‌സ്മാനെ വിറപ്പിച്ച മോഹിത്തിന് അവസരം ലഭിക്കുകയായിരുന്നു.

തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തോട് 100 ശതമാനം നീതി പുലര്‍ത്താന്‍ മോഹിത്തിനായി. ഡെത്ത് ഓവറുകളിലടക്കം മോഹിത് മിടുക്കുകാട്ടി. 'തിരിച്ചുവരവിന് ശേഷമുള്ള ആദ്യത്തെ പന്തെറിഞ്ഞത് വളരെ സമ്മര്‍ദ്ദത്തോടെയാണ്. അവസാന വര്‍ഷം ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. ഇത് അധികമാര്‍ക്കും അറിയില്ല. അപ്പോഴാണ് ആഷു പാ (ആശിഷ് നെഹ്‌റ) വിളിച്ച് ഗുജറാത്തിനൊപ്പം ചേരാന്‍ പറയുന്നത്.
ആഭ്യന്തരം കളിക്കുന്നതിലും നല്ലത് നെറ്റ് ബൗളറായി പോകുന്നതാണെന്ന് തോന്നി. നെറ്റ് ബൗളറാവുന്നത് അത്ര മോശം കാര്യമല്ല. നിരവധി കാര്യങ്ങള്‍ പരീക്ഷിക്കാന്‍ സാധിക്കും. ഗുജറാത്തിലെ സാഹചര്യം വളരെ മനോഹരമാണ്. എനിക്ക് തിരിച്ചുവരവിന് അവസരം നല്‍കിയത് ആഷു പായുടെ പിന്തുണയാണ്'- മോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.