അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കെത്താന്‍ സാധിച്ച ടീമെന്ന നിലയില്‍ ഗുജറാത്ത് കൈയടി നേടി. മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്തിന്റെ നായകസ്ഥാനത്തേക്കെത്തിയ ഹര്‍ദിക് പാണ്ഡ്യ ഒറ്റ സീസണ്‍കൊണ്ട് തന്നെ നായകനെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റി.
ഇപ്പോള്‍ ഇന്ത്യയുടെ ടി20 നായകനെന്ന നിലയിലും ഹര്‍ദിക് പാണ്ഡ്യ കൈയടി നേടുകയാണ്. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ സ്ഥിരം നായകനാവാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. ഈ സീസണിലെ ഐപിഎല്ലിലും ഹര്‍ദിക് നായകനെന്ന നിലയില്‍ മികവ് കാട്ടുകയാണ്. എന്നാല്‍ ഹര്‍ദികിന്റെ ബാറ്റിങ് പ്രകടനത്തിലേക്ക് വരുമ്പോള്‍ തീര്‍ത്തും നിരാശപ്പെടേണ്ടി വരുമെന്നതാണ് വസ്തുത.

അവസാന 20 ടി20 ഇന്നിങ്‌സുകള്‍ പരിശോധിച്ചാല്‍ ഹര്‍ദിക്കിന്റെ ശരാശരി വെറും 17 മാത്രമാണ്. സ്‌ട്രൈക്കറേറ്റ് 113ഉും. ഈ സീസണിലെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തിലേക്ക് വരുമ്പോള്‍ മൂന്ന് മത്സരത്തില്‍ നേടിയത് 21 റണ്‍സ് മാത്രം. ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായിട്ടില്ല. ഗുജറാത്ത് നിരയില്‍ ഏറ്റവും മോശം ഫോമില്‍ കളിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്.
പഞ്ചാബിനെതിരേ ഗുജറാത്ത് ഒരു പന്ത് ശേഷിക്കെ ആറ് വിക്കറ്റിന്റെ വിജയം നേടിയിരുന്നു. ഈ മത്സരത്തില്‍ അവസാന ഓവറില്‍ അല്‍പ്പം വിറച്ചാണ് ഗുജറാത്ത് വിജയം നേടിയതെന്ന് പറയാം. അതുകൊണ്ട് തന്നെ മത്സരശേഷം ഗുജറാത്തിന്റെ ബാറ്റിങ് നിരയെ ഹര്‍ദിക് വിമര്‍ശിച്ചിരുന്നു. 'സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ മത്സരം അവസാന ഓവറിലേക്ക് നീണ്ട സാഹചര്യം അഭിനന്ദിക്കാവുന്നതല്ല.

തീര്‍ച്ചയായും ഒരുപാട് കാര്യങ്ങള്‍ ഈ മത്സരത്തില്‍ നിന്ന് പഠിക്കാനുണ്ട്. മധ്യ ഓവറുകളില്‍ കുറച്ചുകൂടി സാഹസികത കാട്ടേണ്ടതായുണ്ട്' എന്നാണ് ഹര്‍ദിക് പറഞ്ഞത്. ഇതിനെതിരേ വലിയ വിമര്‍ശനം ഉയരുന്നു. ഹര്‍ദിക്ക് സ്വന്തം ബാറ്റിങ് മെച്ചപ്പെടുത്താതെ മറ്റുള്ളവരുടെ ബാറ്റിങ്ങിനെ വിമര്‍ശിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. നന്നായി കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരെ കുറ്റം പറയുന്നത് നായകനെന്ന നിലയില്‍ നല്ലതല്ലെന്നും ആരാധകര്‍ പറയുന്നു.
പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനായി ഒന്നും ചെയ്യാനാവുന്നില്ല. നായകനെന്ന നിലയില്‍ മികവ് കാട്ടുന്നതുകൊണ്ടാണ് ടീമിന് പുറത്താകാത്തത്. സ്വയം നന്നാവാതെ മറ്റുള്ളവരെ വിമര്‍ശിക്കുന്നത് അപഹാസ്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിനെതിരേ 11 പന്തില്‍ 8 റണ്‍സാണ് ഹര്‍ദിക് നേടിയത്. ഹര്‍ദിക് പാഴാക്കി കളഞ്ഞ പന്തുകളാണ് അവസാന ഓവറിലേക്ക് കളിയെത്തിച്ചതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
പഞ്ചാബിനെതിരായ മത്സരത്തിന് പിന്നാലെ ഹര്‍ദിക്കിന് പിഴ ശിക്ഷയും ബിസിസി ഐ വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് ഹര്‍ദിക്കിന് പിഴ ശിക്ഷ വിധിക്കുന്നത്. ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ നടപടി നേരിടുന്ന മൂന്നാമത്തെ താരമാണ് ഹര്‍ദിക്. നേരത്തെ ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസിനും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനും പിഴ ശിക്ഷ വിധിച്ചിരുന്നു.

ഈ സീസണിലും ഗുജറാത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. ബുദ്ധിപൂര്‍വ്വം കളിക്കുന്ന ടീമാണ് ഗുജറാത്ത്. ആശിഷ് നെഹ്‌റയെന്ന പരിശീലകന്റെ ബുദ്ധി ഗുജറാത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായുണ്ട്. ടോസിന്റെ സമയത്ത് ഗുജറാത്തിന്റെ പ്ലേയിങ് 11നെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്നാണ് ഹര്‍ദിക് പറഞ്ഞത്. ഇത് മൂന്നാം തവണയാണ് പ്ലേയിങ് 11നെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്ന് ഹര്‍ദിക് പറയുന്നത്.
ഇതിനെതിരേയും ട്രോളുകളുമായി ആരാധകര്‍ എത്തുന്നുണ്ട്. ശുബ്മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, സായ് സുദര്‍ശന്‍ എന്നിവരുടെയെല്ലാം മികച്ച ഫോമാണ് ഗുജറാത്തിന് കരുത്താവുന്നത്. റാഷിദ് ഖാന്റെ സ്പിന്‍ മികവും ന്യൂബോളില്‍ മുഹമ്മദ് ഷമി വിക്കറ്റ് നേടാന്‍ കാട്ടുന്ന മികവും ഗുജറാത്തിന് കരുത്ത് പകരുന്നു. പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്.