ഇന്ത്യന്‍ ക്രിക്കറ്റിനു നിരവധി പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാരെ സമ്മാനിച്ചിട്ടുളള ടൂര്‍ണമെന്റാണ് ഐപിഎല്‍. അക്കൂട്ടത്തിലെ ഒടുവിലത്തെയാളാണ് മുംബൈ ഇന്ത്യന്‍സിന്റെ യുവ മധ്യനിര ബാറ്റര്‍ തിലക് വര്‍മ. തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ ഹൈദരാബാദില്‍ നിന്നുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍ വളരെ പെട്ടെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ കയറിപ്പറ്റിയത്. കഴിഞ്ഞ സീസണിലൂടെ മുംബൈയ്‌ക്കൊപ്പം അരങ്ങേറിയ തിലക് അന്നു തന്നെ താന്‍ വളരെ സ്‌പെഷ്യലാണെന്നു ലോകത്തിനു കാണിച്ചു തന്നിരുന്നു.
അന്നു നിര്‍ത്തിയ ഇടത്തു നിന്നുതന്നെയാണ് ഇത്തവണയും താരം തുടങ്ങിയിരിക്കുന്നത്. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 36.50 ശരാശരിയില്‍ 154.23 സ്‌ട്രൈക്ക് റേറ്റോടെ 219 റണ്‍സ് തിലക് നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഇതോടെ തിലകിനെ വൈകാതെ ഇന്ത്യന്‍ ടീമില്‍ കാണാമെന്ന് മുന്‍ കോച്ച് രവി ശാസ്ത്രിയടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ മുംബൈ കോച്ച് രോഹിത് ശര്‍മയും വൈകാതെ മറ്റൊരു ടീമില്‍ തിലക് കളിക്കുമെന്നും അന്താരാഷ്ട്ര അരങ്ങേറ്റത്തെക്കുറിച്ചു സൂചന നല്‍കിയിരുന്നു.

കാര്യമായ വീക്ക്‌നെസുകളൊന്നുമില്ലാത്ത താരമെന്നായിരുന്നു തിലകിനെ പലരും ചൂണ്ടിക്കാട്ടിയിരുന്നത്. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം ഫ്‌ളോപ്പായതോടെ അദ്ദേഹത്തെക്കുറിച്ച് പലര്‍ക്കും സംശയങ്ങളുയര്‍ന്നിരിക്കുകയാണ്. റണ്‍ചേസില്‍ തിലകിനു രണ്ടു റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. റാഷിദ് ഖാന്റെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീമിനു വേണ്ടി അരങ്ങേറാന്‍ താന്‍ പൂര്‍ണമായി തയ്യാറായിട്ടില്ലെന്നും ചില കുറവുകള്‍ ബാറ്റിങില്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും തിലക് കാണിച്ചു തന്നിരിക്കുകയാണ്.
തിലകിന്റെ ഇതുവരെയുള്ള മികച്ച ബാറ്റിങ് പ്രകടനഭങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയെല്ലാം ശരാശരി ബൗളിങ് നിരയുള്ള ടീമുകള്‍ക്കെതിരേ ആയിരുന്നുവെന്നു കാണാം. ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീമുകള്‍ക്കെതിരേ കളിച്ചപ്പോള്‍ തിലക് പതറുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരം. ലോകോത്തര സ്പിന്നറായ റാഷിദിനെതിരേ ഒന്നും ചെയ്യാനാവാതെയാണ് താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങിയത്. അതിവേഗ ബൗളര്‍മാര്‍ക്കെതിരേയും (140 പ്ലസ് വേഗം) മികച്ച സ്പിന്നര്‍മാര്‍ക്കുമെതിരേ തിലക് റണ്ണെടുക്കാന്‍ ശരിക്കും വിഷമിക്കുകയാണ്.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ നോക്കിയാലും ബാറ്റിങില്‍ തിലക് പതറിയ മല്‍സരങ്ങള്‍ നമുക്കു കാണാന്‍ സാധികക്കും. മാത്രമല്ല ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതിലും താരം ബുദ്ധിമുട്ടിയിരുന്നു. റാഷിദ് ഖാന്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ തുടങ്ങിയ സ്റ്റാര്‍ സ്പിന്നര്‍മാര്‍ക്കെതിരേയെല്ലാം താരം റണ്ണെടുക്കാന്‍ വിഷമിച്ചിട്ടുണ്ട്. മാത്രലമല്ല 140 പ്ലസ് വേഗതയുള്ള ബൗളര്‍മാര നേരിടുമ്പോള്‍ ഷോട്ടുകളുടെ കാര്യത്തില്‍ തിലക് പലപ്പോഴും വൈകിപ്പോവുന്നതും പോരായ്മയാണ്.
അതേസമയം, അഹമ്മദാബാദില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സിനു ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ത്തുവിടുകയായിരുന്നു. ഇതോടെ ഈ സീസണിലെ പകുതി മല്‍സരങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. എട്ടു ടീമുകളും ഏഴു റൗണ്ട് മല്‍സരങ്ങള്‍ കളിച്ചുകഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ജിടി, രാജസ്ഥാന്‍ റോല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ടോപ്പ് ഫോറിലുള്ളത്. നിലവില്‍ ഏറ്റവുമധികം പ്ലേഓഫ് സാധ്യതയുള്ളതും ഇവര്‍ക്കാണ്.
എന്നാല്‍ അവസാന ഫോറിലുള്ള ടീമുകള്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരുമാണ്. ശേഷിച്ച ഏഴു മല്‍സരങ്ങളും ഈ ടീമുകള്‍ക്കു നിര്‍ണായകമാണ്. ഇനിയുള്ള അഞ്ചു കളികളെങ്കിലും ജയിക്കാനായാല്‍ മുംബൈയ്ക്കു പ്ലേഓഫ് സാധ്യതയുണ്ട്. എന്നാല്‍ മറ്റുള്ള മൂന്നു ടീമുകള്‍ക്കു ഏഴില്‍ ആറു മല്‍സരമെങ്കിലും വിജയിച്ചേ തീരൂ.