അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നിരാശപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. 234 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്കായി നായകന്‍ 7 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് നേടിയത്. ഒരു ബൗണ്ടറി നേടിയ താരം മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ചാണ് പുറത്തായത്. ജോഷ് ലിറ്റിലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഹിറ്റ്മാന്റെ മടക്കം.
ഷമിയെ സിക്‌സറിന് ശ്രമിച്ച രോഹിത്തിന് ടൈമിങ് പിഴച്ചപ്പോള്‍ ക്യാച്ചായി പുറത്ത്. സീസണിലുടെനീളം മോശം ഫോമിലായിരുന്ന രോഹിത് നിര്‍ണ്ണായക മത്സരത്തില്‍ നിറം മങ്ങിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം നിറയുകയാണ്. രോഹിത്തിന്റെ പ്ലേ ഓഫ് മത്സരങ്ങളിലെ കണക്കുകളടക്കം നിരത്തിയാണ് ആരാധകര്‍ ഹിറ്റ്മാനെ എയറിലാക്കിയിരിക്കുന്നത്.

21 മത്സരത്തില്‍ നിന്ന് 316 റണ്‍സാണ് രോഹിത്തിന്റെ പ്ലേ ഓഫിലെ സമ്പാദ്യം. ശരാശരി 15ഉും സ്‌ട്രൈക്കറേറ്റ് 106ഉും. നായകനെന്ന നിലയിലെ മികവ് മാറ്റിനിര്‍ത്തിയാല്‍ രോഹിത് ദുരന്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും ടീമില്‍ കടിച്ചുതൂങ്ങാതെ യുവതാരങ്ങള്‍ക്കായി വഴിമാറണമെന്നാണ് ആരാധകര്‍ പറയുന്നത്. നിര്‍ണ്ണായക മത്സരങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് രോഹിത് കോലിയെ വിളിച്ച് ചോദിച്ച് പഠിക്കാനാണ് ആരാധക ഉപദേശം.
മുംബൈ എല്ലാക്കാലത്തും മികച്ച താരങ്ങളെ സ്വന്തമാക്കുന്നതിനാല്‍ മാത്രം അഞ്ച് കിരീടം നേടിയ താരമാണ് രോഹിത്തെന്നും അല്ലാതെ സ്വന്തം മികവില്‍ രോഹിത് ഒന്നും മുംബൈക്ക് നേടിക്കൊടുത്തിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. ഐപിഎല്ലില്‍ ഒരു തവണ മാത്രമാണ് സീസണില്‍ രോഹിത് 500ന് മുകളില്‍ സ്‌കോര്‍ നേടിയത്. എന്നിട്ടും ഇതിഹാസമെന്ന് വിളിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നുമാണ് പരിഹാസമുയരുന്നത്.
ഈ സീസണില്‍ രണ്ട് ഫിഫ്റ്റി മാത്രമാണ് രോഹിത്തിന് അവകാശപ്പെടാനുള്ളത്. മുംബൈ പ്ലേ ഓഫിലെത്തിയത് പോലും ഭാഗ്യംകൊണ്ടാണ്. നിര്‍ണ്ണായക മത്സരങ്ങളില്‍ ബാറ്റുകൊണ്ട് ഉത്തരവാദിത്തം കാട്ടാന്‍ രോഹിത്തിന് അറിയില്ലെന്നും ആരാധകര്‍ പറയുന്നു. പ്ലേ ഓഫില്‍ ഒരു ഫിഫ്റ്റി മാത്രമാണ് രോഹിത്തിന്റെ ഐപിഎല്‍ കരിയറിലുള്ളത്.
ഇത്രയും മികച്ച ബാറ്റിങ് പിച്ച് കിട്ടിയിട്ടും രോഹിത്തിന് ഒന്നും ചെയ്യാന്‍ സാധിക്കാത്തത് നിരാശപ്പെടുത്തുന്നുവെന്നും വഴിമാറേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് പ്രതികരണങ്ങള്‍. ശുബ്മാന്‍ ഗില്ലിനെപ്പോലെ യുവതാരങ്ങള്‍ കസറുന്നത് കണ്ടിട്ടും ഇത്രയും മോശം ബാറ്റിങ്ങുമായി രോഹിത്തിന് എങ്ങനെ തുടരാന്‍ തോന്നുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുംബൈയുടെ നായകനെന്ന സ്ഥാനമുള്ളതുകൊണ്ടാണ് ഇപ്പോഴും പ്ലേയിങ് 11 തുടരുന്നത്.

മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി സൂര്യകുമാറിനെ നായകസ്ഥാനം ഏല്‍പ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയെപ്പോലെ പ്രായം തളര്‍ത്താത്ത പോരാളിയല്ല രോഹിത്. ഫിറ്റ്‌നസ് അദ്ദേഹത്തെ കാര്യമായി ബാധിക്കുന്നു. ഫീല്‍ഡിങ് പൂര്‍ത്തിയാവുമ്പോഴേക്കും രോഹിത് തളരുകയാണെന്നും ബാറ്റ് ചെയ്യാനുള്ള ശേഷിയില്ലെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങളെത്തുന്നത്.
ഈ സീസണോടെ രോഹിത് കളി നിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലും ഒന്നിച്ച് കൊണ്ടുപോകാന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഫിറ്റ്‌നസിന് വേണ്ട ശ്രദ്ധ നല്‍കാത്ത മടിയനായ താരമാണ് രോഹിത്. അതുകൊണ്ട് തന്നെ ഇനിയും താരത്തില്‍ നിന്ന് അത്ഭുത പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറയാം.
വിരാട് കോലിയും ധോണിയുമെല്ലാം പ്രായം കൂടുന്തോറും വീര്യം കൂടുമ്പോള്‍ രോഹിത്തിന്റെ പ്രകടന ഗ്രാഫ് താഴോട്ടിറങ്ങുകയാണ്. ഇതേ ബാറ്റിങ് പ്രകടനത്തോടെ രോഹിത് ടീമില്‍ തുടരുന്നത് മുംബൈക്ക് ബാധ്യതയാണെന്ന് തന്നെ വിലയിരുത്താം. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ ഒട്ടും സന്തുഷ്ടരല്ലെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം. ഇതിനോടകം തന്നെ രോഹിത്തിനെ എയറിലാക്കുന്ന പരിഹാസമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.