ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ അവിശ്വസനീയ തിരിച്ചുവരവ് കണ്ട മത്സരമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 135 എന്ന ചെറിയ സ്‌കോറിലേക്കൊതുങ്ങിയപ്പോള്‍ ലഖ്‌നൗ അനായാസമായി ജയിക്കുമെന്ന് തോന്നിച്ചു. മറുപടിക്കിറങ്ങി 15 ഓവര്‍വരെ സമ്പൂര്‍ണ്ണ ആധിപത്യം കാട്ടാന്‍ ലഖ്‌നൗവിനായി.
എന്നാല്‍ പിന്നീടുള്ള അഞ്ച് ഓവറിലൂടെ ഗുജറാത്ത് മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ ലഖ്‌നൗവിനെ ഗുജറാത്ത് വരിഞ്ഞുമുറുക്കിയതോടെ ഹര്‍ദിക് പാണ്ഡ്യയും സംഘവും തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഹര്‍ദിക്കിന്റെ അര്‍ധ സെഞ്ച്വറി പ്രകടനവും തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയുമാണ് ഗുജറാത്തിന് ത്രില്ലിങ് ജയം സമ്മാനിച്ചത്.

മത്സരത്തില്‍ ലഖ്‌നൗവിനൊപ്പമാണ് ഹര്‍ദിക്ക് ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യ കളിക്കുന്നത്. പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് ക്രുണാല്‍ കാഴ്ചവെച്ചത്. ശുബ്മാന്‍ ഗില്ലിനെ ഡെക്കാക്കിയത് ഉള്‍പ്പെടെ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങി 23 പന്തില്‍ 23 റണ്‍സും ക്രുണാല്‍ നേടി. ആവേശകരമായ മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യയെ സ്ലെഡ്ജ് ചെയ്യാന്‍ ഹര്‍ദിക് ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഗുജറാത്ത് നായകനെന്ന നിലയില്‍ ക്രുണാലിനെ പൂട്ടേണ്ടത് ഹര്‍ദിക്കിന് അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ക്രുണാല്‍ നിലയുറപ്പിച്ച് വരവെ ക്രുണാലിനെ പ്രകോപിപ്പിക്കാന്‍ ഹര്‍ദിക് ശ്രമിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ സൗമ്യതയോടെ ഒന്നും പ്രതികരിക്കാതെ ക്രുണാല്‍ ഒഴിഞ്ഞുമാറുന്നതാണ് കണ്ടത്. സഹോദരന്മാരായ ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമുണ്ട്.
എന്നാല്‍ കളത്തില്‍ മത്സരത്തിന്റെ ആവേശത്തിലേക്കെത്തുമ്പോള്‍ വിജയിക്കുകയെന്നതില്‍ മാത്രമാണ് ലക്ഷ്യം. ഹര്‍ദിക് ആക്രമണോത്സകതയുള്ള നായകനാണെന്ന് എല്ലാവര്‍ക്കുമറിയാം. മത്സരത്തിനിടെ പിഴവ് സംഭവിച്ചാല്‍ സീനിയര്‍ താരങ്ങളെപ്പോലും ശകാരിക്കാന്‍ ഹര്‍ദിക് മടികാട്ടാറില്ല. അതുകൊണ്ട് തന്നെ ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യയേയും ഹര്‍ദിക് വിട്ടില്ല. പക്ഷെ അവസരോചിതമായി ക്രുണാല്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ ഹര്‍ദിക് സ്ലെഡ്ജ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ റാഷിദ് ഖാനെ മൂന്ന് സിക്‌സുകള്‍ തുടര്‍ച്ചയായി പറത്തി സഞ്ജു മറുപടികൊടുത്തതും വൈറലായിരുന്നു. ഇതിന്റെ പേരില്‍ ഹര്‍ദിക് വിമര്‍ശനവും നേരിട്ടിരുന്നു. ഇതിനിടെയാണ് സ്വന്തം സഹോരദനെ സ്ലെഡ്ജ് ചെയ്യാന്‍ ഹര്‍ദിക് ധൈര്യം കാട്ടിയത്.
ഹര്‍ദിക് പാണ്ഡ്യ മികച്ച നായകനാണ്. എംഎസ് ധോണിയെപ്പോലെയും രോഹിത് ശര്‍മയെപ്പോലെയും മത്സരത്തെ തിരികെ കൊണ്ടുവരാനുള്ള കഴിവ് ഹര്‍ദിക് പാണ്ഡ്യക്കുണ്ട്. അതുകൊണ്ട് തന്നെയാണ് അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചതും. ഈ സീസണിലും ഹര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് മികവ് കാട്ടുന്നുണ്ട്. എന്നാല്‍ ഹര്‍ദിക്കിന്റെ ആക്രമണോത്സകതയും അഹങ്കാരവും കുറക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

താന്‍ വലിയ സംഭവമാണെന്ന ചിന്ത ഹര്‍ദിക്കിനുണ്ട്. സ്വന്തം കഴിവുകളില്‍ അമിത ആത്മവിശ്വാസം കാട്ടുന്നതോടൊപ്പം അഹങ്കാരവും കാട്ടുന്നു. സഹതാരങ്ങളേയും സീനിയര്‍ താരങ്ങളേയും ബഹുമാനിക്കാന്‍ ഹര്‍ദിക്ക് തയ്യാറാവുന്നില്ല. ശരാശരി പ്രകടനം മാത്രം നടത്തുന്ന താരമാണ് ഹര്‍ദിക്. വലിയ ഭാഗ്യം ഹര്‍ദിക്കിനുണ്ട്. അതുകൊണ്ടാണ് മത്സരങ്ങള്‍ ജയിക്കുന്നത്. ഒരു കിരീടം നേടിയതിന് പിന്നാലെ ധോണിയെക്കാള്‍ അഹങ്കാരമാണ് ഹര്‍ദിക്കിനെന്നാണ് ആരാധകരുടെ വിമര്‍ശനം.
ഈ സീസണിലും ഗുജറാത്തിനെ കിരീടം ചൂടിക്കാന്‍ ഹര്‍ദിക്കിനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയിലും ശോഭിക്കുന്ന ഹര്‍ദിക്കിലാണ് ഗുജറാത്ത് ടീമിന്റെ കെട്ടുറപ്പ്. ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഭാവി നായകനാണ്. 2024ലെ ടി20 ലോകകപ്പില്‍ ഹര്‍ദിക്കിന് കീഴില്‍ ഇന്ത്യ ലോകകപ്പ് കളിക്കാനുള്ള സാധ്യത കൂടുതലാണ്.