ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ശുബ്മാന്‍ ഗില്‍ പൂജ്യത്തിന് പുറത്ത്. രണ്ട് പന്ത് നേരിട്ട ഗില്ലിനെ ക്രുണാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്. രണ്ടാം ഓവറില്‍ ക്രുണാലിനെ കൊണ്ടുവന്ന ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിന്റെ തന്ത്രം ഫലം കാണുകയായിരുന്നു. വലിയ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ രവി ബിഷ്‌നോയിയാണ് ക്യാച്ചിലൂടെ മടക്കിയത്.
രാഹുലിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലാണ് ഗില്‍ പുറത്തായത്. നിലയുറപ്പിച്ചാല്‍ അപകടകാരിയാകുന്ന ഗില്ലിന്റെ ദൗര്‍ബല്യം മനസിലാക്കി സ്പിന്നിനെയെത്തിച്ച രാഹുലിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് സൂപ്പര്‍ താരത്തിന് മടക്ക ടിക്കറ്റ് നല്‍കിയത്. രാഹുലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്നവര്‍ക്ക് മുന്നില്‍ മിന്നല്‍ നീക്കങ്ങളുമായി രാഹുല്‍ കൈയടി നേടുകയാണ്.

സീസണില്‍ ശുബ്മാന്‍ ഗില്ലിന്റെ ആദ്യത്തെ ഡെക്കാണിത്. രാജസ്ഥാനെതിരേ 45, പഞ്ചാബിനെതിരേ 67, കെകെആറിനെതിരേ 39, ഡല്‍ഹിക്കെതിരേ 14, സിഎസ്‌കെയ്‌ക്കെതിരേ 63 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്‌കോറുകള്‍. ഈ സീസണില്‍ ഗുജറാത്തിന്റെ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ളത് ഗില്ലായിരുന്നു. ഇപ്പോള്‍ ഡെക്കിന് മടക്കിയതോടെ രാഹുലിന്റെ ക്യാപ്റ്റന്‍സിക്കാണ് കൈയടിക്കേണ്ടത്.
അപൂര്‍വ്വമായി മാത്രം കാണാന്‍ സാധിക്കുന്ന ഡെക്കാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ശുബ്മാനും ആവേശ് ഖാനും തമ്മിലുള്ള പോരാട്ടം കാണാന്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. നേരത്തെ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ഗില്ലിനെ ആവേശായിരുന്നു പുറത്താക്കിയത്. 37 പന്തില്‍ 39 റണ്‍സാണ് ആവേശിനെതിരേ ഗില്‍ നേടിയത്. 105.4 മാത്രമാണ് ആവേശിനെതിരായ ഗില്ലിന്റെ സ്‌ട്രൈക്കറേറ്റ്.
വീണ്ടും ആവേശിന് മുന്നില്‍ ഗില്‍ പുറത്താവുമോ അതേ ഗില്‍ പകരം വീട്ടുമോയെന്ന് കാത്തിരുന്നപ്പോഴാണ് ഗില്ലിനെ ഡെക്കിന് ക്രുണാല്‍ മടക്കിയയച്ചത്.കെ എല്‍ രാഹുല്‍ മോശം ക്യാപ്റ്റനാണെന്ന വിമര്‍ശനം നേരത്തെ മുതല്‍ പല പ്രമുഖരും ഉയര്‍ത്തിയിരുന്നു. 25 മത്സരം ജയിപ്പിച്ചപ്പോള്‍ 23 മത്സരം നായകനായി രാഹുല്‍ തോറ്റു. എന്നാല്‍ ഈ സീസണില്‍ മികച്ച ക്യാപ്റ്റന്‍സിയാണ് രാഹുല്‍ കാഴ്ചവെക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സിനെതിരേ ലഖ്‌നൗ തോല്‍ക്കുമെന്ന് കരുതിയ മത്സരം ജയിപ്പിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇതുവരെ ഗുജറാത്തിനെ തോല്‍പ്പിക്കാന്‍ ലഖ്‌നൗവിന് സാധിച്ചിട്ടില്ല. അവസാന സീസണില്‍ കളിച്ച രണ്ട് മത്സരത്തിലും ഗുജറാത്തിനോട് തോല്‍ക്കാനായിരുന്നു ലഖ്‌നൗവിന്റെ വിധി. അതുകൊണ്ട് തന്നെ ലഖ്‌നൗവിന് തട്ടകത്തില്‍ നടക്കുന്ന മത്സരം അഭിമാന പോരാട്ടമാണ്.

ശുബ്മാന്റെ പുറത്താകല്‍ ഗുജറാത്തിന്റെ പവര്‍പ്ലേ സ്‌കോറിനെ ബാധിച്ചു. 40 റണ്‍സ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. ഇതില്‍ 34 റണ്‍സും വൃദ്ധിമാന്‍ സാഹയാണ് നേടിയത്. ആറ് മത്സരത്തില്‍ നിന്ന് 38 ശരാശരിയില്‍ 228 റണ്‍സാണ് ഗില്‍ സീസണില്‍ ഇതുവരെ നേടിയത്. 138.18 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്. രണ്ട് ഫിഫ്റ്റി നേടിയ താരത്തില്‍ നിന്ന് ഇന്നും വലിയ പ്രകടനം പ്രതീക്ഷിച്ചെങ്കിലും മികവ് ആവര്‍ത്തിക്കാനായില്ല.
ക്രുണാല്‍ പാണ്ഡ്യ പന്തുകൊണ്ട് ഭേദപ്പെട്ട പ്രകടനമാണ് സീസണില്‍ കാഴ്ചവെക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് 7.37 ഇക്കോണമിയില്‍ അഞ്ച് വിക്കറ്റാണ് ക്രുണാലിന്റെ സമ്പാദ്യം. മധ്യ ഓവറില്‍ കളി പിടിക്കുന്ന ക്രുണാലിന്റെ മികവ് ഈ സീസണിലും കാണാന്‍ സാധിക്കുന്നുണ്ട്. ക്രുണാലിനെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ മികവ് കാട്ടുന്നു.
11ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെ കൊണ്ടുവന്ന് വൃദ്ധിമാന്‍ സാഹയേയും പുറത്താക്കാന്‍ രാഹുലിന് സാധിച്ചു. 37 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 47 റണ്‍സ് നേടിയ സാഹയെ ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ ദീപക് ഹൂഡ കൈയിലൊതുക്കുകയായിരുന്നു. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ക്രുണാല്‍ വീഴ്ത്തിയത്. നാല് ഇക്കോണമിയിലാണ് ക്രുണാലിന്റെ തകര്‍പ്പന്‍ ബൗളിങ്.