Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കളിയാക്കിയവര്‍ എവിടെ? ത്രീഡി പ്ലയര്‍ ഡാ! ഗുജറാത്തിന്റെ ഹീറോയായി വിജയ് ശങ്കര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ തട്ടകത്തില്‍ കീഴടക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ 13 പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തി ഗുജറാത്ത് ജയം നേടുകയായിരുന്നു. തകര്‍പ്പന്‍ ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തുകയും ചെയ്തു.

ഗുജറാത്തിന്റെ അനായാസ ജയത്തിന് പിന്നാലെ കൈയടി നേടുന്നത് വിജയ് ശങ്കറാണ്. തമിഴ്‌നാടുകാരനായ ഓള്‍റൗണ്ടര്‍ ടി20ക്ക് അനുയോജ്യനല്ലെന്ന വിമര്‍ശനം നിരവധി തവണ കേട്ടതാണ്. രവി ശാസ്ത്രിയുടെ ത്രീഡി പ്ലയര്‍ ഇനിയൊരിക്കലും ടി20 കളിക്കില്ലെന്ന് കരുതി വിമര്‍ശിച്ചവരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് താരം. 24 പന്തില്‍ 51 റണ്‍സുമായാണ് താരം പുറത്താവാതെ നിന്നത്.

vijay shankar

രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 212.50 സ്‌ട്രൈക്കറേറ്റിലാണ് വിജയ് ശങ്കറുടെ പ്രകടനം. ഒരുവശത്ത് ഡേവിഡ് മില്ലറെ കാഴ്ചക്കാരനാക്കി ടീമിന്റെ ഫിനിഷിങ് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു വിജയ്. 37 പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ 73 റണ്‍സ് വേണമെന്നിരിക്കെ 24 പന്തില്‍ വിജയലക്ഷ്യം മറികടക്കാന്‍ ഗുജറാത്തിന് സാധിച്ചു. വിജയുടെ ബാറ്റിങ്ങാണ് അനായാസ ജയമൊരുക്കിയതെന്ന് പറയാം.

റണ്‍ചേസില്‍ തന്റെ മികവ് എന്തെന്ന് വിമര്‍ശിക്കര്‍ക്ക് മുന്നില്‍ കാട്ടിക്കൊടുക്കാന്‍ വിജയ്ക്കായി. ഇതിന് മുമ്പ് കണ്ട വിജയ് ശങ്കറെയല്ല ഈ സീസണില്‍ കാണാന്‍ കഴിയുന്നത്. എതിരാളികള്‍ക്ക് ഒരവസരം പോലും നല്‍കാതെ മനോഹരമായ ഷോട്ടുകളിലൂടെയാണ് വിജയ് റണ്‍സുയര്‍ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തള്ളിക്കളഞ്ഞ താരത്തെ ഗുജറാത്ത് ഒപ്പം കൂട്ടിയപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു.

എന്നാല്‍ ഇവരുടെയെല്ലാം കണ്ണുതള്ളിക്കുന്ന ബാറ്റിങ്ങാണ് വിജയ് ഈ സീസണില്‍ കാഴ്ചവെക്കുന്നത്. വിജയിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും പരിശീലകന്‍ ആശിഷ് നെഹ്‌റയും കൈയടി അര്‍ഹിക്കുന്നു. 21 പന്തില്‍ 27, 23 പന്തില്‍ 29, 24 പന്തില്‍ 63*, 12 പന്തില്‍ 10, 16 പന്തില്‍ 19, 24 പന്തില്‍ 51* എന്നിങ്ങനെയാണ് ഇതുവരെയുള്ള വിജയുടെ സ്‌കോര്‍.

vijay shankar

ആറ് ഇന്നിങ്‌സില്‍ നിന്ന് 49.75 ശരാശരിയില്‍ 199 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 165ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. ത്രീഡി പ്ലയറെന്ന് വിളിച്ചത് വെറുതേയല്ലെന്ന് തെളിയിക്കാന്‍ വിജയിക്ക് സാധിക്കുന്നു. വരുണ്‍ ചക്രവര്‍ത്തിയുടെ ഒരോവറിലെ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ തന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ ചീത്തപ്പേര് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഈ സീസണിലൂടെ വിജയിക്ക് സാധിക്കുന്നു.

എല്ലാവരെയും അത്ഭുതപ്പെടുത്തി 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് വിജയ് ശങ്കര്‍ തിരിച്ചെത്തുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഗുജറാത്ത് മാനേജ്‌മെന്റ് നല്‍കുന്ന വലിയ പിന്തുണയാണ് വിജയുടെ ഇത്തരത്തിലുള്ള മാറ്റത്തിന് കാരണമെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ വിജയിക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.

ഡേവിഡ് മില്ലറുടെ ബാറ്റിങ്ങിനെയും ആരാധകര്‍ വാഴ്ത്തുന്നു. 18 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 32 റണ്‍സുമായി മില്ലര്‍ പുറത്താവാതെ നിന്നു. ഏഴ് ഓവറില്‍ 68 റണ്‍സ് വേണ്ടത് അനായാസമായാണ് ഗുജറാത്ത് മറികടന്നതെന്നതാണ് എടുത്തു പറയേണ്ടത്. ഈ ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തി.

എവേ മത്സരങ്ങളില്‍ ജയം നേടാന്‍ ഗുജറാത്ത് കാട്ടുന്ന മിടുക്കാന്‍ എടുത്തു പറയേണ്ടത്. ഈ സീസണില്‍ ഡല്‍ഹിയേയും പഞ്ചാബിനേയും ലഖ്‌നൗവിനേയും ഇപ്പോള്‍ കൊല്‍ക്കത്തയേയും അവരുടെ തട്ടകത്തില്‍ വീഴ്ത്താന്‍ ഗുജറാത്തിനായിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ഇത്തവണയും കിരീട സാധ്യത സജീവമാക്കിയാണ് മുന്നേറുന്നത്.

Story first published: Saturday, April 29, 2023, 20:17 [IST]
Other articles published on Apr 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+