കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 39ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 180 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് കെകെആര്‍. കരുത്തുറ്റ ബൗളിങ് നിരയുള്ള ഗുജറാത്തിനെതിരേ മികച്ച ബാറ്റിങ് പ്രകടനമാണ് കെകെആര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇതില്‍ എടുത്തുപറയേണ്ടത് റാഷിദ് ഖാന്റെ മോശം ബൗളിങ് പ്രകടനമാണ്. ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം രണ്ടാമത്തെ ബൗളിങ് പ്രകടനമാണ് റാഷിദ് നടത്തിയത്.
നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത റാഷിദിന് ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നതാണ് കൗതുകകരം. മൂന്ന് ഫോറും നാല് സിക്‌സുമാണ് റാഷിദ് ഖാന്‍ വിട്ടുകൊടുത്തത്. റാഷിദിനെ ഏറ്റവും കൂടുതല്‍ തല്ലിപ്പറത്തിയത് നാട്ടുകാരനായ റഹ്‌മാനുല്ല ഗുര്‍ബാസാണെന്നതാണ് രസകരമായ കാര്യം. കെകെആറിന്റെ ഓപ്പണറായി ഇറങ്ങിയ ഗുര്‍ബാസ് 39 പന്തില്‍ 81 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് മടങ്ങിയത്.

അഞ്ച് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 207.69 സ്‌ട്രൈക്കറേറ്റിലായിരുന്നു ഗുര്‍ബാസിന്റെ ബാറ്റിങ്. ജേസന്‍ റോയിയുടെ അഭാവം നികത്തി കടന്നാക്രമിച്ച് കളിക്കാന്‍ ഗുര്‍ബാസിന് സാധിച്ചു. റാഷിദും ഗുര്‍ബാസും അഫ്ഗാന്‍ താരങ്ങളാണ്. റാഷിദിനെ നേരിട്ട് മുന്‍പരിചയമുള്ള ഗുര്‍ബാസ് ഇത് നന്നായി മുതലാക്കിയാണ് ബാറ്റ് ചെയ്തത്. 11 പന്തുകള്‍ റാഷിദിന്റെ നേരിട്ട ഗുര്‍ബാസ് 30 റണ്‍സാണ് അടിച്ചെടുത്തത്.
1,6,4,1,4,1,0,1,6,4,2 എന്നിങ്ങനെയായിരുന്നു റാഷിദിനെതിരേ ഗുര്‍ബാസിന്റെ ബാറ്റിങ് പ്രകടനം. റാഷിദ് ഖാന്‍ ഏറ്റവും നിരാശപ്പെട്ട മത്സരങ്ങളിലൊന്നാണിത്. ടീമിലെ മറ്റ് ബൗളര്‍മാരെല്ലാം ഭേദപ്പെട്ട ബൗളിങ് പ്രകടനം നടത്തിയപ്പോഴാണ് ടീമിന്റെ വജ്രായുധമായ റാഷിദ് തല്ലുവാങ്ങിക്കൂട്ടിയത്. 2018ല്‍ പഞ്ചാബ് കിങ്‌സിനെതിരേ 55 റണ്‍സ് വഴങ്ങിയതാണ് റാഷിദിന്റെ ഏറ്റവും മോശം ഐപിഎല്‍ ബൗളിങ്.
രണ്ടാമത്തെ മോശം പ്രകടനമായി ഇന്ന് കെകെആറിനെതിരായ ബൗളിങ് മാറിയിരിക്കുകയാണ്. ആന്‍ഡ്രേ റസലും റാഷിദ് ഖാനെ കടന്നാക്രമിച്ചു. മോശം ഫോമിലായിരുന്ന റസല്‍ 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സുമായി പുറത്താവാതെ നിന്നു. റസലിന്റെ വെടിക്കെട്ടാണ് 179 എന്ന സ്‌കോറിലേക്കെത്താന്‍ കെകെആറിനെ സഹായിച്ചത്.

ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ബൗളിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. പവര്‍പ്ലേയിലടക്കം പന്തെറിഞ്ഞ് വിക്കറ്റ് നേടുന്ന ഹര്‍ദിക് മികവ് കെകെആറിനെതിരേ കണ്ടില്ല. മൂന്ന് ഓവറില്‍ 34 റണ്‍സാണ് ഹര്‍ദിക് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനുമായില്ല. മൂന്ന് വീതം സിക്‌സും ഫോറും താരം വഴങ്ങി. മുഹമ്മദ് ഷമി നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ലിറ്റില്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റു വീഴ്ത്തി.
നൂര്‍ അഹമ്മദ് നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി. മോഹിത് ശര്‍മ ഒരോവറില്‍ 12 റണ്‍സും വിട്ടുകൊടുത്തു. കെകെആറിന്റെ മധ്യനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് 200ന് മുകളിലേക്ക് സ്‌കോര്‍ എത്തിക്കുന്നതില്‍ നിന്ന് കെകെആറിനെ തടഞ്ഞത്. മൂന്നാം നമ്പറില്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരീക്ഷിച്ചത് പാളി. നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ശര്‍ദുല്‍ മടങ്ങിയത്.
വെങ്കടേഷ് അയ്യര്‍ (14 പന്തില്‍ 11) മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയതും നായകന്‍ നിധീഷ് റാണക്ക് (3 പന്തില്‍ 4) തിളങ്ങാനാവാതെ പോയതും കെകെആറിന് തിരിച്ചടിയായി. ഈ സീസണില്‍ ബാറ്റിങ് ഓഡറില്‍ നിരന്തരം പൊളിച്ചെഴുത്ത് നടത്തുന്നത് കെകെആറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കെകെആര്‍ കാഴ്ചവെക്കുന്നില്ല.