ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ ഹീറോയായ യുവതാരം റിങ്കു സിങ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിലെ 20ാം ഓവറിലെ അവിശ്വസനീയ ഇന്നിങ്‌സാണ് റിങ്കുവിനെ താരപദവിയിലേക്കുയര്‍ത്തിയത്. കൊല്‍ക്കത്തയ്ക്കു അവസാനത്തെ അഞ്ചു ബോളില്‍ ജയിക്കാന്‍ 28 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പറത്തി റിങ്കു ടീമിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.
21 ബോളില്‍ ആറു സിക്‌സറും ഒരു ഫോറുമടക്കം 48 റണ്‍സുമായി അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയാവുകയും ചെയ്തു. കരിയറിന്റെ തുടക്കകാലത്തു റിങ്കു കടന്നുപോയിട്ടുള്ള കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട കുടുംബമായിരുന്നു റിങ്കു സിങിന്റേത്. ഒരു സമയത്തു തറ തുടയ്ക്കുന്ന ജോലി താരത്തിനു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പക്ഷെ റിങ്കു അതു നിരസിക്കുകയും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. അതിനു ശേഷം കുട്ടിക്കാലത്തു തന്നെ അവന് ആരോ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു. അവരുടെ സ്‌കൂളിലേക്കു വരികയും സ്‌കൂള്‍ ടീമിനായി കളിക്കുകയും വേണമെന്നായിരുന്നു ഡിമാന്റ്. പക്ഷെ അപ്പോള്‍ റിങ്കുവിന്റെ മറുപടി തനിക്കു പഠനത്തെക്കുറിച്ച് ആശങ്കയില്ലെന്നും ക്രിക്കറ്റിനെക്കുറിച്ചു മാത്രമേയുള്ളൂവെന്നുമായിരുന്നുവെന്ന് ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.
സ്‌കൂള്‍ ടീമിനു വേണ്ടി ടൂര്‍ണമെന്റില്‍ നന്നായി കളിക്കുകയും ടീമിനെ ജേതാക്കളാക്കുകയും ചെയ്താല്‍ സമ്മാനമായി ബൈക്ക് ലഭിച്ചേക്കുമെന്നായിരുന്നു റിങ്കു സിങിനോടു അധികൃതര്‍ പറഞ്ഞത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടുന്ന കുട്ടിക്കു അന്നു ബൈക്കായിരുന്നു സമ്മാനമായി കിട്ടേണ്ടിയിരുന്നത്. ഇതു അറിഞ്ഞപ്പോള്‍ റിങ്കു ടൂര്‍ണമെന്റില്‍ കളിക്കാന്‍ സമ്മതം മൂളുകയായിരുന്നു.
സ്‌കൂള്‍ ടീമിനായി മൂന്നു മല്‍സരങ്ങളില്‍ കളിച്ച അവര്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവച്ചത്. തുടര്‍ന്നു സമ്മാനമായി ബൈക്ക് ലഭിക്കുകയും ചെയ്തു. ഈ ബൈക്ക് റിങ്കു അച്ഛനാണ് സമ്മാനിച്ചത്. സൈക്കിള്‍ ഒഴിവാക്കി ബൈക്കില്‍ യാത്ര ചെയ്‌തോളൂയെന്നും താരം അച്ഛനോടു പറഞ്ഞതായും ഹര്‍ഭജന്‍ സിങ് വെളിപ്പെടുത്തി.

റിങ്കുവിന്റെ അച്ഛന്‍ ഖന്‍ചന്ദ് സിങ് ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നയാളാണ്. ഉത്തര്‍ പ്രദേശുകാരനായ 25 കാരന് നാലു കൂടപ്പിറപ്പുകളുമുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കാന്‍ തുടങ്ങിയ ശേഷം റിങ്കുവിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുയു അലിഗഡില്‍ പുതിയ വീട് വാങ്ങിക്കുകയും ചെയ്തിരുന്നു. പക്ഷെ അച്ഛന്‍ ഇപ്പോഴും പഴയ ചെറിയ വീട്ടില്‍ തന്നെയാണ് താമസം. റിങ്കുവിന്റെ സുഹൃത്ത് വസീം മിര്‍സയാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞത്.
റിങ്കു സിങിന്റെ അച്ഛന്‍ ഇപ്പോഴും പുതിയ ടിവി വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പഴയെ ടെലിവിഷനില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ കാണുന്നതില്‍ അദ്ദേഹം ഇപ്പോഴും സന്തോഷവാനാണ്. രക്ഷിതാക്കളോടു പുതുതായി വീട്ടിലേക്കു താമസം മാറ്റാന്‍ റിങ്കു ആവശ്യപ്പെട്ടിരുന്നു. പക്ഷെ താന്‍ ജീവിതകാലം മുഴുവന്‍ ആ ചെറിയ വീട്ടിലാണ് താമസിച്ചതെന്നും ഇപ്പോള്‍ എന്തിന് അഡ്രസ് മാറ്റണമെന്നുമാണ് അച്ഛന്‍ ചോദിക്കുന്നതെന്നും റിങ്കുവിന്റെ സുഹൃത്ത് വെളിപ്പെടുത്തി.
2018ലെ ഐപിഎല്ലി മുന്നോടിയായി നടന്ന മെഗാ ലേലത്തിലായിരുന്നു 80 ലക്ഷം രൂപയ്ക്കു റിങ്കു സിങിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്. 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇത് 80 ലക്ഷത്തിലേക്ക് ഉയരുകയായിരുനു. 2021ലെ സീസണിനു ശേഷം റിങ്കുവിനെ കെകെആര്‍ കൈവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിനു മുമ്പ് 55 ലക്ഷെ രൂപയ്ക്കു വീണ്ടും ടീമിലെത്തിക്കുകയായിരുന്നു.