ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ള അവിശ്വസനീയ ബൗളിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഇഷാന്ത് ശര്‍മ. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ജിടിയെ അവരുടെ മൈതാനത്തു അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മലര്‍ത്തിയടിച്ചപ്പോള്‍ ഇഷാന്ത് സര്‍പ്രൈസ് ഹീറോയാവുകയായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത അദ്ദേഹം ഐപിഎല്ലിലും വല്ലപ്പോഴും മാത്രമ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാറുള്ളൂ. പക്ഷെ ബൗളിങില്‍ പഴയ തീപ്പൊരി ഇപ്പോഴും തന്നില്‍ ബാക്കിയുണ്ടെന്നു ഇഷാന്ത് ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ്. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത്് രണ്ടു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

ജിടിക്കെതിരേ ഇഷാന്തെറിഞ്ഞ 20ാമത്തെ ഓവറിനെ അതിഗംഭീരമന്നല്ലാതെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകളുണ്ടാവില്ല. കാരണം ഇങ്ങനെയൊരു മാജിക്ക് അദ്ദേഹം പുറത്തെടുക്കുമെന്നു പന്ത് നല്‍കുമ്പോള്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറോ, കണ്ടുകൊണ്ടിരുന്ന ആരാധകരോ കരുതിക്കാണില്ല. കാരണം സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയ എറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ 21 റണ്‍സാണ് ജിടി വാരിക്കൂട്ടയത്.
അവസാനത്തെ മൂന്നു ബോളും രാഹുല്‍ തെവാത്തിയ സിക്‌സറിലേക്കു പറത്തുകയായിരുന്നു. അസാധാരണ ഫിനിഷിങ് മികവുള്ള ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക്കും തെവാത്തിയയും ക്രീസില്‍ നില്‍ക്കെ 11 റണ്‍സായിരുന്നു ഇഷാന്തിനു പ്രതിരോധിക്കേണ്ടിയിരുന്നത്. ആദ്യത്തെ രണ്ടു ബോളില്‍ ഒരു സിക്‌സര്‍ വീണാല്‍ കളി ഏറക്കുറെ തീര്‍ന്നുവെന്നുറപ്പിക്കാം.
പക്ഷെ തന്റെ അനുഭവസമ്പത്ത് മുഴുവന്‍ ഈ നിര്‍ണായക ഓവറില്‍ ഇഷാന്ത് പുറത്തെടുക്കുകയായരുന്നു. ആദ്യ ബോള്‍ നേരിട്ടത് ഹാര്‍ദിക്കാണ്. താഴ്ന്ന വൈഡ് ഫുള്‍ ടോസായിരുന്നു ഇത്. ഡീപ്പ് എക്‌സ്ട്രാ കവറിലേക്കു കളിച്ച് ഹാര്‍ദിക് രണ്ടു റണ്‍സെടുത്തു. അടുത്ത ബോള്‍ ഓഫ് സ്റ്റംപിന് പുറത്ത് യോര്‍ക്കറായിരുന്നു. ഹാര്‍ദിക് ഡീപ്പ് പോയിന്റിലേക്കു കളിച്ച് സിംഗിളെടുത്തു. തുടര്‍ന്ന് ക്രീസിലെത്തിയത് തെവാത്തിയ. ജിടി വിജയിച്ചെന്നു ആരാധകര്‍ ഉറപ്പിച്ച നിമിഷം.
പക്ഷെ ഇഷാന്തിന്റെ മൂന്നാമത്തെ ബോള്‍ വൈഡ് യോര്‍ക്കറായിരുന്നു. അതു വൈഡാണെന്ന സംശയത്തില്‍ ജിടി റിവ്യു എടുത്തെങ്കിലും ഫലമുണ്ടായില്ല. ഈ ഡോട്ട് ബോള്‍ തെവാത്തിയയെയും ജിടിയെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. നാലാമത്തെ ബോളില്‍ തെവാത്തിയ സിക്‌സറിന മുതിരുന്നു. പക്ഷെ കണക്കുകൂട്ടല്‍ പിഴച്ചു. ടൈമിങ് അമ്പെ പാളിയപ്പോള്‍ എക്‌സ്ട്രാ കവറില്‍ നേരെ റൈലി റൂസ്സോയുടെ കൈകളില്‍.
ഇതോടെ ഡിസി വിജയം സ്വപ്‌നം കാണാന്‍ തുടങ്ങി. ജിടിക്കു രണ്ടു ബോളില്‍ ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ്. അഞ്ചാമത്തെ ബോള്‍ നേരിട്ടത് പുതുതായി ക്രീസിലെത്തിയ റാഷിദ് ഖാന്‍. വൈഡ് യോര്‍ക്കറായിരുന്നു ഇത്. പോയിന്റിലേക്കു ഷോട്ട് പായിച്ച അദ്ദേഹത്തിനു രണ്ടു റണ്‍സെടുക്കാനേ സാധിച്ചു.

ഇതോടെ ജിടിക്കു അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് ഏഴു റണ്‍സ്. സിക്‌സറടിച്ചാല്‍ സ്‌കോര്‍ ടൈ, തുടര്‍ന്ന് സൂപ്പര്‍ ഓവര്‍. ഇഷാന്ത് നോ ബോള്‍ എറിയകയും അത് സിക്‌സറാവുകയും ചെയ്താല്‍ ജിടി ജയിക്കും. റാഷിദാണ് നിര്‍ണായകമായ ഈ ബോള്‍ നേരിട്ടത്.
വൈഡ് ഫുള്‍ ടോസായിരുന്നു ഇഷാന്ത് പരീക്ഷിച്ചത്. റാഷിദ് ആഞ്ഞുവീശിയെങ്കിലും കിട്ടിയില്ല. സിംഗിള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ ഡിസി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സഹതാരങ്ങളും ഇഷാന്തിനെ അഭിന്ദനങ്ങള്‍ കൊണ്ട് പൊതിയുകയും ചെയ്തു. ഡാനിയേല്‍ സാംസിനെ (ഒമ്പതു റണ്‍സ്) കൂടാതെ ഐപിഎല്ലില്‍ ജിടിക്കെതിരേ അവസാന ഓവറില്‍ റണ്‍സ് പ്രതിരോധിച്ച് ടീമിനെ ജയിപ്പിച്ച രണ്ടാമത്തെ ബൗളറായും ഇഷാന്ത് മാറിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഇഷാന്തിന്റെ ഉജ്ജ്വല ബൗളിങിനെ വാഴ്ത്തുകയാണ്. മുഹമ്മദ് സിറാജിനേക്കാള്‍ മികച്ച ടെസ്റ്റ് ബൗളറാണ് ഇഷാന്ത് ശര്‍മ. സെന രാജ്യങ്ങളില്‍ ഉമേഷ് യാദവിനേക്കാളും മിടുക്കനുമാണ്. ഇഷാന്തിന് 34 വയസ്സായിട്ടേയുള്ളൂ. ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കണം. തന്നെപ്പോലെയൊരു ചാംപ്യന്‍ ബൗളറെ എഴുതിത്തള്ളരുതെന്നു ഇഷാന്ത് ശര്‍മ തെളിയിച്ചിരിക്കുകയാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.