ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റെടുത്തു. ഹോംഗ്രൗണ്ടില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡിസിയോടു അഞ്ചു റണ്‍സിനു പരാജയപ്പെടുകയായിരുന്നു.
ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അവസാനം വരെ ക്രീസിലുണ്ടായിട്ടും മല്‍സരം ഫിനിഷ് ചെയ്യാന്‍ ഹാര്‍ദിക്കിനായില്ല. 53 ബോളില്‍ ഏഴു ഫോറുകളടക്കം 59 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന ഓവറുകളില്‍ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു.

തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കുന്ന ടോട്ടലായിരുന്നു ഇത്. പക്ഷെ അവസാന ഓവറുകളില്‍ ചില വിക്കറ്റുകള്‍ നഷ്ടമായി. രാഹുല്‍ (തെവാത്തിയ) ഈ മല്‍സരത്തിലേക്കു ഞങ്ങളെ തിരിച്ചുകൊണ്ടുവന്നിരുന്നു. അവസാനത്തേക്കും ടീമിനെ വിജയിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ അതിനു സാധിച്ചില്ല.
ഇന്നിങ്‌സിന്റെ മധ്യത്തില്‍ ചില വലിയ ഓവറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും അഭിനവും. പക്ഷെ ശരിയായ താളം ലഭിച്ചില്ല. അഭിനവിനും ഇതു പുതിയ കാര്യമായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ബൗളര്‍മാര്‍ക്കാണ് ഫുള്‍ മാര്‍ക്ക്. എനിക്കു മല്‍സരം ഫിനിഷ് ചെയ്യാനായില്ല. അതുകൊണ്ടു തന്നെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വ്വവും എന്റേത് മാത്രമാണ്.
വിക്കറ്റ് മികച്ചത് തന്നെയായിരുന്നു. പക്ഷെ വിക്കറ്റുകള്‍ വീണത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് വളരെ നന്നായി ബൗള്‍ ചെയ്തു. 10 ഓവറില്‍ 80 റണ്‍സെങ്കിലും ഞങ്ങള്‍ നേടേണ്ടതായിരുന്നു. അവസാനം തെവാത്തിയ ഞങ്ങളെ മല്‍രത്തിലേക്കു തിരികെ കൊണ്ടുവന്നു. അല്ലായിരുന്നെങ്കില്‍ ഡിസി വളരെ മുന്നിലായിപ്പോവുമായിരുന്നു. ഞാന്‍ താളത്തില്‍ എത്താതിരുന്നതാണ് ഈ മല്‍സരത്തില്‍ ടീം പരാജയമേറ്റു വാങ്ങാനുള്ള കാരണമെന്നും മല്‍സരശേഷം ഹാര്‍ദിക് പാണ്ഡ്യ വിശദമാക്കി.

ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഉജ്ജ്വലമായി ബൗള്‍ ചെയ്ത മുഹമ്മദ് ഷമിയെ ഹാര്‍ദിക് പാണ്ഡ്യ പ്രശംസിച്ചു. ഷമിയോടു എനിക്കു സഹതാപമുണ്ട്. ഇത്രയും നന്നായി ബൗള്‍ ചെയ്യുകയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനെ അദ്ദേഹം 129 റണ്‍സിലൊതുക്കുകയും ചെയ്തിട്ടും ഞങ്ങള്‍ക്കു ഈ മല്‍സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ല. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുകയായിരുന്നു.
വിക്കറ്റില്‍ നിന്നും ബൗളര്‍മാര്‍ക്കു ഒരുപാട് ആനുകൂല്യം ലഭിച്ചെന്നൊന്നും ഞാന്‍ കരുതുന്നില്ല. മുഴുവന്‍ ക്രെഡിറ്റും അവര്‍ക്കാണ്. ഇനിയും ഒരുപാട് മല്‍സരങ്ങള്‍ ബാക്കിയുണ്ട് ഈ മല്‍സരത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോവും. ഇത്തരം കാര്യങ്ങളെല്ലാം സംഭവിച്ചു കൊണ്ടിരിക്കും. ഐപിഎല്ലിന്റെ സൗന്ദര്യവും ഇതു തന്നെയാണ്. ഞങ്ങള്‍ ഇപ്പോഴും പോയിന്റ് പട്ടികയുടെ തലപ്പത്ത് തന്നെയാണ്. പക്ഷെ ഞങ്ങള്‍ മികച്ചക്രിക്കറ്റ് കളിക്കേണ്ടത് ആവശ്യമാണെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഡിസി എട്ടു വിക്കറ്റിനു 131 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ തന്നെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ഡിസി അഞ്ചിനു 23ലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നു രണ്ടു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകള്‍ ടീമിനെ 130 വരെയെത്തിച്ചു. 51 റണ്‍സെടുത്ത അമാന്‍ ഹക്കീം ഖാനാണ് ഡിസിയുടെ രക്ഷകനായത്.
അക്ഷര്‍ പട്ടേല്‍ 27ഉം റിപാല്‍ പട്ടേല്‍ 23ഉം റണ്‍സെടുത്തു. മുഹമ്മദ് ഷമി നാലു വിക്കറ്റുകള്‍ നേടി. മറുപടിയില്‍ ജിടി ആറിനു 125 റണ്‍സെടുത്ത് മല്‍സരം അടിയറ വയ്ക്കുകയായിരുന്നു. ഹാര്‍ദിക്കിനെ (59) കൂടാതെ അഭിനവ് മനോഹറും (26) രാഹുല്‍ തെവാത്തിയയും (20) ഭേദപ്പെട്ട പ്രകടനം നടത്തി.