ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെയുടെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. മത്സരത്തിലൂടെ വമ്പനൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. ഐപിഎല്ലില്‍ ഒരു സീസണില്‍ 700ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടമാണ് ശുബ്മാന്‍ ഗില്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പ് വിരാട് കോലിയാണ് ഈ നേട്ടത്തിലെത്തിയത്.
ഇപ്പോഴിതാ കോലിയുടെ പാത പിന്തുടര്‍ന്ന് പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്ന ശുബ്മാന്‍ ഗില്‍ ഈ നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ ഗില്‍ സിഎസ്‌കെയ്‌ക്കെതിരേ 38 പന്തില്‍ 42 റണ്‍സുമായാണ് പുറത്തായത്. എന്നാല്‍ ഇതിനോടകം ഈ ചരിത്ര നേട്ടത്തിലേക്ക് ഗില്ലെത്തിയിരുന്നു. കൂടാതെ ഐപിഎല്ലിന്റെ ഒരു സീസണില്‍ 700ലധികം റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോഡും ഗില്‍ സ്വന്തം പേരിലാക്കി.

ഐപിഎല്ലിന്റെ ഒരു സീസണില്‍ 700ലധികം റണ്‍സ് നേടുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ശുബ്മാന്‍ ഗില്‍. ക്രിസ് ഗെയ്ല്‍ (2012, 2013), മൈക്ക് ഹസി, വിരാട് കോലി, ഡേവിഡ് വാര്‍ണര്‍, കെയ്ല്‍ വില്യംസണ്‍, ജോസ് ബട്‌ലര്‍, ഫഫ് ഡുപ്ലെസിസ് എന്നിവരാണ് ശുബ്മാന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ കോലിയല്ലാതെ മറ്റൊരു ഇന്ത്യക്കാരനും ഈ നേട്ടമില്ലായിരുന്നു. ഈ ചീത്തപ്പേര് ഇപ്പോള്‍ ഗില്‍ തിരുത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി ഇതിനോടകം ഗില്‍ മാറിക്കഴിഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം വിരാട് കോലിയെങ്കില്‍ വിരാട് കോലിക്ക് ശേഷം ശുബ്മാന്‍ ഗില്ലെന്ന ഉത്തരത്തിലേക്ക് ഇതിനോടകം താരം എത്തിക്കഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമെന്ന നിലയിലേക്ക് വളരാന്‍ ഗില്ലിന് സാധിച്ചു. 23 വയസിനുള്ളില്‍ പക്വതയുള്ള ബാറ്റ്‌സ്മാനായി താരം മാറിക്കഴിഞ്ഞു.
മത്സരത്തിലൂടെ സിഎസ്‌കെയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും വമ്പന്‍ റെക്കോഡ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ 150ലധികം വിക്കറ്റ് നേടുന്ന ആദ്യത്തെ ഇടം കൈയന്‍ ബൗളറെന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. രണ്ട് പ്രധാന വിക്കറ്റുകളാണ് മത്സരത്തില്‍ ജഡേജ നേടിയത്. ദസുന്‍ ഷണകയേയും ഡേവിഡ് മില്ലറേയും പുറത്താക്കി മത്സരം സിഎസ്‌കെയ്ക്ക് അനുകൂലമാക്കുന്നതില്‍ ജഡേജ നിര്‍ണ്ണായക പങ്കുവഹിച്ചു.
ഐപിഎല്ലില്‍ 1000ലധികം റണ്‍സും 150ലധികം വിക്കറ്റുമുള്ള മൂന്നാമത്തെ താരമായും ജഡേജ മാറി. ഡ്വെയ്ന്‍ ബ്രാവോയും സുനില്‍ നരെയ്‌നുമാണ് ഈ റെക്കോഡില്‍ ജഡേജക്ക് മുന്നിലുള്ളത്. ഈ സീസണില്‍ ജഡേജയെ ടീമിലേക്ക് തിരികെ എത്തിക്കാന്‍ എംഎസ് ധോണി നടത്തിയ ഇടപെടല്‍ നിര്‍ണ്ണായകമായെന്ന് പറയാം. സിഎസ്‌കെയുടെ കുതിപ്പിന് ഇന്ധനമായി മാറാന്‍ ജഡേജക്കായി.

പവര്‍പ്ലേയില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയതോടെ പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും ദീപക്കെത്തി. 53 വിക്കറ്റാണ് ഇതുവരെ ദീപക് പവര്‍പ്ലേയില്‍ വീഴ്ത്തിയത്. 61 വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറും 55 വിക്കറ്റുമായി സന്ദീപ് ശര്‍മയുമാണ് തലപ്പത്ത്. ഉമേഷ് യാദവ് (53), സഹീര്‍ ഖാന്‍ (52), ഇഷാന്ത് ശര്‍മ (50), ട്രന്റ് ബോള്‍ട്ട് (50) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
മുഹമ്മദ് ഷമിയുടെ ബൗളിങ് പ്രകടനം എടുത്തു പറയേണ്ടതാണ്. ഐപിഎല്ലിന്റെ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ള ഷമി പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ്, പവര്‍പ്ലേയില്‍ കൂടുതല്‍ ഡോട്ട്‌ബോള്‍, കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എന്നിവയെല്ലാം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും ഗുജറാത്തിന്റെ തുറുപ്പുചീട്ടാണ് ഷമിയെന്ന് പറയാം.