ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഐപിഎല്ലിലെ കലാശപ്പോരാട്ടം കനത്ത മഴയെ തുടര്‍ന്നു മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്നു ബിസിസിഐയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ആരാധകര്‍. മഴ അധികം പെയ്യാതെ പിന്‍വാങ്ങിയെങ്കിലും ഗ്രൗണ്ടിലെ ഈര്‍പ്പം കാരണം കളി തുടങ്ങാന്‍ ഒരുപാട് വൈകുകയായിരുന്നു.
ഒടുവില്‍ രാത്രി 12.15 ഓടെയാണ് ഗ്രൗണ്ടിലെ വെള്ളം പൂര്‍ണമായി നീക്കം ചെയ്ത ശേഷം മല്‍സരം പുനരാരംഭിക്കാന്‍ സാധിച്ചത്. ഇതിനിടെ അഞ്ചോവറുകള്‍ വെട്ടിക്കുറയ്ക്കുകയും സിഎസ്‌കെയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ ക്രമീകരിക്കുകയും ചെയ്തിരുന്നു.

മഴയില്‍ കുതിര്‍ന്ന പിച്ചിലെ വെള്ളം നീക്കം ചെയ്യാന്‍ ആധുനിക സംവിധാനങ്ങളൊന്നും തന്നെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇല്ലായിരുന്നു. കീറിയതും മുറിഞ്ഞതുമായ സ്‌പോഞ്ച് കൊണ്ടും മറ്റും ഗ്രൗണ്ട് സ്റ്റാഫുമാര്‍ പിച്ചിലെ വെള്ളം ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു.
ഇതോടെയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായിരുന്നിട്ടു പോലും ഒരു മഴ പെയ്താല്‍ പിച്ച് സംരക്ഷിക്കാനോ, വെള്ളം വേഗത്തില്‍ ഉണക്കാനോയുള്ള സംവിധാനം ഇന്ത്യയില്‍ ഇല്ലേയെന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചത്.
ലോകത്തില ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം, ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ്. പക്ഷെ മഴ പെയ്താല്‍ എന്തു ചെയ്യണമെന്നു പോലും ധാരണയില്ല. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്, ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയവും ലോകത്തിലെ ഏറ്റവും വലിയ ലീഗും ഇപ്പോള്‍ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയോടു നാണം തോന്നുന്നു. നിങ്ങള്‍ക്കു അടച്ചിട്ട സ്‌റ്റേഡിയം നിര്‍മിക്കാന്‍ കഴിയില്ല, കനത്ത മഴയുള്ളപ്പോള്‍ പിച്ചിനെ രക്ഷിക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയില്ല. വാംഖഡെയെയും ഈഡന്‍ ഗാര്‍ഡന്‍സിനെയും അവഗണിച്ച ശേഷം ഒന്നിനും കൊള്ളാത്ത നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഫൈനല്‍ വച്ചിരിക്കുന്നു എന്നിങ്ങനെയായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയുടേതാണ്. എന്നിട്ടും മഴ പെയ്യുകയാണെങ്കില്‍ ഗ്രൗണ്ട് സ്റ്റാഫ് കവറുമായി അതു മൂടാന്‍ ഓടിയെത്തണം. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുള്‍പ്പെടെ ഉപയോഗിക്കുന്ന ഹോവര്‍ കവേഴ്‌സ് പരീക്ഷിച്ചാല്‍ സമയവും മാനുഷികമായ പരിശ്രമവും കുറയ്ക്കുവാന്‍ സാധിക്കും. അതെ, ബിസിസിഐ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ്. പക്ഷെ പണം മുഴുവന്‍ ജയ് ഷായുടെ സ്വന്തം ചെലവിലേക്കാണ് ഉപയോഗിക്കുന്നത് എന്നും ആരാധകര്‍ വിമര്‍ശിച്ചു.