അഹമ്മദാബാദ്: എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഏറ്റവും വലിയ മാച്ച് വിന്നറെന്നു തന്നെ വിളിക്കുന്നതെന്നു രവീന്ദ്ര ജഡേജ ലോകത്തിനു കാണിച്ചുകൊടുത്തപ്പോള്‍ ഐപിഎല്‍ കിരീടത്തില്‍ അഞ്ചാമതും സിഎസ്‌കെ മുത്തമിട്ടു. അവസാന ബോളിലേക്കു നീണ്ട ത്രില്ലിങ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിന്റെ നാടകീയ വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്.
അവസാനത്തെ രണ്ടു ബോളില്‍ 10 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ചാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തിയ ജഡ്ഡു അവസാന ബോളില്‍ ബൗണ്ടറിയും നേടി സിഎസ്‌കെക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

215 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ചെന്നൈയ്ക്കു മുന്നില്‍ ജിടി വച്ചത്. പക്ഷെ ആദ്യ ഓവറില്‍ തന്നെ മഴയെത്തിയതോടെ രണ്ടു മണിക്കൂറിലേറെ മല്‍സരം തടസ്സപ്പെട്ടു. 12.15നാണ് കളി പുനരാരംഭിക്കാനായത്. അപ്പോഴേക്കും ഓവറുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഇതോടെ സിഎസ്‌കെയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കൈവരിക്കുകയും ചെയ്തു.
ഓപ്പണിങ് വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദ്- ഡെവന്‍ കോണ്‍വേ ജോടി 39 ബോളില്‍ 74 റണ്‍സുമായി സിഎസ്‌കെയ്ക്കു മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഒരേ ഓവറില്‍ റുതുരാജിനെയും (26) കോണ്‍വേയെയും (47) മടക്കി നൂര്‍ അഹമ്മദ് സിഎസ്‌കെയ്ക്കു കടിഞ്ഞാണിട്ടു. അജിങ്ക്യ രഹാനെ 13 ബോളില്‍ 27 റണ്‍സുമായി ചെന്നൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
രഹാനെ മടങ്ങിയ ശേഷം കരിയറിലെ അവസാന മല്‍സരത്തില്‍ ഇറങ്ങിയ അമ്പാട്ടി റായുഡുവിന്റെ ഊഴമായിരുന്നു. എട്ടു ബോളില്‍ 19 റണ്‍സോടെ താരം വിടവാങ്ങല്‍ മല്‍സരം മികച്ചതാക്കി മാറ്റി. എംഎസ് ധോണി ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. തുടര്‍ന്നായിരുന്നു ശിവം ദുബെയെ (32*) കൂട്ടുപിടിച്ച് ജഡേജ (15*) ടീമിനെ വിജയത്തിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിറങിനു അയക്കപ്പെട്ട ഗുജറാത്ത് വെറും നാലു വിക്കറ്റിനാണ് 214 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഫൈനലില്‍ കസറുന്ന പതിവ് വൃധിമാന്‍ സാഹ (54) ഇത്തവണയും തെറ്റിച്ചില്ല. ടീമിനു ശക്തമായ അടിത്തറയിട്ട് അദ്ദേഹം മടങ്ങിയപ്പോള്‍ ബാക്കിയുള്ളത് പൂര്‍ത്തിയാക്കിയത് യുവതാരം സായ് സുദര്‍ശനായിരുന്നു (96). 47 ബോളില്‍ എട്ടു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
സാഹ 39 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. ശുഭ്മന്‍ ഗില്‍ 20 ബോളില്‍ ഏഴു ഫോറുകളടക്കം 39 റണ്‍സെടുത്ത് മടങ്ങി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 ബോളില്‍ രണ്ടു സിക്‌സറക്കം 21 റണ്‍സോടെ ക്രീസില്‍ നിന്നപ്പോള്‍ റാഷിദ് ഖാന്‍ അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി. തകര്‍പ്പന്‍ തുടക്കമായിരുന്നു ഗില്‍- സാഹ ജോടി ജിടിക്കു നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ദീപക് ചാഹറുടെ വലിയൊരു പിഴവാണ് ഗില്ലിനെയും ജിടിയെയും രക്ഷിച്ചത്. തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ രണ്ടാം ഓവറിലെ നാലാമത്തെ ബോളില്‍ ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെ ഗില്‍ പുറത്താവേണ്ടതായിരുന്നു. പക്ഷെ ബാക്ക്‌വേര്‍ഡ് സ്‌ക്വറില്‍ കൈകളിലേക്കു വന്ന ഗില്ലിന്റെ ക്യാച്ച് ചാഹര്‍ താഴെയിട്ടു. താരം അപ്പോള്‍ മൂന്നു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ.

പിന്നീട് ഗില്ലും സാഹയും ചേര്‍ന്ന് അഗ്രസീവ് ബാറ്റിങിലൂടെ ചെന്നൈയെ നന്നായി കൈകാര്യം ചെയ്തു. ഈ ജോടി അപകടകരമായ മുന്നേറവെയാണ് ധോണി ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ ക്രീസിനു പുറത്തേക്കു ഇറങ്ങി കളിച്ച ഗില്ലിനെ ധോണി ഒരു അവിശ്വസനീയ സ്റ്റംപിങിലൂടെ പുറത്താക്കി. പക്ഷെ അതുകൊണ്ടും ജിടിക്കു കടിഞ്ഞാണിടാനായില്ല.
രണ്ടാം വിക്കറ്റില്‍ സുദര്‍ശനെ കൂട്ടുപിടിച്ച് സാഹ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചാഹറാണ് സാഹയെ പുറത്താക്കി സിഎസ്‌കെയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 14ാം ഓവറിലെ അവസാന ബോളില്‍ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന സാഹ്‌യ്ക്കു ടൈമിങ് പാളിയപ്പോള്‍ ആകാശത്തേക്കു കുത്തനെ ഉയര്‍ന്ന ബോള്‍ ധോണി പിടികൂടുകയായിരുന്നു. സാഹ ക്രീസിലുള്ളപ്പോള്‍ സൈലന്റായി നിന്ന സുദര്‍ശന്‍ പിന്നീട് ആഞ്ഞടിക്കുകയായിരുന്നു.
ഹാര്‍ദിക്കും സുദര്‍ശനും 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ജിടി 200 കടന്നു. തുഷാറിന്റെ 17ാം ഓവറില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 20 റണ്‍സും 19ാം ഓവറില്‍ രണ്ടു സിക്‌സും ഒരു ഫോറുമടക്കം 18 റണ്‍സും ഇരുവരും ചേര്‍ന്ന് വാരിക്കൂട്ടി. 20ാം ഓവറിലെ മൂന്നാമത്തെ ബോളിലാണ് സെഞ്ച്വറിക്കു നാലു റണ്‍സ് അകലെ നില്‍ക്കെ സുദര്‍ശനെ പതിരാന വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ചെന്നൈ ബൗളിങില്‍ പതിരാന രണ്ടു വിക്കറ്റ് വീഴ്ത്തയപ്പോള്‍ ചാഹറിനും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ടോസിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ഇലവനെ തന്നെ കലാശപ്പോരിലും നിലനിര്‍ത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്സ്- ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീശ പതിരാന.
ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍, വൃധിന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ.