ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരില്‍ നിന്നു തന്നെ ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങിയ താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇതിഹാസ നായകന്‍ എംഎസ് ധോണിയേക്കാള്‍ നേരത്തേ ക്രീസിലെത്തി ബോളുകള്‍ പാഴാക്കുന്നവനെന്നും, ഇതു കാരണം ധോണിക്കു ബാറ്റിങിനു വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്നുമെല്ലാം അവര്‍ ജഡ്ഡുവിനെ കുറ്റപ്പെടുത്തി.
മാത്രമല്ല ജഡേജ പുറത്തായി മടങ്ങിയപ്പോഴെല്ലാം കൈയടിച്ച് സിഎസ്‌കെ ആരാധകര്‍ അതു ആഘോഷിക്കുകയും ചെയ്തു. കാരണം അടുത്തതായി ക്രീസിലെത്തുക ധോണിയാണെന്നു അവര്‍ക്ക് അറിയാമായിരുന്നു. ആരാധകരുടെ ഈ അവഗണനയ്‌ക്കെതിരേ ഒടുവില്‍ ജഡേജ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തു വരികയും ചെയ്തിരുന്നു.

എന്നാല്‍ താന്‍ സിഎസ്‌കെയെ സംബന്ധിച്ച് ധോണിയേക്കാള്‍ ഒട്ടും പിന്നിലല്ലെന്നും ധോണിക്കൊപ്പം തന്നെ ചേര്‍ത്തുപിടിക്കാനും ആരാധിക്കാനും തനിക്കു യോഗ്യതയുണ്ടെന്നും ഐപിഎല്‍ കലാശപ്പോരില്‍ രവീന്ദ്ര ജഡേജ തെളിയിച്ചിരിക്കുകയാണ്. നിലവില്‍ സിഎസ്‌കെ ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍ താന്‍ തന്നെയാണെന്നു അഞ്ചാം ഐപിഎല്‍ കിരീടം സമ്മാനിച്ചാണ് ആരാധകര്‍ക്കു അദ്ദേഹം കാണിച്ചു കൊടുത്തത്.
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കലാശപ്പോരില്‍ ഒരു ഘട്ടത്തില്‍ സിഎസ്‌കെയുടെ പരാജയം എല്ലാവരുമുറപ്പിച്ചിരുന്നു. മഴ നിയമപ്രകാരം 15 ഓവറില്‍ 171 റണ്‍സായിരുന്നു സിഎസ്‌കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അമ്പാട്ടി റായുഡുവും (19), നായകന്‍ എംഎസ് ധോണിയും (ഗോള്‍ഡന്‍ ഡെക്ക്) പുറത്തായ ശേഷം 13ാം ഓവറിലാണ് രവീന്ദ്ര ജഡേജ ക്രീസിലെത്തിയത്. ശിവം ദുബെയായിരുന്നു അപ്പോള്‍ ക്രീസില്‍.

പക്ഷെ തന്റെ മുന്‍ മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ടൈമിങ് കിട്ടാതെ വലയുന്ന ദുബെയെയാണ് തുടക്കം മുതല്‍ കണ്ടത്. രണ്ടോവറില്‍ 21 റണ്‍സായിരുന്നു സിഎസ്‌കെയ്ക്കു ജയിക്കാന്‍ ആവശ്യം. മുഹമ്മദ് ഷമിയെറിഞ്ഞ 14ാം ഓവറില്‍ ദുബെയും ജഡ്ഡുവും കൂടി നേടിയത് എട്ടു റണ്‍സ് മാത്രം. ഫോറോ, സിക്‌സറോ ഇല്ല. ഇതോടെ കളിയിലെ അവസാനത്തെ ഓവറില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്.
മോഹിത് ശര്‍മയെറിഞ്ഞ ഓവറില്‍ ആദ്യത്തെ നാലു ബോളില്‍ മൂന്ന് റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. ദുബെ രണ്ടു സിംഗിളും ജഡ്ഡു ഒരു സിംഗിളും നേടി. ആദ്യത്തേത് ഡോട്ട് ബോള്‍. ഇതോടെ സിഎസ്‌കെ പരാജയം മണത്തു. എന്നാല്‍ അഞ്ചാമത്തെ ബോള്‍ ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തിയ ജഡേജ സിഎസ്‌കെയ്ക്കു വിജയപ്രതീക്ഷ നല്‍കി.
അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് ബൗണ്ടറി. ലെഗ്‌സൈഡിലേക്കു താഴ്ന്ന ഫുള്‍ ടോസായിരുന്നു മോഹിത് എറിഞ്ഞത്. എന്നാല്‍ ഇതിനെ ജഡേജ സമര്‍ഥമായി ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെ ബൗണ്ടറിയിലേക്കു പായിച്ച് ടീമിന്റെ വീരനായകനായി മാറി. ആറു ബോളില്‍ ഓരോ സിക്‌സറും ഫോറുമടക്കം 15 റണ്‍സാണ് അദ്ദേഹം നേടിയത്.