ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്ലിലെ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരു അബദ്ധം കാണിച്ചെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ സിഎസ്‌കെയ്ക്കു റണ്‍ചേസ് കൂടുതല്‍ ദുഷ്‌കരമായി മാറുമായിരുന്നെന്നും ജിടി കിരീടം നിലനിര്‍ത്തിയേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഴ ഹരം കെടുത്തിയ കലാശക്കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിന്റെ ത്രില്ലിങ് ജയത്തോടെയാണ് സിഎസ്‌കെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലിനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയായിരുന്നു 2022ലെ ജേതാക്കളായ ജിടിക്കു സംഭവിച്ച പിഴവ് കനേരിയ എടുത്തുപറഞ്ഞത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഗുജറാത്ത് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു 214 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ സിഎസ്‌കെ ഇന്നിങ്‌സിലെ ആദ്യ ഓവറിനിടെ തന്നെ മഴ വില്ലനാവുകയായിരുന്നു. ഇതോടെ രണ്ടു മണിക്കൂറിലേറെ കളി തടസ്സപ്പെടുകയും ചെയ്തു.
തുടര്‍ന്ന് സിഎസ്‌കെയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. അവസാന ബോളില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറിയടിച്ച് രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്കു ത്രില്ലിങ് ജയവും അഞ്ചാം കിരീടവും സമ്മാനിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്യവെ അഞ്ചാം നമ്പറില്‍ റാഷിദ് ഖാനെ ഇറക്കിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തീരുമാനത്തെയാണ് ഡാനിഷ് കനേരിയ വിമര്‍ശിച്ചത്. മതീശ പതിരാനയെറിഞ്ഞ 20ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ സായ് സുദര്‍ശന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയ ശേഷമായിരുന്നു റാഷിദിന്റെ വരവ്. പക്ഷെ ശേഷിച്ച മൂന്നു ബോളില്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ റാഷിദിനായില്ല.
ആദ്യ ബോള്‍ ബൈ ആയതിനെ തുടര്‍ന്നു സിംഗിള്‍. അടുത്ത ബോള്‍ നേരിട്ടത് ഹാര്‍ദിക് പാണ്ഡ്യ. ലെഗ് ബൈയായി ലഭിച്ചത് സിംഗിള്‍. അവസാനത്തെ ബോളില്‍ റുതുരാജ് ഗെയ്ക്വാദിനു ക്യാച്ച് സമ്മാനിച്ച് പൂജ്യനായി റാഷിദ് പുറത്താവുകയും ചെയ്തു.

എന്തുകൊണ്ടാണ് റാഷിദ് ഖാനെ അഞ്ചാമനായി ജിടി കളിപ്പിച്ചതെന്നാണ് ഡാനിഷ് കനേരിയയുടെ ചോദ്യം. പകരം രാഹുല്‍ തെവാത്തിയയെ ആയിരുന്നു ക്രീസിലേക്കു അയക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പത്തെ മല്‍സരത്തിലും റാഷിദ് ഖാനെ ഈ തരത്തില്‍ ജിടി പരീക്ഷിച്ചിരുന്നു. അദ്ദേഹത്തിനു പകരം രാഹുല്‍ തെവാത്തിയയെ ആയിരുന്നു ജിടി ക്രീസിലേക്കു അയക്കേണ്ടിയിരുന്നതെന്നു ഞാന്‍ കരുതുന്നു.
കാരണം അദേഹം ഇടംകൈയന്‍ ബാറ്ററാണ്. ഈ കാരണത്താല്‍ തെവാത്തിയക്കെതിര മതീശ പതിരാനയ്ക്കു ബൗള്‍ ചെയ്യുക കൂടുതല്‍ കടുപ്പമായിരിക്കും. സ്വീപ്പ് ഷോട്ടിലൂടെയും സിക്‌സറുകളടിക്കാന്‍ കഴിയുന്നയാളാണ് തെവാത്തിയ. പതിരാന യോര്‍ക്കര്‍ പരീക്ഷിച്ചിരുന്നെങ്കില്‍ തെവാത്തിയ അതു സിക്‌സറിലേക്കു പറത്തുമായിരുന്നു.
റാഷിദ് ഖാനു പകരം രാഹുല്‍ തെവാത്തിയ ക്രീസിലേക്കു വന്നിരുന്നെങ്കില്‍ കുറേക്കൂടി മികച്ച സ്‌കോര്‍ നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സിനു കഴിയുമായിരുന്നു. 214 റണ്‍സാണ് ജിടി 20 ഓവറില്‍ നേടിയത്. എന്നാല്‍ തെവാത്തിയ ബാറ്റ് ചെയ്തിരുന്നെങ്കില്‍ അതു 220-230 റണ്‍സിലെങ്കിലും എത്തുമായിരുന്നു. അങ്ങനെ വന്നാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറില്‍ 171 റണ്‍സെന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ വിജയലക്ഷ്യം ഇനിയും ഉയരുമായിരുന്നു. അതു റണ്‍ചേസില്‍ സിഎസ്‌കെയ്ക്കു കാര്യങ്ങള്‍ കുറേക്കൂടി ദുഷ്‌കരമാക്കുകയും ചെയ്യുമായിരുന്നുവെന്നു ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.