അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഫൈനല്‍ ഇന്നലെ നടക്കേണ്ടതായിരുന്നെങ്കിലും മഴ വില്ലനായതോടെ ഫൈനല്‍ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടം റിസര്‍വ് ഡേയിലേക്ക് മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതുകൊണ്ട് തന്നെ മത്സരം നടക്കുമോ ഇല്ലെയോയെന്നത് കണ്ടറിയണം. ഇന്നും മത്സരം നടന്നില്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളായി പ്രഖ്യാപിക്കും. ഐപിഎല്ലിന് പിന്നാലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. ഐപിഎല്ലില്‍ നിന്ന് പുറത്തായ ടീമുകളിലെ താരങ്ങള്‍ ഇതിനോടകം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇന്നലെ മത്സരം നടക്കില്ലെന്നുറപ്പായതോടെ ബിസിസി ഐ സെക്രട്ടറി ജയ് ഷായുടെ ട്വീറ്റെന്ന നിലയില്‍ ഒരു ട്വീറ്റ് വൈറലാവുകയാണ്. ഫൈനല്‍ കളിക്കാന്‍ ശുബ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അജിന്‍ക്യ രഹാനെ എന്നിവര്‍ ഉണ്ടാകില്ലെന്നും അവര്‍ ഇന്ന് തന്നെ ഇംഗ്ലണ്ടിലേക്ക് പോകുമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. ആരാധകരെ ഞെട്ടിക്കുന്ന ട്വീറ്റായി ഇത് മാറിയെന്ന് പറയാം.
'ഐപിഎല്‍ ഫൈനലിന് റിസര്‍വ് ഡേ വന്നിരിക്കുകയാണ്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ രാവിലെ തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. അതുകൊണ്ട് രഹാനെ, രവീന്ദ്ര ജഡേജ, ശുബ്മാന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവര്‍ ഐപിഎല്‍ ഫൈനല്‍ കളിക്കില്ല' എന്നായിരുന്നു ജയ് ഷായുടെ പേരിലുള്ള ട്വിറ്റര്‍ പേജില്‍ നിന്നെത്തിയ പോസ്റ്റ്.
ഇതിനോട് പ്രതികരിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഇത് ചതിയാണെന്നും ഒരു ദിവസം കൂടി ക്ഷമിക്കാന്‍ സാധിക്കില്ലേയെന്നുമെല്ലാം ആരാധകര്‍ പ്രതികരിച്ച് രംഗത്തെത്തി. എന്നാല്‍ പിന്നീടാണ് ഈ ട്വീറ്റിന് പിന്നിലെ വസ്തുത എല്ലാവര്‍ക്കും വ്യക്തമായത്. ജയ് ഷായുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജയ് ഷാ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ഇത് വ്യാജ അക്കൗണ്ടാണെന്നും ബ്ലൂടിക്കില്ലെന്നും പിന്നീടാണ് ആരാധകര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതിനോടകം ട്വീറ്റ് ആരാധകര്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞിരുന്നു. ശുബ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ തുറുപ്പുചീട്ട്. ഗില്‍ ഇല്ലാതെ കളിക്കുന്നത് ഇപ്പോള്‍ ഗുജറാത്തിന് ചിന്തിക്കാനാവാത്ത കാര്യമാണ്. മികച്ച ഫോമിലുള്ള ഗില്ലാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ളത്. രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരേ 129 റണ്‍സാണ് താരം നേടിയത്.

രവീന്ദ്ര ജഡേജയും അജിന്‍ക്യ രഹാനെയും സിഎസ്‌കെയുടെ പ്ലേയിങ് 11ലെ നിര്‍ണ്ണായക താരങ്ങളാണ്. അതുകൊണ്ട് തന്നെ ഇരുവരും കളിക്കാതിരുന്നാല്‍ സിഎസ്‌കെയേയെയും അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. പക്ഷെ പ്രചരിച്ച റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതില്‍ വസ്തുതയില്ലെന്നും വ്യക്തമായതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായതെന്ന് പറയാം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്ത മാസം 7-11വരെ ഓവലിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഐപിഎല്ലിന് പിന്നാലെ തന്നെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പോകും. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് എതിരാളി. ഇംഗ്ലണ്ടില്‍ ആവിശ്യത്തിന് പരിശീലനം ഇന്ത്യക്ക് ലഭിക്കില്ലെന്ന് തന്നെ പറയാം. അഞ്ചോ ആറോ ദിവസത്തെ പരിശീലനം കൊണ്ട് ഓസ്‌ട്രേലിയയെ ഇംഗ്ലണ്ടിലെ പിച്ചില്‍ വീഴ്ത്തുക ഇന്ത്യക്ക് പ്രയാസമായിരിക്കുമെന്നുറപ്പ്.
ഐപിഎല്‍ ഫൈനലില്‍ ഇന്നും കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സരം ഒഴിവാക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെ സംഭവിച്ചാല്‍ ആവേശകരമായ ഫൈനല്‍ മത്സരം ആരാധകര്‍ക്ക് നഷ്ടമായേക്കും. മഴമൂലം കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയ ഗുജറാത്തിനെ കിരീട ജേതാക്കളായി പ്രഖ്യാപിക്കുമെന്നത് സിഎസ്‌കെ ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്.