അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ഫൈനല്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് കിരീട പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് സിഎസ്‌കെ ഫൈനല്‍ ടിക്കറ്റെടുത്തത്. അതേ സമയം രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ഫൈനലിലേക്കെത്തുന്നത്.
നിലവിലെ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെയെത്തുന്ന ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കുമ്പോള്‍ ഏത് എതിരാളിയും വിറക്കും. ഇപ്പോള്‍ കൂടുതല്‍ ആരാധകരും കാത്തിരിക്കുന്നത് എംഎസ് ധോണിയുടെ കീഴില്‍ സിഎസ്‌കെ കപ്പടിക്കുന്നത് കാണാനാവും. ഇത് ധോണിയുടെ അവസാന സീസണാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ധോണി കിരീടത്തോടെ പടിയിറങ്ങുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരേറെയാണ്.

എന്നാല്‍ 16ാം സീസണ്‍ കിരീടം ധോണിയും സംഘവും മോഹിക്കേണ്ടെന്ന് പറയാം. ഇത്തവണയും കിരീടം ഗുജറാത്ത് നിലനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്. ഇത് ശരിയാണെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഗുജറാത്തിന്റെ തട്ടകത്തിലാണ് ഫൈനല്‍. ഇത് ഗുജറാത്തിന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. സിഎസ്‌കെ ഇടവേളക്ക് ശേഷമാണ് അഹമ്മദാബാദില്‍ കളിക്കാനിറങ്ങുന്നത്.
എന്നാല്‍ ഗുജറാത്ത് രണ്ടാം ക്വാളിഫയര്‍ അഹമ്മദാബാദില്‍ കളിച്ച് ജയിച്ച ആത്മവിശ്വാസത്തിലാണ് കലാശപ്പോരിന് ഇറങ്ങുന്നത്. കൂടാതെ അഹമ്മദാബാദില്‍ കളിച്ച് മുന്‍പരിചയക്കൂടുതലുള്ളതും ഗുജറാത്തിന് കരുത്ത് പകരുമെന്നുറപ്പ്. സന്ദര്‍ശകരായ സിഎസ്‌കെയ്ക്ക് അഹമ്മദാബാദില്‍ ഹര്‍ദിക്കിനെ വീഴ്ത്തണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടി വരും.
രണ്ടാമത്തെ കാര്യം ഗുജറാത്ത് ബാറ്റിങ് നിരയുടെ കെട്ടുറപ്പാണ്. അഹമ്മദാബാദ് പിച്ചില്‍ ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് കണക്കുകള്‍ ആരുടെയും കണ്ണുതള്ളിക്കുന്നതാണ്. അവസാന നാല് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറിയടക്കം നേടിയ ഗില്ലിനെ തളക്കുക ധോണിക്ക് എളുപ്പമാവില്ല. ചെന്നൈയില്‍ ഗില്ലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചതുപോലെ അഹമ്മദാബാദില്‍ സാധിച്ചേക്കില്ല.
നിലവിലെ ഫോമും പിച്ചിന്റെ ആനുകൂല്യവും ഗില്ലിന് വലിയ ആത്മവിശ്വാസം നല്‍കും. അതിനെ തടുത്തു നിര്‍ത്താനുള്ള ബൗളിങ് ശേഷി ചെന്നൈക്കുണ്ടെന്ന് കരുതാനാവില്ല. ദീപക് ചഹാറും തുഷാര്‍ ദെശപാണ്ഡെയുമെല്ലാം തല്ലുകൊള്ളി ബൗളര്‍മാരാണ്. അതുകൊണ്ട് തന്നെ ഗുജറാത്തിന്റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുക കടുപ്പമായിരിക്കും. ഗുജറാത്ത് ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് നില്‍ക്കുന്നവരല്ല.

ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരാണ് അവര്‍ക്കുള്ളത്. മുംബൈക്കെതിരായ രണ്ടാം ക്വാളിഫയറില്‍ ശുബ്മാന്‍ സെഞ്ച്വറിയോടെ ബാറ്റിങ്ങിന് കരുത്തുപകര്‍ന്നപ്പോള്‍ മോഹിത് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ബൗളിങ്ങില്‍ കരുത്തായത്. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരുടെ പ്രകടനവും ഗുജറാത്തിന്റെ ശക്തി ഇരട്ടിപ്പിക്കുന്നു.
മുഹമ്മദ് ഷമിയുടെ പവര്‍പ്ലേയിലെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവും ജോഷ് ലിറ്റില്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും പന്തുകൊണ്ട് ഗുജറാത്തിന്റെ ശക്തി ഉയര്‍ത്തുന്നു. എന്നാല്‍ സിഎസ്‌കെയുടെ പ്രശ്‌നം ഒന്നോ രണ്ടോ താരങ്ങളിലാണ് ടീമിന്റെ കെട്ടുറപ്പെന്നതാണ്. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക് വാദും ഡെവോണ്‍ കോണ്‍വേയും പെട്ടെന്ന് പുറത്തായാല്‍ സിഎസ്‌കെ കൂട്ട തകര്‍ച്ച നേരിടുമെന്നുറപ്പ്.
അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയില്‍ വലിയ പ്രതീക്ഷയില്ല. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കാത്ത പക്ഷം സിഎസ്‌കെ ദുരന്തമായി മാറുമെന്നുറപ്പ്. ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മികവാണ് സിഎസ്‌കെയുടെ നട്ടെല്ല്. ഗുജറാത്തിനെ ആദ്യ ക്വാളിഫയറില്‍ സിഎസ്‌കെ തോല്‍പ്പിച്ചത് ധോണിയുടെ മാസ്മരിക ക്യാപ്റ്റന്‍സികൊണ്ടാണ്.
എന്നാല്‍ അഹമ്മദാബാദില്‍ ഇത് വലിയ ഗുണം ചെയ്‌തേക്കില്ല. നേര്‍ക്കുനേര്‍ കണക്കില്‍ 3-1ന് മുന്നിട്ട് നില്‍ക്കുന്നത് ഗുജറാത്താണ്. ധോണിയെക്കൊണ്ട് ഇത്തവണ ഒറ്റക്ക് അത്ഭുതം കാട്ടാനാവില്ലെന്ന് പറയാം. മഹേഷ് തീക്ഷണ, രവീന്ദ്ര ജഡേജ എന്നിവരുടെ സ്പിന്‍ മത്സരത്തില്‍ നിര്‍ണ്ണായകമാവും. ദീപക് ചഹാര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നേടേണ്ടത് സിഎസ്‌കെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.