അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ഫൈനല്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് അഹമ്മദാബാദാണ് വേദിയാവുന്നത്. സിഎസ്‌കെ അഞ്ചാം കിരീടത്തിലേക്കെത്തുമോ അതോ ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം കിരീടത്തോടെ ഞെട്ടിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
എംഎസ് ധോണിയുടെ ചാണക്യ തന്ത്രങ്ങളോ അതോ ഹര്‍ദിക്കിന്റെ ചടുല നീക്കങ്ങളോ ഏതാവും അഹമ്മദാബാദില്‍ വിജയത്തിലേക്കെത്തുകയെന്നത് കാത്തിരുന്ന് കാണാം. എന്തായാലും ഫൈനല്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 16ാം സീസണിലെ സൂപ്പര്‍ ഫൈനലിലൂടെ ചില വമ്പന്‍ റെക്കോഡുകളും പിറക്കാന്‍ പോവുകയാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സിഎസ്‌കെ ഇതുവരെ നാല് തവണയാണ് ഐപിഎല്ലില്‍ ചാമ്പ്യന്മാരായിട്ടുള്ളത്. ഇത്തവണ ചാമ്പ്യന്മാരായാല്‍ സിഎസ്‌കെയുടെ അലമാരയിലെ അഞ്ചാം ഐപിഎല്‍ കിരീടമായി അത് മാറും. ഐപിഎല്ലില്‍ കൂടുതല്‍ കിരീടം നേടിയ ടീമെന്ന റെക്കോഡില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കും. എന്നാല്‍ ഗുജറാത്തിനെ ഫൈനലില്‍ തോല്‍പ്പിക്കുകയെന്നത് വളരെ പ്രയാസമായിരിക്കുമെന്നുറപ്പ്.
കൂടാതെ സിഎസ്‌കെ നായകന്‍ എംഎസ് ധോണി 11ാം ഫൈനലാണ് കളിക്കാന്‍ പോവുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ ഫൈനല്‍ കളിച്ച താരമെന്ന റെക്കോഡ് ധോണിക്ക് ഊട്ടിയുറപ്പിക്കാനാവും. സിഎസ്‌കെയെ വിലക്കിയ രണ്ട് വര്‍ഷം റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു ധോണി. ഒരു തവണ പൂനെക്കൊപ്പം ഫൈനല്‍ കളിക്കാന്‍ ധോണിക്കായിരുന്നു. സിഎസ്‌കെയ്‌ക്കൊപ്പം ധോണി കളിക്കുന്ന 10ാമത്തെ കലാശപ്പോരാട്ടമാണിത്.
കൂടാതെ ഇന്നത്തെ ഫൈനല്‍ ധോണിയുടെ 250ാം ഐപിഎല്‍ മത്സരമാണിത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമെന്ന റെക്കോഡും ധോണിക്ക് സ്വന്തമാക്കാം. ഇതുവരെ ഐപിഎല്‍ ഫൈനല്‍ 180 റണ്‍സാണ് ധോണി നേടിയത്. ഗുജറാത്തിനെതിരേ 70 റണ്‍സ് നേടിയാല്‍ സുരേഷ് റെയ്‌നയെ മറികടന്ന് ഐപിഎല്‍ ഫൈനലില്‍ കൂടുതല്‍ റണ്‍സുള്ള താരമെന്ന റെക്കോഡിലേക്കെത്താനും ധോണിക്കാവും.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഫിനിഷര്‍ റോളിലിറങ്ങുന്ന ധോണി റെയ്‌നയുടെ ഈ റെക്കോഡ് നേട്ടം മറികടക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ ഈ സീസണില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. റെക്കോഡുകള്‍ തകര്‍ത്തെറിയുന്ന ഗില്ലിനെയും ഫൈനലില്‍ വലിയ നേട്ടമാണ് കാത്തിരിക്കുന്നത്.

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ ക്രിസ് ഗെയ്ല്‍, മൈക്ക് ഹസി, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെയെല്ലാം ഇതിനോടകം ഗില്‍ മറികടന്നു. നിലവില്‍ 851 റണ്‍സുമായി ഒരു സീസണില്‍ കൂടുതല്‍ റണ്‍സടിച്ചവരില്‍ മൂന്നാം സ്ഥാനത്താണ് ഗില്‍. ഫൈനലില്‍ 13 റണ്‍സ് നേടിയാല്‍ 2022ല്‍ ജോസ് ബട്‌ലര്‍ നേടിയ 863 റണ്‍സ് റെക്കോഡിനെ മറികടന്ന് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ഗില്ലിനാവും.
എന്നാല്‍ തലപ്പത്തേക്കെത്താന്‍ അല്‍പ്പം പ്രയാസമാണ്. 123 റണ്‍സ് നേടിയാലെ 973 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോഡിനെ തകര്‍ക്കാനാവു. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ഗില്ലിനാവുമോയെന്നത് കണ്ടറിയാം. നിലവില്‍ മൂന്ന് സെഞ്ച്വറിയാണ് ഈ സീസണില്‍ ഗില്‍ നേടിയത്. ഫൈനലില്‍ സെഞ്ച്വറി നേടിയാല്‍ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ കോലിക്കും ബട്‌ലര്‍ക്കുമൊപ്പമെത്താനും ഗില്ലിന് സാധിക്കും.
ഫൈനലില്‍ മുന്‍തൂക്കം ഗുജറാത്തിനാണ്. സ്വന്തം തട്ടകത്തിലിറങ്ങുന്ന ഗുജറാത്തിന് നേര്‍ക്കുനേര്‍ കണക്കിലും മുന്‍തൂക്കമുണ്ട്. നാല് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മൂന്ന് തവണയും ജയം ഹര്‍ദിക്കിനും സംഘത്തിനുമായിരുന്നു. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കായിരുന്നു. എന്നാല്‍ അത് ചെന്നൈയില്‍ നടന്ന മത്സരത്തിലായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.