അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ഫൈനലില്‍ സിഎസ്‌കെയ്‌ക്കെതിരേ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയിരിക്കുകയാണ് വൃദ്ധിമാന്‍ സാഹ. ശുബ്മാന്‍ ഗില്ലിനൊപ്പം ഒന്നാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച സാഹ 39 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 54 റണ്‍സുമായാണ് പുറത്തായത്. ദീപക് ചഹാറിന്റെ പന്തില്‍ എംഎസ് ധോണിയുടെ ക്യാച്ചിലാണ് സാഹയുടെ മടക്കം.
ഫൈനലില്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയതോടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് വൃദ്ധിമാന്‍ സാഹ. ഐപിഎല്‍ ഫൈനലില്‍ ഫിഫ്റ്റി നേടുന്ന പ്രായം കൂടിയ താരമെന്ന നേട്ടമാണ് ഗുജറാത്ത് ഓപ്പണറെ തേടിയെത്തിയിരിക്കുന്നത്. ഷെയ്ന്‍ വാട്‌സണിന്റെ പേരിലുള്ള റെക്കോഡാണ് സാഹ സ്വന്തം പേരിലാക്കിയത്. 38 വയസും 217 ദിവസവുമാണ് സാഹയുടെ നിലവിലെ പ്രായം.

2019ല്‍ വാട്‌സണ്‍ ഈ നേട്ടം സ്വന്തം പേരിലാക്കുമ്പോള്‍ 37 വയസും 329 ദിവസവുമായിരുന്നു പ്രായം. 2021ല്‍ ഫഫ് ഡുപ്ലെസിസ് ഫൈനലില്‍ ഫിഫ്റ്റി നേടുമ്പോള്‍ 37 വയസും 94 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 2012ല്‍ മൈക്ക് ഹസി ഫൈനലില്‍ ഫിഫ്റ്റി നേടുമ്പോഴുള്ള പ്രായം 37 വയസായിരുന്നു. ഇന്ത്യ ടി20യില്‍ ഇതുവരെ പരിഗണിക്കാത്ത താരമാണെങ്കിലും ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോഡുകള്‍ സാഹക്ക് അവകാശപ്പെടാം.
2014ലെ ഫൈനലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സാഹ. കിങ്‌സ് 11 പഞ്ചാബിനായി കളിക്കവെ കെകെആറിനെതിരേയായിരുന്നു സാഹയുടെ നേട്ടം. ഇപ്പോള്‍ സിഎസ്‌കെയ്‌ക്കെതിരേയും സാഹ ഗംഭീര ഫിഫ്റ്റി നേടിയിരിക്കുകയാണ്. ഇതോടെ ഐപിഎല്‍ ഫൈനലില്‍ ഒന്നിലധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് സാഹയെത്തിയിരിക്കുകയാണ്.
മൈക്ക് ഹസി, സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സണ്‍, രോഹിത് ശര്‍മ എന്നിവരോടൊപ്പമാണ് സാഹയെത്തിയിരിക്കുന്നത്. കൂടാതെ ഐപിഎല്‍ ഫൈനലില്‍ ഒന്നിലധികം തവണ 50ലധികം റണ്‍സ്‌നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാവാനും സാഹക്കായി. ഓരോ തവണ ഈ നേട്ടത്തിലെത്തിയ എംഎസ് ധോണി, മന്‍വീന്ദര്‍ ബിസ് ല, റിഷഭ് പന്ത് എന്നിവരുടെ റെക്കോഡാണ് സാഹ തകര്‍ത്തത്.

രണ്ട് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഫൈനലില്‍ 50ലധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും സാഹ സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് സാഹയെന്ന് പറയാം. ഐപിഎല്ലില്‍
174 പുറത്താക്കലുകള്‍ നടത്തിയിട്ടുള്ള താരമാണ് സാഹ. വിക്കറ്റിന് പിന്നില്‍ ഇപ്പോഴും ഗംഭീര പ്രകടനം നടത്താന്‍ സാഹക്ക് സാധിക്കുന്നുണ്ട്. വലിയ മത്സരങ്ങളില്‍ തിളങ്ങാന്‍ സവിശേഷമായ കഴിവുള്ള താരമാണ് സാഹയെന്ന് അദ്ദേഹത്തിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.