അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ചാമ്പ്യന്‍ പട്ടം ചൂടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മഴ കളിച്ച ഫൈനലിനൊടുവില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 214 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ സിഎസ്‌കെ ബാറ്റിങ്ങിനിറങ്ങിയതിന് പിന്നാലെ മഴയെത്തുകയായിരുന്നു.
ഇതോടെ 15 ഓവറില്‍ 171 എന്ന നിലയിലേക്ക് സിഎസ്‌കെയുടെ വിജയലക്ഷ്യം പുനര്‍ നിശ്ചയിക്കപ്പെട്ടു. തട്ടകത്തില്‍ ഗുജറാത്ത് വലിയ വിജയ പ്രതീക്ഷയിലായിരുന്നുവെങ്കിലും അവസാന പന്തില്‍ ഗുജറാത്തിനെ സിഎസ്‌കെ തോല്‍പ്പിക്കുകയായിരുന്നു. അവസാന രണ്ട് പന്തില്‍ സിക്‌സും ഫോറും പറത്തിയാണ് രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്ക് അത്ഭുത ജയം സമ്മാനിച്ചത്.

ഹര്‍ദിക്കും സംഘവും തോല്‍വിയിലും തലയുയര്‍ത്തിത്തന്നെയാണ് നില്‍ക്കുന്നത്. ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ഫൈനലില്‍ തലകുനിക്കേണ്ടി വന്നു. എവിടെയാണ് ഗുജറാത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയത്?. തുടര്‍ച്ചയായ രണ്ടാം കിരീട മോഹത്തോടെ ഇറങ്ങിയ ഗുജറാത്തിന്റെ തോല്‍വിയുടെ മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.
ബാറ്റിങ്ങില്‍ ഗുജറാത്തിന് വലിയ പ്രശ്‌നങ്ങളില്ലായിരുന്നു. എല്ലാ പിഴവുകളും ബൗളിങ്ങിലായിരുന്നുവെന്ന് പറയാം. ബാറ്റിങ് ചെയ്തപ്പോള്‍ അവസാന രണ്ട് പന്ത് റാഷിദ് ഖാന്‍ പാഴാക്കിയത് മാത്രമാണ് പറയാന്‍ സാധിക്കുന്ന പിഴവ്. ആ അവസരത്തില്‍ ആ രണ്ട് പന്ത് പാഴാക്കിയത് വലിയ പ്രശ്‌നമല്ലായിരുന്നു. എന്നാല്‍ ഡെക്ക് വര്‍ത്ത് നിയമപ്രകാരം വിജയലക്ഷ്യം മാറിയപ്പോള്‍ ആ രണ്ട് പന്തിലെ സ്‌കോറുകൂടിയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിനത് ഗുണം ചെയ്യുമായിരുന്നുവെന്ന് പറയാം.
ഗുജറാത്തിന്റെ തോല്‍വിയുടെ പ്രധാന കാരണം റാഷിദ് ഖാന്റെ മോശം ഫോമായിരുന്നുവെന്ന് വിലയിരുത്താം. റാഷിദിന്റെ ബൗളിങ്ങില്‍ വലിയ പ്രതീക്ഷവെക്കുന്ന ടീമാണ് ഗുജറാത്ത്. പിച്ചില്‍ ഭേദപ്പെട്ട ടേണും ലഭിച്ചതോടെ റാഷിദ് സിഎസ്‌കെയുടെ അന്തകനാവുമെന്ന് കരുതപ്പെട്ടു. എന്നാല്‍ മൂന്ന് ഓവറില്‍ 44 റണ്‍സാണ് താരം വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടാനായില്ല. 14.66 ഇക്കോണമിയിലാണ് റാഷിദ് തല്ലുവാങ്ങിയത്.
സിഎസ്‌കെ താരങ്ങള്‍ റാഷിദിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പറയാം. റാഷിദിന് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയത് ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായി. മറ്റൊരു സ്പിന്നറായ നൂര്‍ അഹമ്മദ് മൂന്നോവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോഴാണ് റാഷിദിന്റെ നിറം മങ്ങിയ പ്രകടനം. ബാറ്റിങ്ങിലിറങ്ങി അവസാന രണ്ട് പന്ത് പാഴാക്കുകയും ബൗളിങ്ങില്‍ ദുരന്തമായും റാഷിദ് മാറിയത് ഗുജറാത്തിനെ പിന്നോട്ടടിച്ചു.

പവര്‍പ്ലേയില്‍ ഒന്നിലധികം വിക്കറ്റ് നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഗുജറാത്തിന്റെ ശൈലി. ഇത് ഗംഭിയായി ചെയ്തിരുന്നത് മുഹമ്മദ് ഷമിയാണെന്ന് പറയാം. എന്നാല്‍ ഫൈനലില്‍ ഷമിയും നിരാശപ്പെടുത്തി. മൂന്ന് ഓവറില്‍ 29 റണ്‍സാണ് ഷമി വിട്ടുകൊടുത്തത്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് ജേതാവാണ് ഷമിയെങ്കിലും ഫൈനലില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല.
ഇംപാക്ട് പ്ലയര്‍ താരമായെത്തിയ ജോഷ് ലിറ്റിലും നിര്‍ണ്ണായക മത്സരത്തില്‍ നിരാശപ്പെടുത്തി. രണ്ടോവറില്‍ 30 റണ്‍സാണ് ലിറ്റില്‍ വഴങ്ങിയത്. ഹര്‍ദിക് പാണ്ഡ്യയെ ഫിറ്റ്‌നസ് പ്രശ്‌നം അലട്ടുന്നതിനാല്‍ ബൗളിങ്ങില്‍ ഇപ്പോള്‍ ഫോമില്ല. ഒരോവര്‍ എറിഞ്ഞ് 14 റണ്‍സാണ് താരം വിട്ടുകൊടുത്തത്. മഴ പെയ്ത് പിച്ചില്‍ ഈര്‍പ്പം നിറഞ്ഞതോടെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസമാവുകയും ചെയ്തു.
പന്ത് നന്നായി തെന്നുന്നതിനാല്‍ പേസര്‍മാര്‍ക്ക് മികച്ച നിയന്ത്രണമില്ലായിരുന്നു. കൂടാതെ ഭാഗ്യം സിഎസ്‌കെയെക്കൊപ്പമായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അവസാന ഓവര്‍ മോഹിത് ശര്‍മ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന രണ്ട് പന്തുകളില്‍ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ഷോട്ടുകള്‍ ടീമിന് ജയം സമ്മാനിക്കുകയായിരുന്നു. മോഹിത് ശര്‍മ മൂന്ന് വിക്കറ്റുകളുമായി ഫൈനലില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.