അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടിയിരിക്കുകയാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ അഞ്ചാം കിരീട നേട്ടത്തിലേക്കെത്തിയത്. മഴ വില്ലനായെത്തുകയും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിക്കപ്പെടുകയും ചെയ്തപ്പോള്‍ അവസാന പന്തില്‍ സിഎസ്‌കെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഇത്തവണ സിഎസ്‌കെ കപ്പിലേക്കെത്തിയതോടെ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു. ഈ സീസണിലുടെനീളം വിരമിക്കല്‍ സൂചനകള്‍ ധോണി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മത്സരശേഷം ഈ സീസണോടെ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ധോണി. 41ാം വയസിലും വിസ്മയിപ്പിക്കുകയും സിഎസ്‌കെയെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്യാന്‍ ധോണിക്ക് സാധിച്ചിരിക്കുകയാണ്.

അതുകൊണ്ട് തന്നെ അടുത്ത സീസണിലും കളിക്കാനാവുമെന്ന പ്രതീക്ഷയാണ് ധോണി പങ്കുവെച്ചത്. 'എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. പക്ഷെ എല്ലായിടത്തുനിന്നും എനിക്ക് ലഭിക്കുന്ന അളവില്‍ കൂടുതലുള്ള സ്‌നേഹം. ഇതില്‍ നിന്ന് നടന്നുനീങ്ങുകയെന്നത് എളുപ്പവും ഒമ്പത് മാസത്തോളം കഠിന പ്രയത്‌നം നടത്തി അടുത്ത ഐപിഎല്‍ കളിക്കുകയെന്നത് പ്രയാസകരവുമായ കാര്യവുമാണ്.
എല്ലാം ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. തീരുമാനമെടുക്കാന്‍ 6-7 മാസം എനിക്ക് മുന്നിലുണ്ട്. ഈ ശാരീക ക്ഷമത എനിക്ക് കിട്ടിയ അനുഗ്രഹമാണ്. ഒട്ടും എളുപ്പമല്ല. ആരാധകരുടെ ഈ സ്‌നേഹം കാണുമ്പോള്‍ അവര്‍ക്കായി ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതായുണ്ടെന്നാണ് തോന്നുന്നത്'- ധോണി പറഞ്ഞു. സിഎസ്‌കെ കേവലം ടീമെന്നതിലുപരിയായി ആരാധകര്‍ക്ക് വികാരമാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെയുടെ കിരീട നേട്ടം ആരാധകര്‍ക്ക് അതിരുകളില്ലാത്ത ആവേശമായി മാറുന്നു.
ആരാധകരുമായുള്ള വൈകാരിക സ്‌നേഹ ബന്ധത്തെക്കുറിച്ചും ധോണി സംസാരിച്ചു. ' ഇതെന്റെ കരിയറിന്റെ അവസാന സമയമായതിനാല്‍ അല്‍പ്പം വൈകാരികമായാണ് ഇതെല്ലാം അനുഭവപ്പെടുന്നത്. ആദ്യ മത്സരത്തിന് ഞാന്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും എന്റെ പേരാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്റെ കണ്ണുനിറയുകയും അല്‍പ്പ സമയം ഡെഗൗട്ടിലേക്ക് പോവുകയും ചെയ്തു.
ഇത് ഞാന്‍ ആസ്വദിക്കണമെന്നത് തിരിച്ചറിഞ്ഞു. ഞാന്‍ ഇന്നെത്തിനില്‍ക്കുന്നതിന് പിന്നില്‍ അവരുടെ സ്‌നേഹമുണ്ട്. എന്റെ ശൈലിയില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് മൈതാനത്തുള്ള പലരും ചിന്തിക്കുന്നത്. അതിനാല്‍ അവര്‍ക്ക് മറ്റാരെക്കാളും എന്നോട് സ്‌നേഹ ബന്ധം സൃഷ്ടിക്കാന്‍ സാധിക്കും. ഞാന്‍ എന്നെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഞാനല്ലാത്ത ഒരു രീതിയില്‍ എന്നെത്തന്നെ ചിത്രീകരിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

ഓരോ ട്രോഫികളും സവിശേഷമാണ്. എന്നാല്‍ ഐപിഎല്ലിന്റെ പ്രത്യേകത ക്രഞ്ച് ഗെയിമുകള്‍ക്ക് നമ്മള്‍ തയ്യാറാവണമെന്നതാണ്'- ധോണി മത്സരശേഷം പറഞ്ഞു. ഇത്തവണത്തെ കിരീടത്തോടെ വലിയ നേട്ടത്തിലേക്കാണ് സിഎസ്‌കെയും ധോണിയും എത്തിയിരിക്കുന്നത്. സിഎസ്‌കെയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. ഐപിഎല്ലിലെ കിരീട നേട്ടക്കാരില്‍ മുംബൈയുടെ അഞ്ച് കിരീട റെക്കോഡിനൊപ്പമെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു.
നായകനെന്ന നിലയില്‍ ധോണിയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. ഇതോടെ രോഹിത് ശര്‍മയുടെ അഞ്ച് കിരീട റെക്കോഡിനൊപ്പമെത്താന്‍ ധോണിക്ക് സാധിച്ചു. നായകനായി കൂടുതല്‍ ടി20 ഫൈനല്‍ കളിക്കുന്ന ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിന്റെ ഒമ്പതാം ടി20 ഫൈനലാണ് ഇന്നലെ നടന്നത്. ധോണിയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി ഈ കിരീടം മാറിയെന്ന് പറയാം.
2007ല്‍ ടി20 ലോകകപ്പ്, 2010ല്‍ ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ്, ഏഷ്യാ കപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, ഐപിഎല്‍ കിരീടം, 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി, 2014ല്‍ ചാമ്പ്യന്‍സ് ലീഗ്, 2016ല്‍ ഏഷ്യാ കപ്പ്, 2018, 2021, 2023ല്‍ ഐപിഎല്‍ എന്നിങ്ങനെയാണ് ധോണിയുടെ കരിയറിലെ കിരീടങ്ങള്‍. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും പകരംവെക്കാനില്ലാത്ത പ്രതിഭയായി ധോണി ഇനിയും മുന്നോട്ട് പോകുമെന്ന് തന്നെ പ്രതീക്ഷിക്കാം.