അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സിഎസ്‌കെയ്‌ക്കെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടി ആദ്യം പന്തെറിഞ്ഞ സിഎസ്‌കെയ്ക്ക് തുടക്കം പിഴച്ചപ്പോള്‍ ഒന്നാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. തുടക്കത്തിലേ ശുബ്മാന്‍ ഗില്ലിനെ ദീപക് ചഹാര്‍ കൈവിട്ടതാണ് ഗുജറാത്തിന് അടിത്തറ പാകിയത്.
എന്നാല്‍ ഗുജറാത്തിന്റെ നട്ടെല്ലായ ശുബ്മാന്‍ ഗില്ലിനെ മിന്നല്‍ സ്റ്റംപിങ്ങുകൊണ്ട് പുറത്താക്കി കൈയടി നേടുകയാണ് സിഎസ്‌കെ നായകന്‍ എംഎസ് ധോണി. രവീന്ദ്ര ജഡേജയുടെ ഓവറില്‍ പന്ത് അല്‍പ്പം ടേണ്‍ ചെയ്തപ്പോള്‍ ഗില്ലിന്റെ ഫുട്‌സ്റ്റെപ്പ് പിഴച്ചു. ഞൊടിയിടയില്‍ പന്ത് പിടിച്ചെടുത്ത് ധോണി ചെയ്ത സ്റ്റംപിങ്ങില്ലാണ് ഗില്‍ പുറത്തായത്. 20 പന്തില്‍ ഏഴ് ബൗണ്ടറിയടക്കം 39 റണ്‍സുമായാണ് ഗില്‍ മടങ്ങിയത്.

വിക്കറ്റിന് പിന്നിലെ മഹേന്ദ്രജാലമാണ് ഗില്ലിനെ പുറത്താക്കിയതെന്ന് പറയാം. ഇതോടെ ധോണിയുടെ കീപ്പിങ് മികവിനെ വീണ്ടും വാഴ്ത്തുകയാണ് ആരാധകര്‍. മിന്നല്‍ വേഗമെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ധോണിയുടെ കീപ്പിങ് മികവിന് പകരക്കാരനില്ലെന്നാണ് ഒരിക്കല്‍ കൂടി തെളിയുന്നത്. ഗില്ലിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച വേഗത്തോടെയാണ് ധോണി സ്റ്റംപ് പിഴുതത്.
ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും ക്രീസില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ആരാധകര്‍ പറയുന്നത്. മുട്ടിന് പരിക്കേറ്റിട്ടും 41ാം വയസിലും ഇത്രയും മികച്ച രീതിയില്‍ കീപ്പ് ചെയ്യാന്‍ ധോണിക്ക് മാത്രമെ സാധിക്കൂവെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. ധോണിയെപ്പോലെ കൗശലക്കാരനായ മറ്റൊരു നായകനോ കീപ്പറോ ലോക ക്രിക്കറ്റ് ചരിത്രത്തിലില്ലെന്നാണ് ആരാധകര്‍ പ്രശംസിക്കുന്നത്.
ധോണിയെന്നത് വെറും പേരല്ലെന്നും വികാരമാണെന്നുമാണ് ആരാധകര്‍ പറയുന്നത്. ആദം ഗില്‍ക്രിസ്റ്റിനെക്കാളും മികച്ച കീപ്പര്‍ ധോണിയാണെന്നും സ്റ്റംപിങ്ങില്‍ ധോണിയുടെ മികവിന് പകരം വെക്കാന്‍ ആരുമില്ലെന്നും ആരാധകര്‍ പറയുന്നു. മിന്നല്‍ വേഗതയിലാണ് ധോണി സ്റ്റംപ് പിഴുതത്. അദ്ദേഹത്തിന്റെ മികവിന് പകരംവെക്കാന്‍ ഇനിയൊരു താരം പിറക്കേണ്ടിയിരിക്കുന്നു.
സിഎസ്‌കെ താരങ്ങള്‍ നിരവധി ഫീല്‍ഡിങ് പിഴവുകളാണ് തുടക്കത്തിലേ വരുത്തിയത്. എന്നാല്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങിലൂടെ സമ്മര്‍ദ്ദം മാറി സിഎസ്‌കെ ഫീല്‍ഡര്‍മാര്‍ താളം കണ്ടെത്തി. വൃദ്ധിമാന്‍ സാഹയുടെ ക്യാച്ചും നേടാന്‍ ധോണിക്കായി. സമ്മര്‍ദ്ദങ്ങളില്‍ ധോണിയെപ്പോലെ ശാന്തനായ മറ്റൊരു താരവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ടി20യില്‍ 300 പുറത്താക്കലുമായി ധോണി റെക്കോഡിട്ടിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ധോണി. 296 പുറത്താക്കലുമായി ദിനേഷ് കാര്‍ത്തികാണ് രണ്ടാം സ്ഥാനത്ത്. 174 പുറത്താക്കല്‍ നടത്തി വൃദ്ധിമാന്‍ സാഹയും 172 പുറത്താക്കലുമായി സുരേഷ് റെയ്‌നയും 170 പുറത്താക്കലുമായി വിരാട് കോലിയുമാണ് പട്ടികയില്‍ പിന്നാലെയുള്ളത്.