ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആവേശകരമായ പോരാട്ടമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മില്‍ നടന്നത്. റണ്ണൊഴുക്ക് കണ്ട മത്സരത്തില്‍ 12 റണ്‍സിന്റെ ജയം സിഎസ്‌കെയ്ക്കായിരുന്നു. തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടാനായത്.
സിഎസ്‌കെയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ലഖ്‌നൗവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. തട്ടകത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും നിറം മങ്ങിയ ജയമാണ് സിഎസ്‌കെയ്ക്ക് നേടാനായത്. മത്സരം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ അംപയറുടെ ഗുരുതര പിഴവ് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് അര്‍ഹിച്ച അഞ്ച് റണ്‍സ് നഷ്ടമാക്കിയെന്നാണ് ആരോപണം.

അംപയര്‍ സിഎസ്‌കെയ്ക്കുവേണ്ടി ഒത്തുകളിച്ചോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ലഖ്‌നൗവിന് പെനാല്‍റ്റിയിലൂടെ അഞ്ച് റണ്‍സ് ലഭിക്കേണ്ടതായിരുന്നെങ്കിലും അംപയര്‍ അത് കാണാതെ പോയതിനാല്‍ ലഖ്‌നൗവിന് അഞ്ച് റണ്‍സ് ലഭിക്കാതെ പോവുകയായിരുന്നു. അഞ്ച് റണ്‍സ് ലഭിച്ചിരുന്നെങ്കില്‍ ചെന്നൈയില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് ചരിത്ര ജയം നേടാന്‍ ചിലപ്പോള്‍ ലഖ്‌നൗവിന് സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ലഖ്‌നൗ ബാറ്റ് ചെയ്ത 19ാം ഓവറിലാണ് വിവാദ സംഭവം. ആയുഷ് ബദോനിയുടെ ഷോട്ട് ബൗണ്ടറിലൈനിനരികെ സിഎസ്‌കെ താരം റുതുരാജ് ഗെയ്ക് വാദ് തടഞ്ഞു. എന്നാല്‍ വീഴാന്‍ പോകുന്ന ശ്രമത്തിനിടെ റുതുരാജ് പന്ത് തന്റെ തൂവാലയില്‍ പിടിച്ചാണ് എഴുന്നേറ്റത്. ക്രിക്കറ്റ് നിയമപ്രകാരം ഫീല്‍ഡിങ് ചെയ്യുന്ന സമയത്ത് ഇത്തരത്തില്‍ മറ്റൊരു വസ്തുക്കളുമായി പന്ത് ടെച്ച് ചെയ്യാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് നിയമവിരുദ്ധമായി കളിക്കാക്കപ്പെടും.

ഇതിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി വിധിക്കാവുന്നതാണ്. എന്നാല്‍ സിഎസ്‌കെയുടെ റുതുരാജ് മനപൂര്‍വമല്ലെങ്കിലും ഇത്തരത്തില്‍ അബദ്ധം കാട്ടിയത് അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കാവുന്ന കുറ്റമാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ തൂവാതെ പന്തുമായി സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ഈ അബദ്ധത്തിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി വിധിക്കേണ്ടതായിരുന്നു.
പക്ഷെ ഇത് അനുവദിക്കപ്പെട്ടില്ല. മത്സരത്തില്‍ ജയ പരാജയങ്ങള്‍ മാറിമറിയുന്ന സമയത്തായിരുന്നു സിഎസ്‌കെയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പിഴവുണ്ടായത്. എന്നാല്‍ സിഎസ്‌കെ ടീമിന്റെ ഭാഗ്യംകൊണ്ട് ഇത് അംപയറുടെ ശ്രദ്ധയില്‍ പെട്ടില്ല. കമന്ററി ബോക്‌സിലിരുന്ന് സുനില്‍ ഗവാസ്‌കര്‍ ഈ പിഴവ് പിന്നീട് വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് നിയമപ്രകാരം ചെയ്യാന്‍ പാടില്ലാത്തതാണ് റുതുരാജ് ചെയ്തത്.
അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കാവുന്ന കുറ്റമാണെന്നും ഗവാസ്‌കര്‍ പ്രതികരിച്ചിരുന്നു. ആ സമയത്ത് അഞ്ച് റണ്‍സ് പെനാല്‍റ്റി റണ്‍സായി വന്നിരുന്നെങ്കില്‍ മത്സരഫലം മാറിമറിയാന്‍ സാധ്യതകളേറെയായിരുന്നു. എന്തായാലും സിഎസ്‌കെയെ സംബന്ധിച്ച് അംപയറുടെ അശ്രദ്ധ ഗുണം ചെയ്‌തെങ്കിലും ലഖ്‌നൗവിനത് കടുത്ത തിരിച്ചടിയായി മാറുകയായിരുന്നു. ലഖ്‌നൗവിന് ചരിത്ര ജയം ചെന്നൈയില്‍ നേടാനുള്ള അവസരമാണ് നഷ്ടമായത്.

സിഎസ്‌കെയ്ക്ക് ബാറ്റിങ്ങില്‍ കരുത്തായത് റുതുരാജ് ഗെയ്ക് വാദിന്റെയും (57), ഡെവോണ്‍ കോണ്‍വേയുടെയും (47) ബാറ്റിങ്ങാണ്. മറുപടിക്കിറങ്ങിയ ലഖ്‌നൗവിനായി കെയ്ല്‍ മെയേഴ്‌സ് (53) അര്‍ധ സെഞ്ച്വറിയോടെ തിരിച്ചടിച്ചെങ്കിലും മികച്ച പിന്തുണ ലഭിക്കാതെ വന്നതോടെ ടീം തോല്‍ക്കുകയായിരുന്നു. നിക്കോളാസ് പൂരന്‍ (32), ആയുഷ് ബദോനി (23) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. എന്നാല്‍ ഫിനിഷ് ചെയ്യാന്‍ ലഖ്‌നൗവിന് സാധിക്കാതെ പോയി.
സിഎസ്‌കെയ്ക്കായി നാല് വിക്കറ്റ് നേടിയ മോയിന്‍ അലിയാണ് കളിയിലെ താരമായത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ സിഎസ്‌കെയ്ക്ക് ലഖ്‌നൗവിനെതിരായ ജയം നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. അതേ സമയം ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് ലഖ്‌നൗ രണ്ടാം മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റത്.